'സ്വര്‍ഗതുല്യമായ സ്വാദും നരകതുല്യമായ ഗന്ധവും!' ('A Hellish smell but a Heavenly taste') സാക്ഷാല്‍ വാനിലയുടെയും ബദാമിന്റെയും കരാമലിന്റെയും സമ്മിശ്രമായ സ്വാദ് എന്ന് ചിലര്‍; ഇനിയും ചിലര്‍ക്ക് വാനിലയുടെയും വെളുത്തുള്ളിയുടെയും കുരുമുളകിന്റെയും പതപ്പിച്ചെടുത്ത ക്രീമിന്റെയും സ്വാദാണ്; കഴിച്ചാല്‍ രസമുകുളങ്ങളെ ത്രസിപ്പിക്കുന്ന, ദീര്‍ഘനേരം തങ്ങിനില്‍ക്കുന്ന സവിശേഷ സ്വാദ് എന്ന് പറയുന്നവരും കുറവല്ല. പറഞ്ഞുവരുന്നത് 'ഫലങ്ങളിലെ രാജന്‍' (King of Fruits) എന്ന് പേരെടുത്ത ദുരിയന്‍ പഴത്തെക്കുറിച്ചാണ്. സ്വാദില്‍ ഇത്രയേറെ വൈവിധ്യം പുലര്‍ത്തുന്ന മറ്റു പഴങ്ങള്‍ കുറവ്. എന്നാല്‍ ഇതിന്റെ ഗന്ധത്തെക്കുറിച്ചറിഞ്ഞാലോ? ഇത്രയും സ്വാദൂറും പഴത്തിന് ഇങ്ങനെയൊരു ഗന്ധമോ എന്ന് ആരും കരുതിപ്പോകും. 'ദുര്‍ഗന്ധവാഹി' എന്നൊറ്റ വാക്കില്‍ പറയാമെങ്കിലും നേരത്തെ സ്വാദ് വര്‍ണിച്ചതുപോലെ ദുരിയന്‍ പഴത്തിന്റെ ഗന്ധവും പണ്ടേക്കു പണ്ടേ അനുഭവസ്ഥര്‍ വര്‍ണിച്ചിട്ടുണ്ട്. 'ദുര്‍ഗന്ധമുള്ള പാല്‍ക്കട്ടി, മലിനജലം, അഴുകിയ ഉള്ളി, ഗന്ധകം, ടര്‍പ്പന്റൈന്‍' - ഇങ്ങനെ ദുരിയന്‍ പഴത്തിന്റെ സ്വതസിദ്ധമായ ഗന്ധം വര്‍ണിക്കാന്‍ പല വസ്തുക്കളെയും അനുഭവസ്ഥര്‍ കൂട്ടുപിടിക്കുന്നു. 

To advertise here,

പാവം ദുരിയന്‍, പ്രകൃതി നല്‍കിയ ദുര്‍ഗന്ധം ഏറ്റുവാങ്ങി, പലകുറി പഴികേട്ടു. എങ്കിലും ഇന്നും ലോകമെങ്ങുമുള്ള ഫലപ്രേമികളുടെ ഇഷ്ടഫലമാണ് ദുരിയന്‍ എന്ന കാര്യത്തില്‍ തെല്ലും സംശയമില്ല. ആര്‍ക്കെല്ലാം ദുരിയന്‍ മോശക്കാരനെന്ന് പറഞ്ഞാലും തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ദുരിയന്‍ 'ഫലങ്ങളിലെ രാജന്‍' എന്ന ഓമനപേരിലാണറിയപ്പെടുന്നത്. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളായ മലേഷ്യ, തായ്‌ലന്റ്, ഇന്തോനേഷ്യ, കമ്പോഡിയ, വിയറ്റ്‌നാം, ശ്രീലങ്ക, ചൈനയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ജനപ്രിയ ഫലമാണ് ദുരിയന്‍. ലോകത്ത് ആകെ ഉല്പാദിപ്പിക്കുന്ന ദുരിയന്‍ പഴത്തിന്റെ 90 ശതമാനവും മലേഷ്യയുടെയും തായ്‌ലന്റിന്റെയും സംഭാവനയാണ്.

കടക്ക് പുറത്ത്!

കഥകള്‍ ഇതൊക്കെയെങ്കിലും ഏറെ നിരോധനം പലയിടത്തും അനുഭവിക്കുന്ന ഫലം കൂടെയാണ് ദുരിയന്‍ എന്നത് യാഥാര്‍ത്ഥ്യം. ഒരു വശത്ത് ഇഷ്ടവിഭവം എന്ന് പറയുമ്പോഴും തായ്‌ലൻഡ്, ജപ്പാന്‍, സിങ്കപ്പുർ, ഹോങ്‌കോങ് എന്നീ രാജ്യങ്ങളില്‍ പൊതുഗതാഗത സംവിധാനങ്ങളിലൊന്നും ദുരിയന് പ്രവേശനമില്ല. ഈ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലും ഹോട്ടലുകളിലും എല്ലാം 'ദുരിയന്‍ പഴങ്ങള്‍ക്ക് പ്രവേശനമില്ല' എന്നയര്‍ത്ഥത്തില്‍ 'No Durians Allowed' എന്ന ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നതും പതിവുകാഴ്ച. പൊതുജനങ്ങള്‍ കൂടുന്ന ഒരിടത്തും ദുരിയന് പ്രവേശനമില്ല എന്നത് ചുരുക്കം!

2018ല്‍ ദുരിയന്‍ പഴങ്ങള്‍ കാര്‍ഗോയില്‍ കയറ്റി എന്ന ഒറ്റക്കാരണം കൊണ്ടു മാത്രം ഒരു ഇന്തോനേഷ്യന്‍ വിമാനം തന്നെ ഏറെത്താമസിച്ചാണ് യാത്ര പുറപ്പെട്ടത്. വിമാനത്തില്‍ നിന്ന് ദുരിയന്‍ പഴങ്ങള്‍ മാറ്റാതെ യാത്ര പുറപ്പെടാന്‍ യാത്രക്കാര്‍ സമ്മതിക്കാത്തതായിരുന്നു കാരണം. സിങ്കപ്പുർ മെട്രോയിലാകട്ടെ ദുരിയന്‍ പഴവും കൊണ്ട് ആരെയും പ്രവേശിപ്പിക്കുകയേയില്ല. ഒന്നുകില്‍ മെട്രോയില്‍ കയറുന്നതിന് മുമ്പ് പഴം കഴിച്ചു തീര്‍ക്കണം. അല്ലെങ്കില്‍ കയ്യിലുള്ള ദുരിയന്‍ കളഞ്ഞിട്ടു വേണം മെട്രോയില്‍ കയറാന്‍. ഇനി അബദ്ധത്തിനെങ്ങാനും സിങ്കപ്പുരിലെ ഏതെങ്കിലും ഹോട്ടലില്‍ വെച്ച് ദുരിയന്‍ സ്വകാര്യമായി കഴിക്കുന്നു എന്നറിഞ്ഞ് പിടിക്കപ്പെട്ടാല്‍ 400 യു.എസ്. ഡോളര്‍ പിഴ ഒടുക്കേണ്ടിയും വരും. തായ്‌ലന്റിലും ജപ്പാനിലും ഹോങ്‌കോങ്ങിലുമൊക്കെയാണെങ്കില്‍ 2000 ബാത്താണ് പിഴ. 

placeholder
മലേഷ്യയിലെ ബട്ടു ഒരു ഫാമിലെ ദുരിയാൻ പഴം | Photo: Mohd RASFAN / AFP

എങ്കിലും സ്റ്റാറ്റസ് സിംബല്‍

കിലോയ്ക്ക് 500 രൂപയിലേറെ വിലയുള്ള ദുരിയന്‍ പഴം പക്ഷേ ചൈനയില്‍ ആഡംബരത്തിന്റെ അടയാള (Status Symbol)മാണ്. ചൈനയില്‍ നിരവധി ഹോട്ടലുകളിലെയും റെസ്റ്റോറന്റുകളിലെയും ഭക്ഷ്യവിഭവങ്ങളിലും പാനീയങ്ങളിലും ദുരിയന്‍ പഴം ഒരു ചൂടന്‍ചേരുവയാണ്. എന്നു മാത്രമല്ല, ആഘോഷവേളകളിലും ആചാരമുഹൂര്‍ത്തങ്ങളിലും ഗിഫ്റ്റായി നല്‍കാനും ദുരിയന്‍ പഴത്തിനാണ് മുന്തിയ ഡിമാന്റ്. വിവാഹിതരായ നവവധൂ-വരന്‍മാര്‍ക്കും ഭാവിയിലെ ഭാര്യയുടെയും ഭര്‍ത്താവിന്റെയും ബന്ധുക്കള്‍ക്കും ദുരിയന്‍ സമ്മാനമായി നല്‍കുന്ന പതിവുണ്ട്. പ്രണയത്തിന്റെ പ്രതീകമായി തന്റെ പെണ്‍സുഹൃത്തിന് ദുരിയന്‍ സമ്മാനിക്കുന്ന യുവാക്കളും ചൈനയില്‍ ഏറെ. നേരത്തെ ചൈനയില്‍ ഇതായിരുന്നില്ല പതിവ്. വിവാഹ സമ്മാനമായി നല്‍കിയിരുന്നത് മുന്തിരി, പാല്‍, ഉണക്കിയ കൂണ്‍, പന്നിയിറച്ചിയില്‍ തയ്യാറാക്കിയ സോസേജ് എന്നിവയായിരുന്നു. ഇതില്‍ മുന്തിരിയെയാണ് ദുരിയന്‍ പഴം മാറ്റിയിരിക്കുന്നത്.

ചൈനയില്‍ ദുരിയന്റെ മേന്മയെക്കുറിച്ച് പഴയ കാരണവന്മാര്‍ പറഞ്ഞ് കൈമാറി വരുന്ന ഒരു പഴഞ്ചൊല്ലുണ്ട്. 'ദുരിയന്‍ വളരെ പോഷകസമ്പന്നമാണ്. ഒരു ദുരിയന്‍ പഴം കഴിയ്ക്കുന്നത് മൂന്ന് കോഴികളുടെ ഇറച്ചി കഴിക്കുന്നതിന് തുല്യമാണ്' എന്നതാണത്. ചൈനയിലെ കഫേകളിലും ബേക്കറികളിലും ദുരിയന്‍ ചേര്‍ത്ത കേക്കുകളും ഒക്കെ സുലഭം. സാധാരണക്കാര്‍ക്കുപോലും മാസത്തില്‍ ഒരു ദുരിയന്‍ പഴം എങ്കിലും കഴിക്കണം എന്ന് നിര്‍ബന്ധം. ഒരു കിലോയ്ക്ക് 40 മുതല്‍ 60 യുവാന്‍ വരെയാണ് വില. ദുരിയനോട് ചൈനീസ് ജനതയ്ക്ക് അനുദിനം വര്‍ധിച്ചുവരുന്ന കടുത്ത പ്രേമം ഒരര്‍ത്ഥത്തില്‍ മറ്റ് ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്ക് വലിയ അനുഗ്രഹമാണ്. കഴിഞ്ഞ വര്‍ഷം മാത്രം ചൈന ദുരിയന്‍ വളര്‍ത്തുന്ന ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് 6.7 ലക്ഷം കോടി ഡോളറിനുള്ളതാണ് ഇറക്കുമതി ചെയ്തത്. ഇക്കൂട്ടത്തില്‍ തായ്‌ലൻഡ്, മലേഷ്യ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഏറ്റവുമധികം കയറ്റുമതി നടക്കുന്നത്. ദുരിയന്‍ കൃഷിയും കയറ്റുമതിയും വഴി മാത്രം ഇവിടങ്ങളിലെ നല്ലൊരു ഭാഗം സാധാരണ കര്‍ഷകരും ലക്ഷാധിപതികളായി മാറി.

വിയറ്റ്‌നാമിലും മറ്റും കാപ്പിച്ചെടികള്‍ മുറിച്ചു മാറ്റിയും ദുരിയന്‍ നടുന്ന പ്രവണത വ്യാപകമായിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദശാബ്ദത്തിനുള്ളില്‍ തായ്‌ലൻഡിൽ ദുരിയന്‍ കൃഷി ചെയ്യുന്ന സ്ഥലവൃസ്തൃതി നേരെ ഇരട്ടിയായി വര്‍ധിച്ചിരിക്കുന്നു. മലേഷ്യയിലാകട്ടെ മലമ്പ്രദേശങ്ങളില്‍ പോലും വനങ്ങള്‍ വെട്ടിത്തെളിച്ച് ദുരിയന്‍ വ്യാപകമായി നടാന്‍ തുടങ്ങിയിരിക്കുന്നു. ഇതെല്ലാം ചീനരുടെ വര്‍ധിച്ചുവരുന്ന ദുരിയന്‍ പ്രേമത്തെത്തുടര്‍ന്നുണ്ടായ മാറ്റങ്ങളാണ് എന്ന കാര്യത്തില്‍ സംശയമില്ല. ചുരുക്കത്തില്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ തലവര മാറ്റി എഴുതിയ അപൂര്‍വഫലം എന്ന ബഹുമതിയും ദുരിയന്‍ കരസ്ഥമാക്കിയിരിക്കുന്നു എന്ന് പറയാം.

placeholder
ക്വലാലംപൂരിലെ ദുരിയാൻ കച്ചവടക്കാർ | Photo: Vincent Thian/ AP 

ദുരിയന്‍ ഗന്ധം- കഥയും കാര്യവും

ഇത്രയും മധുരതരമായ പഴത്തിന് മനംമടുപ്പിക്കുന്ന ഗന്ധം എങ്ങനെ കിട്ടി? ഇതെക്കുറിച്ച് ദുരിയന്‍ വളര്‍ത്തുന്ന രാജ്യങ്ങളിലെല്ലാം ചില കഥകള്‍ പ്രചരിച്ചിട്ടുണ്ട്. ഗുഹാവാസിയായി ഏകാന്തജീവിതം നയിക്കുന്ന ഒരു തപസ്വി ആയിരുന്നു ഇംപിറ്റ് പുരോക്. രാജ്യത്തെ മുതിര്‍ന്ന ഒരു രാജാവിന് തന്റെ വധുവാകാന്‍ ഒരു സ്ത്രീയെ ആകര്‍ഷിക്കുന്നതിനായി പുരോക് ഒരു പ്രത്യേകതരം പഴം വിവിധ ഫലങ്ങളുടെ അംശം കൂട്ടിച്ചേര്‍ത്ത് ഉണ്ടാക്കിക്കൊടുത്തു. പുരോക് ഉത്പാദിപ്പിച്ചു നല്‍കിയ പഴം ഫലം കണ്ടു. രാജാവിന്റെ വിവാഹവും നടന്നു. എന്നാല്‍ തന്നെ ഇതിന് സഹായിച്ച തപസ്വിയായ ഇംപിറ്റ് പുരോകിനെ വിവാഹത്തിന് ക്ഷണിക്കാന്‍ രാജാവ് മറന്നു. ഇതറിഞ്ഞ ആ ഋഷിവര്യന്‍ ക്ഷുഭിതനായി. തന്റെ തപസിദ്ധിയാല്‍ നിര്‍മിച്ച പഴത്തെ അദ്ദേഹം ശപിച്ചു. അതിന് സ്ഥായിയായ ദുര്‍ഗന്ധമുണ്ടാകട്ടെ എന്നായിരുന്നു ശാപം. ഇങ്ങനെയാണത്രെ ദുരിയന്‍ പഴങ്ങള്‍ക്ക് അന്നുമുതല്‍ അസഹ്യമായ ദുര്‍ഗന്ധം കൈവന്നത്.

എന്നാല്‍ ഇതിന്റെ ശാസ്ത്ര വിശകലനം വ്യത്യസ്തമാണ്. പഴത്തിന്റെ ജനിതകസ്വഭാവവും വൈവിധ്യമാര്‍ന്ന ചില രാസസംയുക്തങ്ങളുടെ സാന്നിധ്യവുമാണ് ദുരിയന്‍ പഴത്തിന് സവിശേഷ ഗന്ധം നല്‍കുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട്. പഴത്തിന് ചീഞ്ഞ മുട്ടയുടെയോ ഉള്ളിയുടെയോ മലിനജലത്തിന്റെയോ ഒക്കെ ദുര്‍ഗന്ധം നല്‍കാന്‍ പ്രാപ്തമായ ഏതാണ്ട് 44 സജീവ സംയുക്തങ്ങള്‍ ദുരിയന്‍ പഴത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ ഏറിയും കുറഞ്ഞുമുള്ള സാന്നിധ്യമാണ് പഴത്തെ വ്യത്യസ്ത തരത്തില്‍ ദുര്‍ഗന്ധപൂരിതമാക്കുന്നത്. ഇക്കൂട്ടത്തില്‍ 'എഥാനെത്തിയോള്‍' (Ethanethiol) എന്നുപേരായ രാസസംയുക്തമാണ് ദുരിയന് ചീഞ്ഞഴുകിയ ഉള്ളിയുടെ ദുര്‍ഗന്ധം നല്‍കുന്നത്. പഴം പഴുക്കുന്നതിനുസരിച്ച് അതിലടങ്ങിയിരിക്കുന്ന 'എഥിയോണിന്‍' എന്ന അമിനോ അമ്ലത്തെ ദുരിയന്‍ ചെടിയിലുള്ള ഒരു പ്രത്യേകതരം എന്‍സൈം വിഘടിച്ച് എഥിനെത്തിയോള്‍ ആക്കി മാറ്റുകയാണ് ചെയ്യുന്നത്. ഇതിന്റെ അളവ് വര്‍ധിക്കുന്നതനുസരിച്ചാണ് ദുരിയന്‍ പഴം കൂടുതല്‍ കൂടുതല്‍ ദുര്‍ഗന്ധപൂരിതമാകുന്നത്. 

നന്നായി പഴുത്ത ദുരിയന്‍ പഴത്തിന് ദുര്‍ഗന്ധം വര്‍ധിക്കുന്നതിന്റെയും കാരണം മറ്റൊന്നല്ല. എഥാനെത്തിയോള്‍ വളരെ തുച്ഛമായ അളവില്‍ (0.36 പാട്ട്‌സ് പെര്‍ ബില്യണ്‍ - 0.36 ppb) ഉണ്ടെങ്കില്‍ പോലും മനുഷ്യന് അതിന്റെ ഗന്ധം വേഗം തിരിച്ചറിയാന്‍ സാധിക്കും. ഇതിന് മറ്റൊരു വശം കൂടെയുണ്ട്. അഴുകിയ മാംസത്തിന്റെ ഗന്ധം ഉല്പാദിപ്പിക്കുവാന്‍ കഴിവുള്ള രാസപദാര്‍ത്ഥമാണല്ലോ എഥാനെത്തിയോള്‍. കാട്ടില്‍ വളരുന്ന ദുരിയന്‍ മരങ്ങളില്‍ പഴങ്ങള്‍ പഴുക്കുമ്പോള്‍ ഈ ഗന്ധം വളരെ വര്‍ധിച്ച തോതില്‍ വ്യാപിക്കുകയും അത് പന്നി, മാന്‍, ഒറാങ് ഉട്ടാന്‍, ആന, കരടി, പുലി തുടങ്ങി വിവിധ വന്യമൃഗങ്ങളെ ആകര്‍ഷിക്കുകയും ചെയ്യും. പഴുത്ത പഴം ആര്‍ത്തിയോടെ തിന്നുന്ന ഇവരാണ് പ്രകൃതിയില്‍ ദുരിയന്റെ വിത്തുകള്‍ ദൂരദേശങ്ങളിലേക്കെത്തിച്ച് വിത്തുവിതരണം നടത്തി വംശം നിലനിര്‍ത്തുന്നത്.

സ്വാദിഷ്ടം, പോഷകസമൃദ്ധം

സ്വാദിഷ്ടമായ ദുരിയന്‍ പഴം പോഷകസമ്പന്നവുമാണ്. ജീവകങ്ങള്‍, ധാതുലവണങ്ങള്‍, നാര്, നിരോക്‌സീകാരകങ്ങള്‍ എന്നിവയുടെ സമൃദ്ധമായ സ്രോതസ്സാണ്. ഊര്‍ജ്ജദായകമായ അന്നജവും ഒപ്പം അപൂരിതകൊഴുപ്പിന്റെ ശേഖരവുമാണ് ദുരിയന്‍. ധാരാളം പൊട്ടാസ്യവും മഗ്നീഷ്യവും നല്‍കുന്ന ഇരുമ്പുസത്തും ബി ജീവകങ്ങളും വേണ്ടുവോളം അടങ്ങിയിരിക്കുന്നു. സിങ്ക്, കോപ്പര്‍, മാംഗനീസ്, തുടങ്ങിയ മൂലകങ്ങള്‍ വേറെയും. 100 ഗ്രാം പഴത്തില്‍ നിന്ന് നമുക്ക് ലഭിക്കുന്ന 147 കാലറി ഊര്‍ജമാണ്. കൂടാതെ 5.33 ഗ്രാം കൊഴുപ്പ്, 2 മില്ലിഗ്രാം സോഡിയം, 27.09 ഗ്രാം കാര്‍ബോഹൈഡ്രേറ്റ്, 3.8 ഗ്രാം ഭക്ഷ്യയോഗ്യമായ നാര്, 1.47 ഗ്രാം മാംസ്യം, 6 മില്ലി ഗ്രാം കാത്സ്യം, 0.43 മില്ലിഗ്രാം ഇരുമ്പ്, 436 മില്ലിഗ്രാം പൊട്ടാസ്യം, 2 mcg ജീവകം എ, 19.7 മില്ലിഗ്രാം ജീവകം സി ഇങ്ങനെയാണ് പഴത്തിന്റെ പോഷകഘടന. കൂടാതെ ആന്തോസയനിന്‍, കരോട്ടിനോയിഡ്, പോളിഫിനോള്‍, ഫ്‌ളാവനോയിഡുകള്‍ എന്നീ നിരോക്‌സീകാരകങ്ങളാല്‍ സമൃദ്ധവും.

placeholder
Photo:  AFP / Laurence CHU AND John SAEKI

കണ്ടാല്‍ ഒരു ചെറിയ ചക്കപ്പഴം

കണ്ടാല്‍ ഒരു ചെറിയ ചക്കപ്പഴം; അതാണ് ദുരിയന്‍. ഫുട്‌ബോളിന്റെ വലിപ്പവും പുറത്ത് കൂര്‍ത്ത നീളന്‍ കട്ടിമുള്ളുകളും അനന്യ സാധാരണവുമായ ഗന്ധവും - ഇത്രയുമാണ് ദുരിയന്‍ പഴത്തിന്റെ മുഖമുദ്രകള്‍. അസഹ്യമായ ഗന്ധപ്രസരണത്തിനിടയിലും ഒരു തവണയെങ്കിലും ദുരിയന്‍ പഴം രുചിച്ച ഒരാള്‍ക്കും അതിന്റെ അനുപമമായ സ്വാദ് മറക്കാനേ കഴിയില്ല. എന്താണ് ദുരിയന്‍ പഴത്തിന്റെ സ്വാദ്? ഇത് കഴിച്ചിട്ടുള്ളവര്‍ക്കാര്‍ക്കും വ്യക്തമായി ഒരിക്കലും നിര്‍വചിക്കാന്‍ സാധിച്ചിട്ടേയില്ല. അത്രത്തോളം അമൂര്‍ത്തമാണ് ദുരിയന്‍ പഴത്തിന്റെ സവിശേഷ സ്വാദ്. ചോക്ലേറ്റും ഉള്ളിയും കലര്‍ന്ന സ്വാദാണ് പഴത്തിന് എന്ന് ചിലര്‍ പറയും. എന്നാല്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ പ്രമുഖ ബ്രിട്ടീഷ് പരിസ്ഥിതിവാദിയായ ആല്‍ഫ്രഡ് റസ്സല്‍ വാലസ് ദുരിയന്‍ പഴത്തിന്റെ അപൂര്‍വസ്വാദിനെക്കുറിച്ച് ഇങ്ങനെ എഴുതി. 'സ്വാദിഷ്ടമായ ആത്തപ്പഴത്തിനുള്ളില്‍ സ്വാദും സുഗന്ധവും ഒത്തിണങ്ങിയ ബദാം അങ്ങിങ്ങ് നിക്ഷേപിച്ചതുപോലെയാണ് ദുരിയന്‍. ഒരിക്കല്‍ ഈ പഴത്തിന്റെ സ്വാദ് നുണയാനിട വന്നാല്‍ കണ്ണുചിമ്മുന്ന നേരം കൊണ്ട് ആരും ഇതിന്റെ ആരാധകരാകും...'

ദുരിയന്‍ പഴത്തിന്റെ ഉള്‍ഭാഗം ചക്കയിലെ ചുളകള്‍ പോലെ തന്നെയാണ്. ചുളയ്ക്കുള്ളില്‍ ചക്കക്കുരുവിനേക്കാള്‍ വലിപ്പമുള്ള ഓരോ വിത്തും ഉണ്ടാകും. കുരുവിന് പുറത്ത് ആത്തപ്പഴത്തിന്റേതു പോലെ പറ്റിയിരിക്കുന്ന മാംസളഭാഗമാണ് ഭക്ഷ്യയോഗ്യം. ഒരു കായയ്ക്ക് പരമാവധി രണ്ടര-മൂന്നു കിലോ വരെ തൂക്കം ഉണ്ടാകും. 'ദുരി' (Duri) എന്ന മലയന്‍ പദത്തില്‍ നിന്നാണ് ഈ പഴത്തിന് 'ദുരിയന്‍' എന്ന പേര് കിട്ടിയത്. 'ദുരി' എന്നാല്‍ 'മുള്ള്' എന്നര്‍ത്ഥം. അപ്പോള്‍ 'മുള്ളുകള്‍ നിറഞ്ഞ പഴം' എന്ന അർഥത്തില്‍ ഇതിന് 'ദുരിയന്‍' എന്ന് പേരിട്ടത്. തികച്ചും അന്വര്‍ഥമാണെന്ന് കാണാം. സാധാരണഗതിയില്‍ ദുരിയന്‍ മരം 25 മുതല്‍ 50 മീറ്റര്‍ ഉയരത്തില്‍ വളരും. ഇലകള്‍ക്ക് നിത്യഹരിത സ്വഭാവം. വര്‍ഷത്തില്‍ 1500-2000 മില്ലിമീറ്റര്‍ മഴയും 25-30 ഡിഗ്രി സെല്‍ഷ്യസ് ചൂടും വളര്‍ച്ചയ്ക്ക് അനുകൂലം. ഉഷ്ണമേഖലാ പ്രദേശങ്ങള്‍ ഇതിന് വളരാന്‍ ഇഷ്ടമാണ്. അന്തരീക്ഷത്തിലെ ഈര്‍പ്പനില 75-80 ശതമാനം വരെയാകുന്നത് ദുരിയന്റെ വളര്‍ച്ചയ്ക്ക് അനുകൂലം. ഈര്‍പ്പനില തീരെ താഴ്ന്നാല്‍ ഇലകരിച്ചിലിന് സാധ്യതയുണ്ട്. വളക്കൂറുള്ള എക്കല്‍ മണ്ണും പശിമരാശി മണ്ണുമാണ് ദുരിയന്‍ കൃഷിക്ക് അനുയോജ്യം.

പ്രജനനവും കൃഷിയും

വിത്തുപാകി മുളപ്പിച്ച് തൈകള്‍ ആക്കിയോ ഒട്ടിക്കല്‍, മുകുളനം തുടങ്ങിയ ഇതര പ്രജനനരീതികളുപയോഗിച്ചോ ദുരിയനില്‍ വംശവര്‍ധന നടത്താം. മുകുളനം വഴി തയ്യാറാക്കുന്ന തൈകള്‍ ആകുമ്പോള്‍ വളരെ പൊക്കം കുറച്ച് വളര്‍ത്താം. പാളി മുകുളനമാണ് ഇതിന് കൂടുതല്‍ അനുയോജ്യം. കൃഷിയിടം വൃത്തിയാക്കി മണ്ണിളക്കി ഒരുക്കുക. വളരെ ഉയര്‍ന്ന തടങ്ങളെടുത്ത് അതിന്റെ നടുവില്‍ തൈ നടുന്ന രീതിയാണ് ഫലപ്രദം. 50-100 സെ.മീറ്റര്‍ വലിപ്പത്തിലും താഴ്ചയിലും കുഴികളെടുക്കുക. ഇതില്‍ മേല്‍മണ്ണും ജൈവവളവും ചേര്‍ത്ത് നിറച്ചിട്ട് തൈ നടുന്നു. അടുത്തടുത്ത് നടുമ്പോള്‍ തൈകള്‍ തമ്മില്‍ 10 മീറ്റര്‍ അകലം നല്‍കണം. വരികള്‍ തമ്മില്‍ ഇടയകലം 7.5 മീറ്റര്‍ നല്‍കാം. ഇത്തരത്തില്‍ നടുമ്പോള്‍ വാണിജ്യ കൃഷിയില്‍ ഒരു ഹെക്റ്ററില്‍ 200 നകം എണ്ണം തൈകള്‍ നടാം. പുതുതായി നട്ട തൈകള്‍ക്ക് ആദ്യത്തെ 2-3 മാസക്കാലം ആവശ്യാനുസരണം തണല്‍ നല്‍കണം. നടീല്‍ അകലം മൂന്ന് വ്യത്യസ്ത രീതിയില്‍ ക്രമീകരിച്ച് ഒരു ഹെക്റ്ററില്‍ വളര്‍ത്തുന്ന മരങ്ങളുടെ എണ്ണം വ്യത്യാസപ്പെടുത്തുന്ന രീതിയും മറ്റു നാടുകളിലുണ്ട്. ഇത് ഇപ്രകാരമാണ്.

  • 5X10 മീറ്റര്‍ -ഹെക്റ്ററില്‍ 200 തൈകള്‍
  • 8X8 മീറ്റര്‍ - ഹെക്റ്ററില്‍ 156 തൈകള്‍
  • 10X10 മീറ്റര്‍ - ഹെക്റ്ററില്‍ 100 തൈകള്‍

വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്തുന്ന തോട്ടങ്ങളില്‍ വരികള്‍ക്കിടയ്ക്ക് 50 സെ.മീ. താഴ്ചയും 30 സെ.മീ വീതിയുമുള്ള ചാലുകള്‍ അടുത്തിടുന്ന പതിവുമുണ്ട്. മഴയ്ക്കും മറ്റും വെള്ളക്കെട്ടുണ്ടാകാതെ വെള്ളം വാര്‍ന്നുപോകാനാണിത്. വീട്ടുകൃഷിയില്‍ മറ്റു മരങ്ങളോടൊപ്പമാണ് ദുരിയന്‍ നടുന്നതെങ്കില്‍ അവയില്‍ നിന്ന് 3 മീറ്റര്‍ മാറി ദുരിയന്‍ തൈകള്‍ നടുകയാണ് നന്ന്. പൂര്‍ണ സൂര്യപ്രകാശമാണ് വളരാന്‍ ഉത്തമം. എങ്കിലും 50 ശതമാനം തണലിലും ദുരിയന്‍ വളരും.

നന നിര്‍ബന്ധം; പ്രത്യേകിച്ച് ആദ്യ സമയത്ത്. ചൂടുകാലത്ത് രണ്ടു ദിവസത്തിലൊരിക്കല്‍ നനയ്ക്കണം. നട്ട് ഒരു മാസം കഴിഞ്ഞാല്‍ നന ആഴ്ചയിലൊരിക്കലാക്കാം. പുതുതായി നട്ട തൈകള്‍ക്ക് രാസവള പ്രയോഗം വേണ്ട. കാരണം അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. നട്ട് രണ്ടോ മൂന്നോ മാസം കഴിഞ്ഞ് രാസവളമിശ്രിതം 10 ഗ്രാം വീതം തൈ ഒന്നിന് വേണ്ടത്ര നനവിന്റെ അകമ്പടിയോടെ ജൈവവളങ്ങള്‍ ചേര്‍ത്തതിനുശേഷം ഇടവേള വിട്ട് നല്‍കാം. നാലുമുതല്‍ എട്ടുമാസം വരെ 40 ഗ്രാം വീതം ചേര്‍ക്കുക. പത്താം മാസം 50 ഗ്രാമും ഒരു വര്‍ഷമാകുമ്പോള്‍ 60 ഗ്രാമും എന്ന നിലയില്‍ ഇത് വ്യത്യാസപ്പെടുത്താം. രണ്ടു വയസ്സ് പ്രായമായ ദുരിയന്‍ മരത്തിന് 250 ഗ്രാമാണ് രാസവള മിശ്രിതത്തിന്റെ ശുപാര്‍ശ. വളപ്രയോഗ വേളയില്‍ മണ്ണില്‍ ഈര്‍പ്പം നിര്‍ബന്ധം.

ദുരിയന്റെ വളര്‍ച്ചയില്‍ കൊമ്പുകോതലിന് പ്രാധാന്യമുണ്ട്. പ്രത്യേകതരം ശാഖാവിന്യാസമുള്ള മരമാണ് ദുരിയന്‍. തായ്ത്തടിയില്‍ നിന്ന് എല്ലാ വശത്തേക്കും പ്രധാന ശാഖകള്‍ വളരുന്നു. ഇത്തരം പ്രധാന ശാഖകളിലാണ് പൂക്കള്‍ ഉണ്ടാകുന്നത്. അതിനാല്‍ ഈ ശാഖകള്‍ കരുത്തോടെ വളരാന്‍ പ്രാപ്തമാകും വിധം വേണം കൊമ്പുകോതാന്‍. ഉണങ്ങിയ ശിഖരങ്ങളും അനാവശ്യമായി നീണ്ടുവളരുന്ന കൊമ്പുകളും മുറിച്ചു നീക്കണം.

വിളവ്

നന്നായി പരിചരിച്ചു വളര്‍ത്തുന്ന ഒരു ദുരിയന്‍ മരം 4-6 വര്‍ഷം കൊണ്ട് കായ് പിടിക്കാന്‍ തുടങ്ങും. പത്ത് വര്‍ഷം പ്രായമായ മരത്തില്‍ നിന്ന് നല്ല വിളവ് കിട്ടും. കേരളത്തില്‍ ജൂലായ് മുതല്‍ സെപ്റ്റംബര്‍ വരെയാണ് ദുരിയന്‍ സീസണ്‍. നന്നായി വളര്‍ന്ന മരത്തിന് ഒരു സീസണില്‍ 50-60 പഴം വരെ തരാന്‍ കഴിയും. ഓരോ പഴവും ശരാശരി ഒന്നുമുതല്‍ മൂന്നു കിലോ വരെ തൂങ്ങും. മരത്തില്‍ നിന്നും തന്നെ പാകമാകുക എന്നതാണ് ദുരിയന്‍ പഴത്തിന്റെ സ്വഭാവം. പഴുത്ത കായകള്‍ താനേ പൊഴിഞ്ഞുവീഴും. പിന്നെയും 3-4 ദിവസം കഴിഞ്ഞാല്‍ ഇത് കഴിക്കാന്‍ പാകമാകും. ഈയവസരത്തിലാണ് പഴം ഏറ്റവുമധികം സ്വാദിഷ്ടവും ഗന്ധപൂരിതവുമാകുക. 'Social fruit' എന്നറിയപ്പെടുന്ന ദുരിയന്‍ കൂട്ടം ചേര്‍ന്നും സമയമെടുത്തും ആസ്വദിച്ചു കഴിക്കണം എന്നാണ് പറയാറ്. പ്രായം കൂടുന്തോറും പഴത്തിന് വിലയും ഡിമാന്റും കൂടും എന്ന പ്രത്യേകതയും ദുരിയനുണ്ട്. ഓരോരുത്തര്‍ക്കും അവരുടെ അഭിരുചിക്കനുസരിച്ച് പഴം കഴിക്കാം. ഉള്ളിലെ കാമ്പ് കരുമുരാ ചവച്ചു തിന്നാനാണ് ഇഷ്ടമെങ്കില്‍ വിളവെടുത്തയുടന്‍ കഴിക്കണം. എന്നാല്‍ ക്രീം പോലെ മധുരതരമായ കാമ്പാണ് പ്രിയമെങ്കില്‍ പഴം താനേ പൊട്ടിത്തുറക്കുന്നതുവരെ കാത്തിരിക്കേണ്ടി വരും.

ദുരിയന്‍ പഴം ശീതികരിച്ചു വിപണിയില്‍ വില്‍പനയ്ക്ക് എത്താറുണ്ട്. ഇനി ദുരിയന്‍ പഴം നേരിട്ട് ഉപയോഗിക്കാന്‍ താല്പര്യമില്ലാത്തവര്‍ക്കും ഇതിന്റെ രുചി നുണയാം. പഴത്തില്‍ നിന്ന് ഐസ്‌ക്രീം, കാന്‍ഡി, ഷേക്ക്, ബിസ്‌ക്കറ്റ്, ജാം, ചിപ്‌സ് എന്നിവ തയ്യാറാക്കുന്നുണ്ട്. ദുരിയന്‍ ചിപ്‌സ് സാമാന്യം നല്ല വിലയുള്ളതാണ്. ഒരു കിലോയ്ക്ക് ഏകദേശം 2000 രൂപയോളം വിലവിരും. രാത്രിയിലാണ് സാധാരണഗതിയില്‍ ദുരിയന്‍ പഴങ്ങള്‍ വിളഞ്ഞ് പൊഴിയുക. അതിനാല്‍ രാത്രി 11 മണിക്കുശേഷം ദുരിയന്‍ തോട്ടത്തില്‍ എത്തുന്നവര്‍ ഹെല്‍മറ്റ് വെച്ച് നടക്കുന്ന പതിവുണ്ട്. ചക്ക തലയില്‍ വീഴുന്നതൊഴിവാക്കാന്‍ വേണ്ടിയാണിത്. വേഗം കേടാകുന്ന പഴം കൂടെയാണ് ദുരിയന്‍ എന്നറിയുക. കായ് പൊഴിഞ്ഞ് 2-4 ദിവസത്തിനുള്ളില്‍ അത് നന്നായി പഴുത്ത് കഴിയും. 5-6 ദിവസത്തിനകം ഉപയോഗിച്ചില്ലെങ്കില്‍ കേടാകാനും ഇടയുണ്ട്. കേരളത്തില്‍ പത്തനംതിട്ട, കോട്ടയം, ഇടുക്കി മേഖലകളിലാണ് ദുരിയന്‍ അധികവും വളരുന്നത്. മറ്റൊരു പ്രത്യേകത റബ്ബര്‍ എവിടെയെല്ലാം വളരുമോ അവിടെയെല്ലാം ദുരിയനും നന്നായി വളരും എന്നതാണ്. ഇത് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഒരനുഭവം കൂടെയാണ്.

placeholder
ഇൻഡൊനീഷ്യയിലെ സെറാങ്കിൽ മാർക്കറ്റിൽ വിൽക്കാൻ ദുരിയാൻ പഴം കൊണ്ടുപോകുന്നയാൾ | Photo : Oscar Siagian/Getty Images

ആരോഗ്യപരിരക്ഷാ മേന്മകള്‍

സസ്യജന്യ പോഷകങ്ങള്‍, നിരോക്‌സീകാരകങ്ങള്‍, മാംസ്യം, ജീവകങ്ങള്‍, ധാതുലവണങ്ങള്‍ എന്നിവയുടെ കലവറയായതിനാല്‍ ദുരിയന്‍ പഴത്തിന് നിരവധി ആരോഗ്യപരിരക്ഷാ മേന്മകളുണ്ട്. ശരീരത്തിലെ സിറോട്ടോണിന്‍ നില ഉയര്‍ത്തുക വഴി ശാരീരിക സ്വാസ്ഥ്യം നല്‍കുന്നു. ക്ഷീണം അകറ്റുന്നു, സന്തോഷം പ്രദാനം ചെയ്യുന്നു. പേശീ നിര്‍മാണത്തിനും വിവിധ അവയവയങ്ങളുടെ സുഖകരമായ പ്രവര്‍ത്തനത്തിനും സഹായിക്കുന്നു. വാര്‍ധക്യസഹജമായ വൈഷമ്യങ്ങള്‍ ലഘൂകരിക്കുകയോ മന്ദീഭവിപ്പിക്കുകയോ ചെയ്യുന്നു. ശരീരത്തിന് അവശ്യം വേണ്ട ഊര്‍ജവും എത്ര വലിയ ക്ഷീണത്തെയും ചെറുക്കാനുള്ള സഹനശേഷിയും മാനസികാരോഗ്യവും നല്‍കുന്നു. ശ്വാസകോശവും ശ്വസനേന്ദ്രിയവും ശുദ്ധീകരിച്ച് കഫക്കെട്ട് അകറ്റുന്നു. വിവിധതരം രോഗാണുബാധകളില്‍ നിന്ന് ശരീരത്തിന് സംരക്ഷണം നല്‍കുന്നു. നാര് സമൃദ്ധമാകയാല്‍ സ്ഥിരമായി ഉപയോഗിക്കുന്നത് ഉദരാസ്വാസ്ഥ്യങ്ങള്‍ തടയും. കാര്യക്ഷമമായ രക്തശുദ്ധീകരണത്തിന് വഴിയൊരുക്കുന്നു. 

ഇലകളും വേരും പനി, മഞ്ഞപ്പിത്തം എന്നിവയുടെ ചികിത്സക്കുള്ള പരമ്പരാഗത ഔഷധങ്ങള്‍ തയ്യാറാക്കുന്നതിലെ ചേരുവയാണ്. ഇലകള്‍ക്ക് വിരനാശിനി എന്ന നിലയ്ക്കും ഉപയോഗമുണ്ട്. ഇലകള്‍, പഴം എന്നിവയുടെ കഷായം നീര്‍വീക്കവും ചൊറിച്ചിലും ത്വക്‌രോഗങ്ങളും അകറ്റാന്‍ ഉപകരിക്കുന്നു. 'ട്രിപ്‌റ്റോഫാന്‍' എന്നു പേരായ അമിനോഅമ്ലം ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ആകാംക്ഷ, വിഷാദം, ഉറക്കമില്ലായ്മ തുടങ്ങിയ അവസ്ഥകള്‍ പരിഹരിക്കാന്‍ ഉപയോഗപ്പെടുന്നു. ഫോളേറ്റിന്റെ ഉത്തമഉറവിടമായതിനാല്‍ അരുണ രക്താണുക്കളുടെ ഉല്‍പാദനത്തെ സഹായിക്കുകയും വിളര്‍ച്ച അകറ്റുകയും ചെയ്യുന്നു. ധാരാളം മാംഗനീസ് അടങ്ങിയിട്ടുള്ളതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുവാന്‍ സഹായിക്കുന്നു. ആമാശയത്തിന്റെ ആവശ്യത്തിന് ഹൈഡ്രോക്ലോറിക് അമ്ലം ഉല്‍പാദിപ്പിക്കുക വഴി ക്രമമായ വിശപ്പുണ്ടാകുന്നു. ആഹാരം ദഹിക്കാനും സഹായിക്കുന്നു.

ഇനങ്ങള്‍ പ്രധാനം

ദുരിയന്‍ കൃഷി ചെയ്യുമ്പോള്‍ ലോകോത്തര നിലവാരമുള്ള മികച്ച ഇനങ്ങള്‍ തന്നെ വളര്‍ത്താന്‍ ശ്രമിക്കണം. മലേഷ്യയില്‍ നിന്നുള്ള മുസാങ് കിങ്, റെഡ് പ്രോണ്‍, D99, D101, D24 എന്നിവയും ഫിലിപ്പീന്‍സില്‍ നിന്നുള്ള നമ്മുടെ കാലാവസ്ഥയ്ക്ക് യോജിച്ച ഇനങ്ങളാണ്. അംഗീകൃത സ്വകാര്യ നഴ്‌സറികളില്‍ ദുരിയന്റെ തൈകള്‍ ലഭ്യമാണ്.