മരുന്നുചെടികളുടെ ലോകം എന്ന് എല്ലാവരും കേട്ടിട്ടുണ്ടാകുമല്ലോ. എന്നാൽ ഇപ്പോൾ കർഷകർ പറയുന്നത് നേരേ തിരിച്ചാണ്. പുതിയ ലോകത്തിന് ചെടികളാണ് മരുന്ന്. സംശയമുള്ളവരുണ്ടോ? നേരേ തിരുവനന്തപുരത്തേക്ക് പോരൂ. വിഴിഞ്ഞത്ത് ഷാബു മാഷും ആശ ടീച്ചറും നടത്തുന്ന ഔഷധത്തോട്ടം എല്ലാ സംശയവും തീർത്തു തരും.
അധ്യാപകരെ വിദ്യാർഥികളാക്കിയ ചെടികൾ
പണ്ട് കെമിസ്ട്രി പഠിച്ചതാണ് ഷാബു മാഷ്. രസതന്ത്രം തന്നെയായിരുന്നു ആശ ടീച്ചറും. ചെടികളിലെ ഔഷധഗുണങ്ങളെ പറ്റി പണ്ട് പ്രത്യേകം പഠിച്ചു. പിന്നെ ക്രൈസ്റ്റ് നഗർ സ്കൂളിലെ അധ്യാപകരായി.. പിഎച്ച്ഡി ചെയ്തിട്ടും തിസീസ് സമർപ്പിക്കാഞ്ഞ സങ്കടം മാഷ് പറമ്പിൽ ഇറങ്ങിത്തന്നെ തീർത്തു. ഷാബു മാഷ് പറയുന്നു.' ഇപ്പോൾ പഠിപ്പീര് നിർത്തി. പഠിക്കാൻ തുടങ്ങി. മൂന്നു പതിറ്റാണ്ട് മുമ്പ് നിർത്തേണ്ടി വന്ന ഗവേഷണം ഇപ്പോഴാണ് ശരിക്കും നടത്തുന്നത്. നാട്ടുകാർക്ക് ഒരു ഗുണവുമില്ലാത്ത രസതന്ത്രം കൊണ്ട് എന്ത് കാര്യം?'
ഷാബു മാഷിന്റേയും ആശ ടീച്ചറുടേയും മൂത്ത മകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി മുന്നേറുകയാണ്. മകൻ ഐടി കഴിഞ്ഞു. 'രണ്ടു പേർക്കും വല്ലാത്ത ടെൻഷനാണ്. ഒന്നിനും സമയമില്ല.. ഞാൻ കുട്ടികളോട് പറഞ്ഞു. സ്വന്തമായി എന്തെങ്കിലും ചെയ്യൂ. നിങ്ങളുടെ വർക്കു കൊണ്ട് ആർക്കെങ്കിലും നാലാൾക്ക് തൊഴിൽ കിട്ടട്ടെ.'
മലപ്പുറം വണ്ടൂരിൽ നിന്നുള്ള സംരംഭക ജുമൈലാ ബാനുവുമായി ഷാബു മാഷ് പരിചയപ്പെടുന്നത് ആയിടെയാണ്. അങ്ങനെ കസ്തൂരി മഞ്ഞൾ കൃഷിയിലേക്ക് ചുവടുവച്ചു. ഉദ്ദേശിച്ചതിനേക്കാൾ വളരെ കൂടുതലായിരുന്നു വിളവ്. പിന്നെപ്പിന്നെ ആവശ്യക്കാരുമായി നേരിട്ട് ബന്ധപ്പെടാൻ തുടങ്ങി. 'കസ്തൂരി മഞ്ഞൾ ഒരേക്കറിലാണ് നട്ടത്. പത്തു ടണ്ണോളം കിട്ടി. ഇതോടെ ആത്മവിശ്വാസമായി. കൃഷി പറ്റും എന്ന് ബോധ്യപ്പെട്ടു. എന്നാൽ അതിലും കൂടുതൽ പഠിച്ചു.. വാങ്ങാനെത്തുന്നവർക്ക് ആവശ്യമുള്ളത് ഉല്‍പാദിപ്പിച്ചാലേ വിറ്റഴിക്കാനാവൂ. അല്ലാതെ ഔഷധച്ചെടികൾ ഒരുപാടുണ്ടാക്കിയിട്ട് കാര്യമില്ല. നാട്ടുകാർക്ക് ഇതുകൊണ്ട് ആവശ്യമില്ല. അതിനാൽ ഏത് വിളവ് ഏത് ഗുണനിലവാരത്തിൽ നൽകാമെന്ന് ഉറപ്പിക്കണം.'
ആദ്യ വിളവെടുപ്പ് കഴിഞ്ഞതോടെ തിരുവല്ലം ക്രൈസ്റ്റ് നഗർ സ്കൂളിൽ തന്നെ അധ്യാപികയായിരുന്ന ആശ ടീച്ചറും വിആർഎസ് എടുത്തു. സ്വയം വിരമിച്ച് ടീച്ചറും കൃഷിക്കെത്തിയതോടെ ഷാബു മാഷിനും സപ്പോർട്ടായി. 'ആദ്യത്തെ വിളവെടുപ്പ് കഴിഞ്ഞതോടെ തന്നെ അഗ്രിമെഡിസിൽ കോൺഫിഡന്റായി ഞങ്ങൾ. വളരെ ശാന്തമായ അന്തരീക്ഷം. ടെൻഷൻ ഫ്രീ ജീവിതം. ജോലി നമുക്ക് ഇഷ്ടമുള്ള പോലെ ചെയ്താൽ മതി.. അധ്യാപനത്തേക്കാൾ സ്വസ്ഥത എന്ന് പറഞ്ഞാൽ തന്നെ മനസ്സിലാവുമല്ലോ. അത്രയ്ക്കും സ്വസ്ഥം'. ടീച്ചർ പറഞ്ഞു.
ചിറ്റരത്തയെന്ന സൗഭാഗ്യം
കോയമ്പത്തൂർ ആര്യവൈദ്യശാലയാണ് ചിറ്റരത്ത വേണമെന്ന് മാഷോടും ടീച്ചറോടും പറഞ്ഞത്. 'ആയുർവേദ മേഖല ശരിക്കും പ്രതിസന്ധി നേരിടുന്നുണ്ട്. വേണ്ടത്ര ചെടികൾ കിട്ടാനില്ല. ഗുണനിലവാരമുള്ള ചെടികൾ കിട്ടിയില്ലെങ്കിൽ മരുന്നിനും ഗുണം കുറയും. ആവശ്യക്കാർ പറയുന്ന അളവിൽ പറയുന്ന വിധത്തിൽ ഔഷധച്ചെടികൾ നൽകാനാവണം'
ഇഞ്ചിയുടെ കുടുംബക്കാരനാണ് ചിറ്റരത്ത. ഏലത്തെപ്പോലെ നീണ്ട ഇലകൾ. രസ്ന എന്നും പേരുണ്ട്. സംശയിക്കേണ്ട. നമ്മുടെ രാസ്നാദിപ്പൊടി വരുന്നത് ഇവിടെ നിന്നു തന്നെ. നല്ല മണമുള്ള വേരുകളാണ് ആയുർവേദത്തിന് പ്രിയം. കാട്ടിൽ നിന്ന് പണ്ടത്തേപ്പോലെ കിട്ടാനില്ല. വനനശീകരണം പേടിച്ച് വനം വകുപ്പ് നിബന്ധനകൾ കർശനമാക്കിയിട്ടുണ്ട്. വേണ്ടത്ര കൃഷിയൊട്ടില്ല താനും. ആ സാഹചര്യത്തിലാണ് ചിറ്റരത്തയ്ക്ക് ഡിമാൻഡ് കൂടുന്നത്.
കഴക്കൂട്ടം പള്ളിപ്പുറത്ത് ഭാവിയിൽ എഞ്ചിനീയറിങ് കോളേജ് തുടങ്ങാൻ ഉദ്ദേശിച്ച് മാറ്റിയിട്ടിട്ടുള്ള സ്ഥലമുണ്ട്. ഷാബുമാഷും ആശടീച്ചറും ഇവിടെ എത്തി. കസ്തൂരി മഞ്ഞളിന്റെ വിജയം അറിഞ്ഞ സുഹൃത്ത് നസറുദ്ദീൻ പ്രോത്സാഹിപ്പിച്ചു. ഇവിടെ 75 ഏക്കറിൽ വാഴ നടുന്ന ജോയ് പറമ്പൊരുക്കാൻ സഹായിച്ചു. അങ്ങനെ 18 ഏക്കറിൽ തടമൊരുക്കി. ചിറ്റരത്ത നട്ടു.
'വലിയ പ്രദേശത്ത് എങ്ങനെ കൃഷി ചെയ്യാമെന്ന് പഠിച്ചത് ഇവിടെ നിന്നാണ്. പറഞ്ഞല്ലോ. ചിറ്റരത്ത ഓപ്പൺ മാർക്കറ്റിൽ പോവില്ല. അതിനാൽ വാങ്ങുന്നവരുടെ നിബന്ധനകൾക്കാണ് പ്രാമുഖ്യം. ഔഷധച്ചെടികൾ നടുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ടത് മണ്ണാണ്. എല്ലാ മണ്ണിലും എല്ലാ ചെടികളും പറ്റില്ല. എന്നാലോ? ഓരോ മണ്ണിനും പറ്റിയ ചെടികളുണ്ട്. ഇത് തിരിച്ചറിഞ്ഞു വേണം കൃഷി. ഇത് അറിഞ്ഞാൽ ഉല്പന്നം വാങ്ങുന്നവർക്ക് വേണ്ട സ്പീഷിസ് ഏതെന്ന് പരിശോധിക്കണം. മിക്കവാറും അവർ തന്നെ വിത്തും തരാറുണ്ട്. വിളവെടുപ്പ് കഴിഞ്ഞാൽ അപ്പോൾ തന്നെ അവർ അത് വാങ്ങുകയും ചെയ്യും.'
അനുഭവത്തിൽ നിന്ന് ടെൻഷൻ ഫ്രീ ആയ കൃഷിയാണ് ഇതെന്ന് വ്യക്തമാക്കുന്നു ആശടീച്ചറും ഷാബു മാഷും.
'മണ്ണൊരുക്കലാണ് ആദ്യം. നാല് അടിയുള്ള ചാലുകളാക്കി. ഒരടി അകലത്തിൽ കിഴങ്ങ് നടണം. അകലം കുറയ്ക്കരുത്. ഇഞ്ചി പോലെയാണ്. നന്നായി പടരും. അതിനാൽ പ്രത്യേക ശ്രദ്ധ വേണം. നമുക്ക് ലേബർ കോസ്റ്റ് കൂടുതലാണ്. അതിനുള്ള വരുമാനവും ഇവിടെ നിന്ന് തന്നെ കണ്ടെത്താൻ കഴിയണം.'
രാസ്നാദിപ്പൊടിയുണ്ട സുഗന്ധമാണ് തൊടി മുഴുവൻ.. ആശ ടീച്ചർ പറയുന്നു. 'ആദ്യത്തെ ആറു മാസം കഴിഞ്ഞാൽ പിന്നെ തൊടിയിൽ കള വളരില്ല. ഞങ്ങളും മണ്ണിന്റെ പിഎച്ച് ഒക്കെ നോക്കിയാണ് കൃഷി തുടങ്ങിയത്. പൊട്ടാഷ് അൽപം ചേർക്കണം. ഒന്നര വർഷമാണ് കാലാവധി. എന്നാൽ മറ്റു വിളകളെപ്പോലെ കൃത്യമായി അതേ ദിവസം തന്നെ വിളവെടുക്കണമെന്നില്ല. നിർത്താതെ കൊണ്ടു പോകാം. എന്നാലും ആവശ്യക്കാർക്ക് വേണ്ട സമയത്ത് തന്നെ വിളവെടുക്കുകയാണ് പ്രധാനം.'
ചെത്തിക്കൊടുവേലിയും ബോംബെ നന്നാറിയും
ചിറ്റരത്തയുടെ വിജയത്തോടെയാണ് വീട്ടുവളപ്പിൽ ചെത്തിക്കൊടുവേലി നടാൻ തുടങ്ങിയത്. ചുവന്ന പൂക്കളുള്ള മറ്റൊരു ഔഷധച്ചെടി. 'ചെത്തിക്കൊടുവേലി നമ്മുടെ എല്ലാ തെങ്ങിൻ തോപ്പിലും നടാവുന്നവയാണ്. ആവശ്യം ഉണ്ടോ എന്ന് നോക്കി പരിശോധിച്ചുമാത്രം കൃഷി എന്ന് മറക്കരുതെന്നേയുള്ളൂ. കാരണം തണലാണ് ഈ ചെടിക്ക് വേണ്ടത്. തെങ്ങിൻ തോപ്പുകളിൽ ഇത് നട്ടാൽ നന്നായി വളരും. രണ്ടു വരുമാനവുമാവും' ഇതിനൊപ്പം ആന്ധ്രയിൽ നിന്നെത്തിച്ച മുംബൈ നന്നാറിയും നട്ടു. രണ്ടു നന്നായി വളരുന്നു.
'ഞങ്ങൾ ഇത് തൈകളാക്കി വികസിപ്പിച്ച ശേഷമാണ് മണ്ണിൽ നടുന്നത്. ചെടികളുടെ വളർച്ച ഉറപ്പാക്കാനാണിത്. ചകിരിച്ചോറും മണലും മണ്ണും ചേർത്ത ഗ്രോ ബാഗുകളിൽ മുളപ്പിച്ചെടുത്ത തൈകളാണ് നടുന്നത്. തണ്ടു മുറിച്ചു നട്ടാൽ മതി. ചെത്തിക്കൊടുവേലി നാലടിയോളം ഉയരം വയ്ക്കും. അത്രയ്ക്ക് വളർത്താതെ തന്നെ മുറിച്ചു നടാം. അപ്പോഴാണ് വേരിന് നല്ലത്. ചെത്തിക്കൊടുവേലിക്കും മുംബൈ നന്നാറിക്കും നല്ല ഡിമാൻഡുണ്ട്.'
സുഗന്ധ തൈലത്തിന്റെ വിപണി
ചിറ്റരത്തയുടെ വേരിനാണ് ആര്യവൈദ്യശാലയ്ക്ക് ആവശ്യം. ബാക്കിയുള്ളതെല്ലാം കളയുകയാണ് പതിവ്. എന്നാൽ ചെടി വാറ്റിയെടുത്താൽ അതിഗംഭീരമായ ഫേസ്ക്രീമുകളുടയേും ഓയിലുകളുടേയും വിപണിയുണ്ടെന്നാണ് ഷാബു മാഷും ആശ ടീച്ചറും തിരിച്ചറിയുന്നത്. ഇതിനായി പ്രത്യേക യന്ത്രങ്ങൾ ഏർപ്പാടാക്കി. ദീർഘകാലാടിസ്ഥാനത്തിൽ വൻതോതിൽ വിപണിയെ കീഴടക്കാവുന്ന ഒന്നായി ഈ എക്സ്ട്രാക്ടുകൾ മാറും. 'നിലവിലെ സൗന്ദര്യവർദ്ധക വസ്തുക്കളെല്ലാം രാസവസ്തുക്കളാണ്. വിദേശ രാജ്യങ്ങളെല്ലാം ജൈവ മാർഗ്ഗത്തിലേക്ക് മാറുന്ന കാലമാണിത്. അതിന് ഏറ്റവും അനുയോജ്യമാണ് നമ്മുടെ പല ഔഷധച്ചെടികളും. വിപണിയിലെ ആവശ്യത്തിന്റെ ചെറിയൊരു പങ്കു മാത്രമേ നമുക്ക് നൽകാനാവൂ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ'
പഠിപ്പിച്ചതിനേക്കാൾ പഠിച്ചെടുക്കുകയാണ് അനുഭവങ്ങളിലൂടെ ഷാബു മാഷും ആശ ടീച്ചറും. 'ഇത് രണ്ടാം ഇന്നിങ്സാണ്. ഇപ്പോൾ ആത്മവിശ്വാസത്തോടെ ഇറങ്ങാം. കാരണം ചെറുപ്പത്തിൽ ഉണ്ടായിരുന്ന ആ അമിതാവേശം ഇല്ല.' കാര്യങ്ങൾ തിരിച്ചറിഞ്ഞ് മുന്നോട്ടു പോകുമ്പോഴുള്ള തിരിച്ചറിവിന്റെ തിളക്കത്തിലാണ് രണ്ടു പേരും.
Published: 25 Nov 2026, 09:09 am IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented