
'മനോഹരമായ ഒരു തുറമുഖ നഗരമാണ് യഹാരോ... വളക്കൂറുള്ള മണ്ണും മധുരതരമായ വിവിധ ഫലങ്ങള്‍ വിളയുന്ന പഴത്തോട്ടങ്ങളും... ഇവിടെ ഒരു തോട്ടത്തില്‍ ഒരു പ്രത്യേകതരം പഴം വളരുന്നു. കണ്ടാല്‍ ഏകദേശം ഓറഞ്ച് പോലിരിക്കും. ഭക്ഷിക്കാന്‍ പാകമാകുമ്പോള്‍ മഞ്ഞനിറമാകും. രുചിച്ചാലോ? വെണ്ണ തോല്‍ക്കുന്ന സ്വാദും സുഗന്ധവും. നാവില്‍ വെച്ചാല്‍ മതി അത് അലിഞ്ഞിറങ്ങുകയായി. ആശ്ചര്യമുണര്‍ത്തുന്ന പ്രകൃതി വിഭവമെന്നേ പറയേണ്ടൂ....' ഭൂമിശാസ്ത്രഗ്രന്ഥകാരന്‍ എന്ന് പേരെടുത്ത മാര്‍ട്ടിന്‍ ഫെര്‍ണാണ്ടസ് ദ് എന്‍സിസോ, 'സുമ: ദെ ജിയോഗ്രാഫിയ' (1519) എന്ന പ്രസിദ്ധമായ സഞ്ചാരസാഹിത്യഗ്രന്ഥത്തില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു.
സ്പാനിഷ് ഭാഷയില്‍ അമേരിക്കയെക്കുറിച്ച് ആദ്യമായി രചിച്ച ഗ്രന്ഥം എന്ന പ്രത്യേകതയും ഇതിനുണ്ട്. മാത്രമല്ല ഒരു രാജ്യത്തിന്റെ ഭൂമിശാസ്ത്രത്തെക്കുറിച്ച് ആദ്യമായി പ്രതിപാദിക്കുന്ന ഗ്രന്ഥവും. മാര്‍ട്ടിന്‍ ഫെര്‍ണാന്റസ് ഈ ഗ്രന്ഥം രചിക്കുമ്പോള്‍ യഥാര്‍ഥത്തില്‍ ഫ്ളോറിഡ, കാലിഫോര്‍ണിയ തുടങ്ങിയ ദേശങ്ങളൊന്നും യൂറോപ്യന്‍മാര്‍ കണ്ടെത്തിയിരുന്നില്ല. പല ഭൂഖണ്ഡങ്ങളും കണ്ടെത്താനുള്ള പര്യവേഷണങ്ങള്‍ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ഫെര്‍ണാണ്ടസ് 'സുമ, ദെ ജിയോഗ്രഫിയയില്‍' സൂചിപ്പിച്ച പഴത്തിനും പ്രത്യേകിച്ചൊരു പേര് നല്‍കിയിരുന്നില്ല. ലോകത്ത് ആദ്യമായി ഇന്ന് നാം കാണുന്ന അവക്കാഡോ പഴത്തെക്കുറിച്ചുള്ള പ്രഥമരേഖപ്പെടുത്തലായി ഇത് കണക്കാക്കാം. അക്ഷരാര്‍ത്ഥത്തില്‍ അവക്കാഡോ എന്ന വിസ്മയഫലത്തിന്റെ സവിശേഷതകള്‍ എത്രയോ നൂറ്റാണ്ടു മുന്‍പു തന്നെ കണ്ടെത്തി എന്നതാണ് ഇവിടുത്തെ ഏറ്റവും ശ്രദ്ധേയമായ കാര്യം.

പേരിലുമുണ്ട് കാര്യം!
വടക്കേ അമേരിക്കയുടെ തെക്കുഭാഗത്ത് ആരംഭിച്ച് മധ്യഅമേരിക്കയുടെ പസഫിക്ക് തീരം വരെ നീളുന്ന മെസോ അമേരിക്കന്‍ പ്രദേശത്തെ ജനങ്ങളുടെ ആഹാരക്രമത്തിലും പുരാണേതിഹാസങ്ങളിലും സംസ്‌കാരത്തിലുമെല്ലാം പ്രധാനസ്ഥാനമുള്ള ഫലമായിരുന്നു അവക്കാഡോ. മെക്സിക്കന്‍ ജനത 10,000 വര്‍ഷം മുമ്പ് തന്നെ ഇത് ഭക്ഷണത്തിലുള്‍പ്പെടുത്തിയിരുന്നു. മധ്യ-ദക്ഷിണ അമേരിക്കകളിലെയും ഒരു പ്രധാന ഭക്ഷ്യവിഭവമായിരുന്നു ഇത്. ഏകദേശം ഈ കാലഘട്ടത്തില്‍ തന്നെയാണ് ഇതിന്റെ കൃഷി ആരംഭിച്ചതും. മെക്സിക്കോയിലെ ഗോത്രവര്‍ഗജനതയായ ആസ്ടെക് വര്‍ഗക്കാര്‍ ഈ പഴത്തിന് 'അഹുവാകാത്തെ' (Ahuacate) എന്നാണ് പേര് നല്‍കിയത്. 'അഹുവാകാത്തെ' എന്ന വാക്കിന് ആസ്ടെക് വര്‍ഗക്കാരുടെ ഭാഷയായ നവാറ്റോയില്‍ 'വൃഷണം' എന്നാണര്‍ത്ഥം. പോരാത്തതിന് ലൈംഗികവികാരം ഉണര്‍ത്താന്‍ കഴിവുള്ള അവക്കാഡോയുടെ സ്വഭാവവും. ഈ രണ്ടു കാരണങ്ങളാലാണ് അവക്കാഡോയ്ക്ക് ആസ്ടെക്ക് ഗോത്രക്കാര്‍ 'അഹുവാകാത്തെ' എന്ന് പേര് നല്‍കിയത്. മറ്റൊരു പേരാകട്ടെ 'അലിഗേറ്റര്‍ പിയര്‍' എന്നും.
ഈ രണ്ടുപേരും അവക്കാഡോ പഴത്തിന്റെ വിപണനത്തെ വളരെയേറെ പ്രതികൂലമായി ബാധിച്ചു എന്നതായിരുന്നു പ്രശ്നം. ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ 1915 മെയ് 15-ാം തീയതി ലോസ് ആഞ്ചലീസിലെ പുതിയ ആഡംബര ഹോട്ടലായ ഹോട്ടല്‍ അലക്സാണ്ട്രിയയില്‍ കാലിഫോര്‍ണിയയിലെ അവക്കാഡോ കര്‍ഷകര്‍ യോഗം ചേര്‍ന്നു. 1914 ആയപ്പോഴേക്കും ലോസ് ആഞ്ചലീസിലെയും സാന്‍ഫ്രാന്‍സിസ്‌ക്കോയിലെയും ഹോട്ടലുകളില്‍ നിന്ന് അവക്കാഡോ പഴത്തിന് നിരന്തരം ഓര്‍ഡറുകള്‍ വന്നുകൊണ്ടേയിരുന്നു. ഒരു ഡസന്‍ പഴത്തിന് 12 ഡോളറായിരുന്നു വില. ഈ ഡിമാന്റ് വര്‍ധിച്ചതോടെയാണ് പലരും അവക്കാഡോ വ്യാപകമായി കൃഷിചെയ്യാന്‍ തുടങ്ങിയിരുന്നത്. എന്നാല്‍ അമേരിക്കക്കാര്‍ക്ക് അവക്കാഡോയുടെ 'അഹുവാകാത്തെ' എന്ന പേര് ഉച്ചരിക്കാന്‍ വളരെ ബുദ്ധിമുട്ടനുഭവപ്പെട്ടു. ഈ പേര് തുടര്‍ന്നാല്‍ മധുരതരമായ ഈ വിശിഷ്ട ഫലം വേണ്ടത്ര വിറ്റുപോകില്ല എന്ന് കര്‍ഷകര്‍ക്ക് ബോധ്യമായിരുന്നു. അങ്ങനെയാണ് 'അഹുവാകാത്തെ' എന്ന പേരുപേക്ഷിച്ച് 'അവക്കാഡോ' എന്ന പേര് ഈ പഴത്തിന് നല്‍കാന്‍ തീരുമാനിച്ചത്. പിന്നീട് നാളിതുവരെ 'അവക്കാഡോ' (Avocado) എന്ന പേരില്‍ തന്നെയാണ് ഈ പഴം ലോകമെങ്ങും അറിയപ്പെട്ടത്. ഇംഗ്ലീഷില്‍ 'ബട്ടര്‍ ഫ്രൂട്ട്' അഥവാ 'വെണ്ണപ്പഴം' എന്നും പേരുണ്ട്. പഴത്തിന്റെ ഉള്‍ക്കാമ്പിന് വെണ്ണയുടെ ഘടനയും സ്വഭാവവുമാണ്.
ഉയര്‍ന്ന കൊഴുപ്പിന്റെയും അളവും ഇതിന്റെ പ്രത്യേകതയാണ്. അവക്കാഡോ പഴത്തിന് മനുഷ്യരില്‍ ലൈംഗികമോഹം ഉത്തേജിപ്പിക്കുവാന്‍ കഴിവുണ്ട് എന്ന പ്രചാരണവും ഇതിന്റെ പ്രചാരത്തിന് ഒരു പരിധിവരെ തടസ്സമായിരുന്നു. യാഥാസ്ഥിതികരായ അമേരിക്കന്‍ ജനത ഇതിന്റെ ഉപയോഗം എതിര്‍ക്കാന്‍ ഒരു കാരണം ഇതായിരുന്നു. മറ്റൊരു പ്രശ്നം 1980-കള്‍ ആയപ്പോഴേക്കും അമേരിക്കക്കാര്‍ കൊഴുപ്പു കുറഞ്ഞ ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്ക് മുന്‍ഗണന നല്‍കി എന്നതായിരുന്നു. അവക്കാഡോ പഴത്തില്‍ അടങ്ങിയിരിക്കുന്ന അപൂരിത കൊഴുപ്പുകളുടെ സാന്നിധ്യം അവരെ ആശങ്കാകുലരാക്കുകയും ചെയ്തു.

സസ്യപരിചയവും ഇനപ്പെരുമയും
നമുക്ക് സുപരിചിതമായ കറുവയുടെ കുടുംബമായ 'ലോറേസി'യിലെ അംഗമാണ് അവക്കാഡോയും. പരമാവധി 20 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഫലവൃക്ഷം. ഇലയിടുക്കുകളില്‍ നിന്ന് പൂങ്കുലകള്‍ തലനീട്ടുന്നു. ആയിരക്കണക്കിന് ചെറിയ പൂക്കളാണുണ്ടാകുന്നത്. ഏകദേശം മുട്ടയുടെ ആകൃതിയോ വൃത്താകൃതിയോ ഉള്ള ഫലത്തിനുള്ളില്‍ അല്പം വലിപ്പമുള്ള കട്ടിയുള്ള വിത്തുണ്ടാകും. ഉഷ്ണമേഖലാ കാലാവസ്ഥയോടാണ് ഈ ഫലവൃക്ഷത്തിന് ഏറെ പ്രിയം. ഇളം ചൂടും ഈര്‍പ്പവുമുള്ള അന്തരീക്ഷം നന്ന്. 20-28 ഡിഗ്രി സെല്‍ഷ്യസ് അന്തരീക്ഷ താപനിലയും പ്രതിവര്‍ഷം 1000 മില്ലിമീറ്റര്‍ മഴയും നല്ല വളപ്പറ്റുള്ള നീര്‍വാര്‍ച്ചയുള്ള മണ്ണുമായാല്‍ കുശാലായി. ധാരാളം സൂര്യപ്രകാശവും സ്വതന്ത്രമായ വായുസഞ്ചാരവും വളരെ ഇഷ്ടപ്പെടുന്ന വിള കൂടെയാണിത്. 'പെഴ്സിയ അമേരിക്കാന' എന്ന് സസ്യനാമം.
വലിപ്പത്തിലും ഘടനയിലും രൂപത്തിലും മൂപ്പാകുന്ന കാലയളവിലും വ്യത്യാസം പുലര്‍ത്തുന്ന അഞ്ഞൂറിലേറെ അവക്കാഡോ ഇനങ്ങള്‍ ഉണ്ട്. ഇവയ്ക്കു പുറമെ കൃത്രിമപ്രജനനവും സ്വാഭാവികമായ ജനിതകവൈവിധ്യവും വഴി പുതിയ ഇനങ്ങള്‍ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഈ എല്ലാ ഇനങ്ങളും പ്രധാനമായും മൂന്നു വിഭാഗങ്ങളില്‍ പെടുന്നവയാണ്. മെക്സിക്കന്‍, ഗ്വാട്ടിമാലന്‍, വെസ്റ്റ് ഇന്ത്യന്‍ എന്നിങ്ങനെ. ഇതില്‍ മെക്സിക്കന്‍ അവക്കാഡോയുടെ കായ്കള്‍ ചെറുതാണ്. ഏകദേശം ഒരു കോഴിമുട്ടയുടെ വലിപ്പം. കായ്കള്‍ക്ക് വൃത്താകൃതിയോ അല്ലെങ്കില്‍ പെയര്‍ ആകൃതിയോ (കായുടെ മേല്‍ഭാഗത്തേക്കാള്‍ താഴേക്ക് വണ്ണം കൂടുന്ന പ്രകൃതം) ആകാം. പച്ച മുതല്‍ കടുത്ത പര്‍പ്പിള്‍ നിറമുള്ള കായ്കള്‍. കായുടെ തൊലിയ്ക്ക് കനംകുറവ്. മികച്ച സ്വാദും സുഗന്ധവും. ഏഴ് മുതല്‍ ഒന്‍പത് മാസം വിളവെടുപ്പ് വളര്‍ച്ചാകാലം.
അല്പം കൂടെ വലിയ കായ്കളാണ് ഗ്വാട്ടിമാലന്‍ അവക്കാഡോയുടെത്. കായ്കള്‍ ഉരുണ്ടതും കടുപ്പമുള്ള പുറംതൊലിയില്‍ ചുളിവുകള്‍ വീണതുമാണ്. എട്ട് മുതല്‍ 10 മാസമാണ് പുഷ്പിക്കാന്‍ മുതല്‍ വിളവെടുപ്പ് വരെ വേണ്ട സമയം. താരതമ്യേന വലിയ ഇലകളാണ് വെസ്റ്റ് ഇന്ത്യന്‍ ഇനങ്ങള്‍ക്ക്. കായ്കള്‍ തെല്ല് നീണ്ടതും 400 മുതല്‍ 900 ഗ്രാം വരെ തൂക്കമുള്ളതുമാണ്. കനംകുറഞ്ഞ പുറംതൊലി പാകമാകുമ്പോള്‍ കൂടുതല്‍ മൃദുവായി തിളക്കമുള്ള പച്ച കലര്‍ന്ന മഞ്ഞയോ ചുവപ്പോ നിറമാകും. കായ്കള്‍ മൂപ്പാകാന്‍ അഞ്ച് മുതല്‍ ഏഴ് മാസത്തെ വളര്‍ച്ച മതി. അവക്കാഡോയുടെ മികച്ച ഇനങ്ങള്‍ ഫര്‍ട്ടി, പിങ്കെര്‍ട്ടണ്‍, പര്‍പ്പിള്‍ ഹൈബ്രിഡ്, ഹാസ്, ട്രാപ്പ്, പൊള്ളോക്ക്, റൗണ്ട്, ലുല എന്നിവയാണ്. ഇതില്‍ തന്നെ പൊള്ളോക്ക്, പര്‍പ്പിള്‍ ഹൈബ്രിഡ്, ഫൊര്‍ട്ടി, റൗണ്ട് എന്നിവയാണ് കേരളത്തിലെ മണ്ണിനും കാലാവസ്ഥയ്ക്കും അനുയോജ്യം.
- പര്‍പ്പിള്‍: ഉഷ്ണമേഖലാ പ്രദേശങ്ങള്‍ക്കിണങ്ങിയ ഒരു മികച്ച ഇനം. മൂത്ത കായ്ക്ക് പര്‍പ്പിള്‍ നിറമാണ്. പുറംതൊലി മിനുസവും തിളക്കമുള്ളതും. വെസ്റ്റിന്ത്യന്‍ വിഭാഗത്തില്‍പ്പെട്ട അവക്കാഡോയാണിത്.
- പൊള്ളോക്ക്: ഉഷ്ണമേഖലയ്ക്ക് യോജിച്ച ഇനം. കായ്കള്‍ക്ക് ഏതാണ്ട് ഒരു കിലോയോളം തൂക്കം. വെസ്റ്റിന്ത്യന്‍ വിഭാഗം പഴുക്കുമ്പോള്‍ പുറംതൊലി നേര്‍മ്മയായി വേഗം ഇളകിപോരും. കാമ്പിന് കടുത്ത മഞ്ഞ കലര്‍ന്ന ക്രീം നിറവും സ്വാദിഷ്ടവും.
- ലുല: തിളങ്ങുന്ന പച്ചനിറമുള്ള കായ്കള്‍. സബര്‍ജല്‍ പഴത്തിന്റെ രൂപമാണിതിന്. ഉഷ്ണമേഖലാകൃഷിക്ക് അനുയോജ്യം. ഉള്‍ഭാഗത്തെ കാമ്പിന് വെണ്ണയുടെ നേരിയ ഗന്ധവും കൊഴുപ്പും. ഗ്വാട്ടിമാലന്‍ വിഭാഗമാണ്.
- ഫൊര്‍ട്ടി: മെക്സിക്കന്‍ - ഗ്വാട്ടിമാലന്‍ ഇനങ്ങളുടെ സങ്കരസന്തതിയാണ് ഫൊര്‍ട്ടി. 'ഫൊര്‍ട്ടി' എന്ന വാക്കിന് ദൃഢമായത് ശക്തമായത് എന്നൊക്കെ അര്‍ത്ഥം. കായ്കള്‍ക്ക് ദീര്‍ഘവൃത്താകൃതി. പഴത്തിന് 250 മുതല്‍ 450 ഗ്രാം വരെ തൂക്കം. പച്ചനിറമുള്ള പുറംതൊലിയില്‍ മഞ്ഞ പുള്ളികള്‍ കാണാം. ഉള്‍ക്കാമ്പിന് ഇളം മഞ്ഞനിറം. സ്വാദും സുഗന്ധവും.
- ഹാസ്: കടുത്ത പച്ചനിറവും പരുപരുത്ത പ്രതലവുമുള്ള അവക്കാഡോ ഇനം. പഴത്തിന് ഏകദേശം 200-300 ഗ്രാം തൂക്കം. പഴുക്കുമ്പോള്‍ പുറംതൊലി കടുത്ത പര്‍പ്പിള്‍ കലര്‍ന്ന കറുപ്പുനിറമാകും. ലോകത്തു തന്നെ ഏറ്റവും പ്രചാരമുള്ള ഇനമാണ് ഹാസ്. ഏറ്റവും ജനപ്രീതി നേടിയ ഇനവും ഇതു തന്നെ എന്ന് പറയാം. ഉള്‍ക്കാമ്പില്‍ എണ്ണയുടെ അംശം കൂടുതലായതിനാല്‍ കാമ്പ് വളരെയധികം മൃദുലമാണ്. മിതോഷ്ണമേഖലകളിലാണ് ഇത് കൂടുതലും വളരുന്നത്.

ആണ്‍-പെണ്‍ ഭേദം
അവക്കാഡോ ദ്വിലിംഗ സ്വഭാവമുള്ള ഫലവൃക്ഷമാണ്. ആണ്‍-പെണ്‍ പൂക്കള്‍ ഒരേ വൃക്ഷത്തില്‍ തന്നെ ഉണ്ടാകും. ദ്വിലിംഗികളെങ്കിലും അവ പെരുമാറുന്നത് ഏകലിംഗികളെപ്പോലെയാണ്. ആണ്‍-പെണ്‍ പൂക്കള്‍ വിടരുന്നത് വ്യത്യസ്ത സമയങ്ങളിലാണെന്ന് മാത്രം. പൂവിന്റെ പെണ്‍ദശയാണ് ആദ്യം വിരിയുക. ഇതാകട്ടെ രണ്ട് മുതല്‍ നാല് മണിക്കൂര്‍ വരെ നീളും. പിന്നീട് പൂവ് അടയും. ഈയവസരത്തിലാണ് പരാഗണസ്ഥലം പൂമ്പൊടി സ്വീകരിക്കാന്‍ തയ്യാറായിരിക്കുന്നത്. അടുത്ത ദിവസം ഇതേ പൂവ് തന്നെ വീണ്ടും വിടരും. അപ്പോള്‍ അതില്‍ ആണ്‍ ദശയാണ് പ്രവര്‍ത്തിക്കുക. അപ്പോഴാണ് പൂമ്പൊടി പൊഴിക്കുന്നതും. വ്യത്യസ്ത സമയങ്ങളില്‍ പൂവിന്റെ കേസരവും പരാഗരേണുക്കളും പക്വതയിലെത്തുന്നതിനാല്‍ ഇവിടെ സ്വയം പരാഗണം സാധ്യമാകുന്നില്ല. പരപരാഗണമാണ് നടക്കുന്നത്.
ഇത്തരത്തില്‍ പൂക്കള്‍ വിരിയുന്നത് ആസ്പദമാക്കി രണ്ടുതരം അവക്കാഡോ തന്നെയുണ്ട്. എ ടൈപ്പും ബി ടൈപ്പും. കായ് പിടിത്തം വേണ്ടവിധം നടക്കാന്‍ ഇവ രണ്ടും കൂടിയേ തീരൂ. എ ടൈപ്പ് അവക്കാഡോയിലെ പൂക്കളെല്ലാം ഒന്നാം ദിവസം പെണ്‍ പൂവായി വിരിയുകയും അന്ന് ഉച്ചതിരിയുന്നതോടെ കൂമ്പുകയും പിറ്റേന്ന് വീണ്ടും വിരിയുമ്പോള്‍ ആണ്‍പൂവായി മാറുകയും ചെയ്യും. എന്നാല്‍ ബി ടൈപ്പ് ഇനങ്ങളില്‍ ആദ്യ ദിവസം ആണ്‍പൂവായി വിടരുന്ന പൂക്കള്‍ രണ്ടാം ദിവസം പെണ്‍പൂവായി മാറുകയാണ് ചെയ്യുന്നത്. ഇതുകൊണ്ടുതന്നെ ഒരിനം മാത്രമുള്ള തോട്ടങ്ങളില്‍ പൂമ്പൊടിയുടെ കുറവുണ്ടാകാനും പരാഗണം ശരിയായി നടക്കാതിരിക്കാനും സാധ്യതയുണ്ട്. അതുകൊണ്ടാണ് വാണിജ്യാടിസ്ഥാനത്തില്‍ തോട്ടമുണ്ടാക്കുമ്പോള്‍ രണ്ട് ഇനങ്ങളിലും പെട്ട തൈകള്‍ ഇടകലര്‍ത്തി നടണം എന്ന് പറയുന്നത്.
പ്രജനനവും കൃഷിയും
വെള്ളക്കെട്ടില്ലാത്ത ഏതു മണ്ണിലും അവക്കാഡോ വളരും. വിത്ത് മുളപ്പിച്ചാണ് തൈകള്‍ സാധാരണ തയ്യാറാക്കുന്നത്. കായില്‍ നിന്ന് വേര്‍പ്പെടുത്തിയ വിത്ത് രണ്ടുമൂന്നാഴ്ചയ്ക്കുള്ളില്‍ പാകണം. സൂക്ഷിപ്പ് നീണ്ടാല്‍ മുളയ്ക്കല്‍ ശേഷി കുറയും. മുളയ്ക്കാന്‍ രണ്ട് മുതല്‍ എട്ട് ആഴ്ച വരെ വേണം. വിത്തുകള്‍ ജൂലായ് മാസം ശേഖരിച്ച് വളമിശ്രിതം നിറച്ച പോളിത്തീന്‍ സഞ്ചികളില്‍ നടുന്നു. കമ്പുകള്‍ വേര് പിടിപ്പിച്ചും പുതിയ തൈകള്‍ ഉത്പാദിപ്പിക്കാം. ഇതിനു പുറമെ പതിവയ്ക്കല്‍, ഗ്രാഫറ്റിങ്, ബഡ്ഡിങ് മുതലായ രീതികളും അവക്കാഡോയില്‍ വിജയകരമാണ്. ഇതിന് പെന്‍സില്‍ കനമുള്ള കമ്പുകള്‍ വിത്ത് മുളപ്പിച്ചെടുത്ത അവക്കാഡോ തൈയില്‍ തന്നെയാണ് ഒട്ടിയ്ക്കുക.
മഴയുടെ തുടക്കത്തില്‍ അവക്കാഡോ തൈകള്‍ നടാം. 90 X 90 സെ.മീറ്റര്‍ വലിപ്പുള്ള കുഴിയെടുത്ത് അതില്‍ കാലിവളം/കമ്പോസ്റ്റ്, കൂടാതെ മേല്‍മണ്ണ് 1:1 എന്ന അനുപാതത്തില്‍ കലര്‍ത്തി നിറയ്ക്കുക. തൈകള്‍ തമ്മിലുള്ള അകലം വളര്‍ത്തുന്ന ഇനത്തെയും ഇനത്തിന്റെ വളര്‍ച്ചാസ്വഭാവത്തെയും ആശ്രയിച്ച് വ്യത്യാസപ്പെടാം. സാധാരണഗതിയില്‍ ചെടികള്‍ തമ്മില്‍ എട്ട് മുതല്‍ 10 മീറ്റര്‍ വരെയാണ് തോട്ടം അടിസ്ഥാനത്തില്‍ അവക്കാഡോ നടുമ്പോള്‍ ശുപാര്‍ശ ചെയ്യുന്നത്. എന്നാല്‍ ഫൊര്‍ട്ടി (Fuerte) പോലെ പടര്‍ന്ന് ശിഖരങ്ങള്‍ വിടര്‍ത്തി വളരുന്ന ഇനങ്ങള്‍ക്ക് കൂടുതല്‍ ഇടയകലം നല്‍കേണ്ടി വരും. വാണിജ്യകൃഷിയില്‍ അവക്കാഡോ തോട്ടത്തില്‍ പച്ചക്കറികള്‍, പയര്‍വിളകള്‍, ഇഞ്ചി, മഞ്ഞള്‍, സ്ട്രോബെറി തുടങ്ങിയവ ഇടവിളകളായി വളര്‍ത്തുന്ന പതിവുണ്ട്. ഇത് ഒരധിക വരുമാനമാര്‍ഗമാകുകയും ചെയ്യും. അവക്കാഡോ തന്നെ കാപ്പിത്തോട്ടത്തില്‍ ഇടവിളയായും വളര്‍ത്താറുണ്ട്.

വളങ്ങള്‍, വളപ്രയോഗം
വളരെ വേഗം പോഷകങ്ങളോട് പ്രതികരിക്കുന്ന സ്വഭാവമാണ് അവക്കാഡോയ്ക്ക്. അതുകൊണ്ടുതന്നെ തൈ നട്ട് ആദ്യവര്‍ഷം തന്നെ ആവശ്യം നോക്കി വളം ചേര്‍ക്കാന്‍ തുടങ്ങണം. രാസവളങ്ങള്‍ രണ്ടു തവണയായാണ് ചേര്‍ക്കുന്നത്. ഒന്ന് ഏപ്രില്‍-മേയിലും അടുത്തത് സെപ്റ്റംബര്‍ - ഒക്ടോബറിലും. വളപ്രയോഗ സൂചിക ഇങ്ങനെ.
| മരത്തിന്റെ പ്രായം (വര്‍ഷം) | ഒരു വര്‍ഷം ചേര്‍ക്കേണ്ട വളം | |||
| ജൈവ വളം (കി.ഗ്രാം) | യൂറിയ (ഗ്രാം) | രാജ്ഫോസ് (ഗ്രാം) | മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് (ഗ്രാം) | |
| 1-3 | 25 | 85 | 100 | 60 |
| 4-6 | 35 | 160 | 175 | 100 |
| 7-10 | 40 | 320 | 175 | 210 |
| 10 വര്‍ഷത്തിന് മേല്‍പ്രായം | 50 | 435 | 225 | 275 |
കൊമ്പുകോതലും നനയും
വളര്‍ത്തുന്ന ഇനത്തിന്റെ സ്വഭാവമനുസരിച്ച് കൊമ്പുകോതല്‍ (പ്രൂണിങ്) നടത്താം. തുടക്കത്തില്‍ ലഘുവായ തോതിലുള്ള കൊമ്പുകോതല്‍ മതി. മരത്തിന്റെ മധ്യഭാഗത്ത് വേണ്ടത്ര വെളിച്ചവും വായുസഞ്ചാരവും ഉറപ്പാക്കും വിധമുള്ള പ്രൂണിങ്ങിനാണ് പ്രസക്തി. പൊള്ളോക്ക് പോലെ മുകളിലേക്ക് കുത്തനെ വളരുന്ന ഇനങ്ങളില്‍ മുകള്‍ഭാഗം മുറിച്ചുനീക്കി വശങ്ങളിലേക്ക് ശിഖരങ്ങള്‍ വളരാന്‍ അനുവദിക്കുന്നു. എന്നാല്‍ 'ഫൊര്‍ട്ടി' പോലെ വശങ്ങളിലേക്ക് വളരുന്ന ഇനങ്ങളില്‍ ശാഖകളുടെ നീളം കുറച്ച് അവയുടെ വശങ്ങളിലേക്കുള്ള വളര്‍ച്ച ക്രമീകരിക്കും. താഴേക്ക് തൂങ്ങി വളരുന്ന നിലംതൊടുന്ന ശിഖരങ്ങള്‍ എന്തായാലും മുറിച്ചു മാറ്റിയേ തീരൂ. എന്നാല്‍ കൊമ്പുകോതല്‍ അമിതമായാല്‍ അതും നന്നല്ല. അമിതമായ പ്രൂണിങ്ങില്‍ ചെടിയുടെ കായിക വളര്‍ച്ച വര്‍ധിക്കാനും വിളവ് കുറയാനും സാധ്യതയുണ്ട്.
സാധാരണഗതിയില്‍ മഴയെ ആശ്രയിച്ചു കൃഷി ചെയ്യുന്ന വിളയാണ് അവക്കാഡോ. എന്നാല്‍ യഥാസമയം നനയ്ക്കുന്നത് വിളവേറാന്‍ വഴിയൊരുക്കും എന്ന് മാത്രമല്ല വേനലിൽ മരത്തിന്റെ തടത്തില്‍ പുതയിട്ട് ഈര്‍പ്പനഷ്ടം ഒഴിവാക്കാനും ശ്രദ്ധിക്കണം. മഴ അമിതമായാല്‍ തടത്തില്‍ വെള്ളം കെട്ടാന്‍ ഇടയാക്കരുത്. വേനല്‍ക്കാലത്ത് 3-4 ആഴ്ച കൂടുമ്പോള്‍ നനയ്ക്കുന്നതും ഗുണകരമാണ്. തോട്ടങ്ങളില്‍ തളിനന (Sprinkler irrigation) ചെയ്തപ്പോള്‍ പഴത്തിന്റെ വലിപ്പം കൂടുന്നതായും അതിലെ എണ്ണയുടെ അംശം വര്‍ധിക്കുന്നതായും കണ്ടു. അവക്കാഡോ തോട്ടം ആഴത്തില്‍ മണ്ണിളക്കരുത്. കാരണം ഇതിന്റെ വേരുകള്‍ മണ്‍നിരപ്പിനടുത്തു തന്നെയായിരിക്കും പടര്‍ന്ന് വളര്‍ന്നിരിക്കുക. കളവളര്‍ച്ച തടയാനായാല്‍ നന്ന്. എന്ത് ഇടപ്പണി ചെയ്താലും തരക്കേടില്ല, അവക്കാഡോയുടെ വേരുപടലത്തെ ഉപദ്രവിക്കാന്‍ പാടില്ല.
വിളവ്
കായ് വിളയുന്നതിന് കാലാവസ്ഥയുമായി പ്രത്യക്ഷബന്ധം അവക്കാഡോയ്ക്കുണ്ട്. വിത്തു തൈകള്‍ ഏകദേശം 5-6 വര്‍ഷമെടുക്കും കായ്ക്കാന്‍. എന്നാല്‍ ഒട്ടുതൈകള്‍ക്ക് കായ് പിടിക്കാന്‍ 3-4 വര്‍ഷം മതി. നല്ല ചൂടുള്ള സ്ഥലങ്ങളില്‍ ആറുമാസം മതി കായ് മൂത്ത് പാകമാകാന്‍. എന്നാല്‍ തണുപ്പ് കൂടിയ പ്രദേശങ്ങളില്‍ കായ് മൂക്കാന്‍ 12 മുതല്‍ 18 മാസം വരെ വേണം. ദക്ഷിണേന്ത്യയില്‍ അവക്കാഡോ പൂക്കുന്നത് നവംബര്‍-ഡിസംബര്‍ മാസങ്ങളിലും കായ് പാകമാകുന്നത് ജൂലായ്- ഓഗസ്റ്റ് മാസങ്ങളിലുമാണ്. പാകമായ കായ് പഴുക്കാന്‍ 5-10 ദിവസം മതി. പഴുക്കുമ്പോള്‍ കായ്ക്ക് വലിയ നിറവ്യത്യാസം ഉണ്ടാകുകയില്ല. അതിനാല്‍ മൂപ്പ് അറിയാന്‍ തെല്ല് വിഷമമാണ്. പൂവ് വിരിഞ്ഞതു മുതലുള്ള കാലദൈര്‍ഘ്യം, കായുടെ വലിപ്പം മുതലായവ കണക്കിലെടുത്തു വേണം വിളവെടുപ്പ്. മൂത്ത കായ്കള്‍ മാത്രമേ വിളവെടുക്കാവൂ. താഴ്ന്ന താപനിലയില്‍ ഒരു മാസം വരെ കായ്കള്‍ കേടാകാതെ സൂക്ഷിക്കാം. 10-12 വര്‍ഷം പ്രായമായ ഒരു മരത്തില്‍ നിന്ന് ശരാശരി 300-400 പഴം വരെ കിട്ടും.

ആരാധകരേറുന്ന അവക്കാഡോ
ആഗോളതലത്തില്‍ അവക്കാഡോയ്ക്ക് ആരാധകരേറുന്നു എന്നാണ് വര്‍ത്തമാനകാല അനുഭവങ്ങള്‍ പറയുന്നത്. പഴത്തിന്റെ പോഷകമൂല്യം വ്യക്തമായി തിരിച്ചറിഞ്ഞതോടെയാണ് ഈ മുന്നേറ്റം എന്ന് വിപണി വൃത്താന്തങ്ങള്‍ സൂചിപ്പിക്കുന്നു. യൂറോപ്പിലും അമേരിക്കയിലുമൊക്കെ പ്രാതലിനുള്ള ഭക്ഷ്യവിഭവമായി അവക്കാഡോ മാറിയിരിക്കുന്നു. ആഗോളതലത്തില്‍ മെക്സിക്കോയാണ് അവക്കാഡോ ഉത്പാദനത്തിലെ കിങ്മേക്കര്‍. ഒരു വര്‍ഷം ഏകദേശം 2,443,000 ടണ്‍ പഴമാണ് ഉത്പാദനം. ഇവിടെ മിക്കാവോക്കാന്‍ സംസ്ഥാനമാണ് 80% ഉത്പാദനവും നല്‍കുന്നത്. തൊട്ടടുത്താണ് കൊളംബിയയുടെ സ്ഥാനം. പ്രതിവര്‍ഷം ഏകദേശം 980000 ടണ്‍ പഴം. പെറുവാണ് മൂന്നാം സ്ഥാനത്ത്. പ്രതിവര്‍ഷം 777000 ടണ്‍ അവക്കാഡോ. ഡൊമിനിക്കന്‍ റിപ്പബ്ലിക്, ഇൻഡൊനീഷ്യ, കെനിയ, ബ്രസീല്‍, എത്യോപ്യ, ഹെയ്ത്തി, ചിലി എന്നിങ്ങനെയാണ് തൊട്ടുപിന്നിലുള്ള രാജ്യങ്ങള്‍.
ഇന്ത്യയില്‍ തമിഴ്നാട്, കേരളം, മഹാരാഷ്ട്ര, കര്‍ണാടക, സിക്കിം, മധ്യപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലാണ് അവക്കാഡോ കൃഷിയുള്ളത്. കേരളത്തില്‍ വയനാട്, ഇടുക്കി, കോഴിക്കോട് എന്നീ ജില്ലകളിലാണ് കൃഷി നിലനില്‍ക്കുന്നത്. വയനാട്ടില്‍ അമ്പലവയലിലും പരിസരപ്രദേശങ്ങളിലും അവക്കാഡോ കൃഷി കൂടുതലായുണ്ട്. ഇവിടെ നിന്ന് ഡല്‍ഹി, മുംബൈ, ചെന്നൈ, ബംഗളൂരു തുടങ്ങി വിവിധ നഗരങ്ങളിലേക്ക് വെണ്ണപ്പഴം ധാരാളമായി കയറ്റുമതി ചെയ്യുന്നുണ്ട്. ഉരുണ്ട ആകൃതിയും തിളക്കമുള്ള തൊലിയും ഇടത്തരം വലിപ്പവുമുള്ള അവക്കാഡോയ്ക്കാണ് വിപണിയില്‍ ഡിമാന്റ്. കൂടാതെ കേരളത്തിനകത്തു തന്നെ മറ്റു ജില്ലകളിലും ഇന്ന് ഇതിന് ആവശ്യക്കാര്‍ ഏറിയിരിക്കുന്നു. സാധാരണ കിലോയ്ക്ക് 200 രൂപയാണ് വിലയെങ്കിലും ഇനവ്യത്യാസമനുസരിച്ച് അവക്കാഡോയ്ക്ക് 400 മുതല്‍ 500 രൂപ വരെ വിലയെത്താറുണ്ട്.
തൈകള്‍ എവിടെ കിട്ടും?
അവക്കാഡോയുടെ മികച്ച തൈകള്‍ വില്‍ക്കുന്ന നിരവധി രജിസ്റ്റേര്‍ഡ് നഴ്സറികള്‍ നിലവിലുണ്ട്. കൂടാതെ കേരള കാര്‍ഷിക സര്‍വകലാശാലയുടെ സെന്‍ട്രല്‍ നഴ്സറിയിലും മറ്റും തൈ വില്പന നടത്തുന്നു. അവക്കാഡോയുടെ വിത്തു തൈയ്ക്ക് 30 രൂപയും പോളിബാഗില്‍ വളര്‍ത്തിയ ഒട്ടുതൈയ്ക്ക് 200 രൂപയുമാണ് വില. ഒരു വയസ്സ് പ്രായമായ തൈയ്ക്കാകട്ടെ വില 300 രൂപയാണ്.

മേന്മകളേറെ
ഇതരഫലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കരോട്ടിനും കൊഴുപ്പും ഒരുപോലെ ധാരാളം അടങ്ങിയ പഴമാണ് അവക്കാഡോ. വെണ്ണപ്പഴത്തില്‍ കൊഴുപ്പ് അടങ്ങിയിരിക്കുന്നു എന്നതിനാല്‍ ചിലരെങ്കിലും ഇതുപയോഗിക്കാന്‍ വൈമുഖ്യം കാട്ടാറുണ്ട്. എന്നാല്‍ ഇതിലുള്ള കൊഴുപ്പ് അപൂരിതമാണെന്നതാണ് വാസ്തവം. അതുകൊണ്ടുതന്നെ അവക്കാഡോ ആരോഗ്യവിഭവമാണെന്ന കാര്യത്തില്‍ സംശയം വേണ്ട. കൂടാതെ കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ്, സിങ്ക്, പൊട്ടാസ്യം, സോഡിയം, വിറ്റാമിന്‍ എ, ബി കോംപ്ലക്സ്, സി, ഇ, നാര് എന്നിവയും അവക്കാഡോയില്‍ ധാരാളം അടങ്ങിയിരിക്കുന്നു. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു; ചര്‍മ്മത്തിന്റെ മൃദുത്വവും തിളക്കവും വര്‍ധിപ്പിക്കുന്നു, ജരാനര ചെറുക്കുന്നു. സസ്യാഹാരഭോജികള്‍ സലാഡ്, സാന്ഡ്വിച്ച് എന്നിവയില്‍ അവക്കാഡോയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്നു. ധാരാളം കൊഴുപ്പ് അടങ്ങിയിരിക്കുന്നതിനാല്‍ ഇവര്‍ ഇറച്ചിക്ക് പകരമുള്ള കൊഴുപ്പിന്റെ സ്ഥാനത്താണ് ഇതുപയോഗിക്കുന്നത്. വാഴപ്പഴത്തില്‍ അടങ്ങിയിക്കുന്നതിനേക്കാള്‍ കൂടുതല്‍ പൊട്ടാസ്യം അവക്കാഡോയിലുണ്ട്. നാരിന്റെ അംശത്തിലും ഇത് ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു. ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ അവക്കാഡോയുടെ ഉപയോഗം സഹായിക്കും.
ധാരാളം നാര് അടങ്ങിയിട്ടുള്ളതിനാല്‍ ശരീരഭാരം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ തോത് കുറയ്ക്കാനും ഇതിന് കഴിവുണ്ട്. 100 ഗ്രാം അവക്കാഡോയില്‍ 7 ഗ്രാം നാര് അടങ്ങിയിരിക്കുന്നു. ഒരു ദിവസം നമുക്കാവശ്യമുള്ള നാരുകളുടെ 27 ശതമാനമാണിത്. നിരോക്സീകാരകങ്ങളുടെ കലവറ കൂടെയാണ് അവക്കാഡോ. ല്യൂട്ടിന്‍, സിസാന്തിന്‍ എന്നീ നിരോക്സീകാരകങ്ങള്‍ കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കും. പ്രായാധിക്യത്താല്‍ വരുന്ന തിമിരത്തിനു ഇത് പരിഹാരമാണ്. അര്‍ബുദകോശങ്ങളുടെ വളര്‍ച്ച തടയുക, രക്തസമ്മര്‍ദ്ദം ക്രമീകരിക്കുക, ശരീരത്തില്‍ സംഭവിക്കുന്ന സ്വതന്ത്രറാഡിക്കലുകളുടെ രൂപീകരണവും ഉത്പാദനവും ഫലപ്രദമായി തടഞ്ഞ് വാര്‍ധക്യസംബന്ധിയായ പ്രശ്നങ്ങള്‍ വലിയൊരു പരിധി വരെ മന്ദീഭവിപ്പിക്കുക, അന്നജത്തിന്റെ അംശം കുറവായതിനാല്‍ പ്രമേഹബാധിതര്‍ക്ക് ആശ്വാസമാകുക തുടങ്ങി നിരവധി ആരോഗ്യസംരക്ഷകമേന്മകള്‍ അവക്കാഡോ എന്ന വെണ്ണപ്പഴത്തിനുണ്ട്.
ഇനി ഇതിനെല്ലാമുപരി വെണ്ണപ്പഴത്തിനെ 'ആനന്ദദായകഫലം' എന്നാണ് വിശേഷിപ്പിക്കുന്നത്. ഇതിനുമുണ്ട് ഒരു രസതന്ത്രം; ശരീരത്തില്‍ 'ഹോമോസിസ്റ്റീന്‍' എന്ന പേരില്‍ ഒരു രാസപദാര്‍ത്ഥം ഉണ്ടാകാറുണ്ട്. എന്നാല്‍ ഇത് അമിതമായി ഉത്പാദിപ്പിക്കപ്പെട്ടാല്‍ സിറോട്ടോണിന്‍, ഡോപ്പമിന്‍ എന്നീ രാസപദാര്‍ത്ഥങ്ങളുടെ ഉത്പാദനത്തെ തടയും. സിറോട്ടോണിനാകട്ടെ സന്തോഷത്തിന്റെ ഹോര്‍മോണും ഡോപ്പമിന്‍ നമുക്ക് സുഖനിദ്ര തരുന്നതുമാണ്. ഇവ രണ്ടിന്റെയും അളവ് കുറഞ്ഞാല്‍ മനുഷ്യന്റെ കാര്യം കഷ്ടം. ഇവിടെയാണ് വെണ്ണപ്പഴത്തിന്റെ ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്ന ഫോളേറ്റിന്റെ പ്രസക്തി. ഫോളേറ്റാകട്ടെ നേരത്തെ സൂചിപ്പിച്ച ഹോമോസിസ്റ്റീന്‍ എന്ന രാസപദാര്‍ത്ഥം അമിതമായി ഉത്പാദിപ്പിക്കുന്നത് തടയും. ഫലത്തില്‍ സിറോട്ടോണിനും ഡോപ്പമിനും കൂടുതലായി ഉണ്ടാകും. ആനന്ദലബ്ധിക്കിനിയെന്തുവേണം!
Content Highlights: Discover the fascinating history of avocado, its health benefits, and how to grow
Published: 20 Sept 2024, 03:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented