
ഭക്ഷ്യസുരക്ഷയെ കുറിച്ചുള്ള ചർച്ചകളും ചോദ്യങ്ങളും സജീവമാകുന്ന കാലമാണ്. സുരക്ഷിതവും പോഷകസമൃദ്ധവും സുസ്ഥിരവുമായ ഭക്ഷണം ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കുക വലിയ വെല്ലുവിളിയായിരിക്കുന്നു. വിഷരഹിതമായ നല്ല ഭക്ഷണം വിപണിയിൽ നിന്ന് വിലകൊടുത്തു വാങ്ങാമെന്ന് വിചാരിച്ചാൽ പോലും നടക്കുന്നില്ല. നാം ദിവസവും കഴിക്കുന്ന ആഹാരത്തിന്റെ ഉറവിടം പോലും അറിയാതെ വിഷലിപ്തമായ പച്ചക്കറികളും ഭക്ഷ്യ ഉത്പന്നങ്ങളും ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു.
ഭക്ഷ്യസുരക്ഷ എന്നത് ഓരോ വീട്ടിൽനിന്നും ആരംഭിക്കേണ്ട ജീവിതസംസ്കാരമാണ്. കാലാവസ്ഥാ വ്യതിയാനവും അമിതമായ രാസവളപ്രയോഗവും ഭീഷണിയാകുന്ന കാലത്ത്, സ്വന്തം അടുക്കളത്തോട്ടത്തിൽ വിളയുന്ന വിഷരഹിതമായ ഒരു പിടി പച്ചക്കറികൾക്ക് നമ്മുടെ കുടുംബത്തിന്റെ ഭാവിയെത്തന്നെ മാറ്റിമറിക്കാൻ കഴിയുമെന്ന് തെളിയിക്കുകയാണ് മുഹ്സീന എന്ന യുവ കർഷക. കേരളം വിട്ട് കാനഡയിലെത്തിയപ്പോഴും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാൻ കൃഷിയെ ചേർത്തുപിടിച്ച മുഹ്സീന നിരവധി പേർക്ക് പ്രചോദനമാണ്.
ഐ.ടി മേഖലയിലെ സുരക്ഷിതമായ ജോലി ഉപേക്ഷിക്കാതെ, മണ്ണും കൃഷിയും സ്വന്തം ജീവിതത്തിന്റെ ഭാഗമാക്കിയ മലയാളി യുവതി. മഞ്ഞുമൂടിയ കനേഡിയൻ ഗ്രാമാന്തരീക്ഷത്തിൽ, തന്റെ ഫാമിലെ പച്ചക്കറിത്തോട്ടത്തിൽ മണ്ണറിഞ്ഞ് പണിയെടുക്കുന്ന മുഹ്സിനയെ കാണുമ്പോൾ ആരും അത്ഭുതപ്പെടും. ഹീറ്റഡ് ഗ്രീൻഹൗസിലെ പച്ചക്കറി കൃഷിയും കോഴി വളർത്തലും ജീവിതത്തിന്റെ ഭാഗമാണെന്നും ഐടി ജോലിക്കൊപ്പം കാർഷികവൃത്തി മുന്നോട്ടുകൊണ്ടുപോകുന്നത് തനിക്ക് ഒരിക്കലും ഭാരമായിട്ടില്ലെന്നും മുഹ്സീന പറയുന്നു.
അമ്മ നൽകിയ മാതൃക, ഭർത്താവിന്റെയും കുടുംബത്തിന്റെയും കരുതൽ
കൊച്ചിയിൽ ജനിച്ചുവളർന്ന മുഹ്സീനയ്ക്ക് അമ്മയായിരുന്നു കൃഷിയിൽ മാതൃക. അമ്മയുടെ ചെറിയ അടുക്കളത്തോട്ടവും അവ ഉപയോഗിച്ചുള്ള ഭക്ഷണചര്യയുമെല്ലാം മുഹ്സീനയ്ക്ക് കൃഷിയോടുള്ള താത്പര്യം വർധിപ്പിച്ചു. പ്ലസ്ടു പഠനകാലത്ത് ക്യാൻസർ ബാധിച്ച് അമ്മ മരിച്ചതോടെയാണ് ആ വേദനയിൽനിന്നു കരകയറാൻ മുഹ്സീന പ്രകൃതിദത്തമായ ജീവിതരീതിയിലേക്ക് തിരിഞ്ഞത്.
കരിയറിന്റെ തുടക്കത്തിൽ ഇൻഫോസിസിലും തുടർന്ന് ടി.സി.എസിലും മുഹ്സിന സേവനമനുഷ്ഠിച്ചിരുന്നു. അപ്പോഴും കൃഷി മുഹ്സീനയുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. വിവാഹശേഷം ആലപ്പുഴയിലെത്തിയപ്പോഴും ആ ചെറിയ പ്ലോട്ടിലെ ബാൽക്കണിയിലും ടെറസിലുമായി കൃഷി തുടർന്നു. ആറു വർഷങ്ങൾക്ക് മുൻപാണ് ഭർത്താവിനൊപ്പം കാനഡയിലെത്തിയത്. കാനഡയുടെ മണ്ണിലും മുഹ്സീന കൃഷിയും ജോലിയും ഉപേക്ഷിച്ചില്ല. അവിടുത്തെ മുതിർന്ന കർഷകരുമായി സംവദിക്കുകയും കനേഡിയൻ മണ്ണ് എങ്ങനെ ഫലഭൂയിഷ്ഠമാക്കാമെന്ന് പഠിച്ചെടുക്കുകയും ചെയ്തതോടെ അത്രമേൽ ഇഷ്ടപ്പെട്ട കാർഷികവൃത്തി കാനഡയിലും മുഹ്സീനയുടെ ജീവിതത്തിന്റെ ഭാഗമായി
ജൈവവളങ്ങളുടെ ഉയർന്ന വിലയും ലഭ്യതക്കുറവുമായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. ഇതിനൊരു ശാശ്വത പരിഹാരമെന്ന നിലയിലാണ് സ്വന്തമായി കോഴിഫാം ആരംഭിക്കാൻ മുഹ്സീന തീരുമാനിച്ചത്. സാധാരണ 80 കോഴികൾക്കുമാത്രം അനുമതിയുള്ള പ്രദേശത്ത് പ്രത്യേക പെർമിറ്റ് എടുത്ത് 186 കോഴികളെ വളർത്താൻ തുടങ്ങി. ഇതിലൂടെ ഫാമിലേക്ക് ആവശ്യമായ ജൈവവളവും ദിവസേന നൂറിലധികം ഫ്രഷ് മുട്ടകളും ലഭ്യമായി തുടങ്ങി.
ഹീറ്റഡ് ഗ്രീൻഹൗസ്
ഫാമിൽ ഹീറ്റഡ് ഗ്രീൻഹൗസ് (Heated Greenhouse) സൗകര്യമൊരുക്കിയാണ് പ്രതികൂല കാലാവസ്ഥയിലും കൃഷി സാധ്യമാക്കുന്നത്. വെണ്ടക്ക, തക്കാളി, കുമ്പളങ്ങ, ചീര, പയർവർഗ്ഗങ്ങൾ, മത്തങ്ങ തുടങ്ങിയ കേരളീയ പച്ചക്കറികളും സ്പിനാച്ച്, ലെറ്റ്യൂസ് തുടങ്ങിയ കനേഡിയൻ ഗ്രീൻസുകളും ഇവിടെ സമൃദ്ധമായി വളരുന്നു. ജൂൺ മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിൽ വിളവെടുക്കുന്ന ജൈവ പച്ചക്കറികളും മുട്ടകളും ഫേസ്ബുക്ക് മാർക്കറ്റ് പ്ലേസ് വഴിയും നേരിട്ടും വിറ്റഴിക്കപ്പെടുന്നു.
നാല് വയസ്സും ഒന്നര വയസ്സും പ്രായമുള്ള തന്റെ മക്കൾക്ക് മണ്ണും പ്രകൃതിയും അറിഞ്ഞ് വളരാൻ കഴിയുന്ന ബാല്യം ഉറപ്പുവരുത്താൻ സാധിക്കുന്നതിലെ സന്തോഷവും അഭിമാനവും മുഹ്സീനയ്ക്കുണ്ട്. ഇന്നത്തെ കുഞ്ഞുങ്ങൾ ഭക്ഷണം എവിടെനിന്ന് വരുന്നുവെന്നോ അത് ഉത്പാദിപ്പിക്കാൻ കർഷകർ അനുഭവിക്കുന്ന കഷ്ടപ്പാടുകളോ അറിയാതെ വളരുമ്പോൾ, സ്വന്തം മക്കളെ ഭൂമിയോട് അടുപ്പിക്കാൻ കഴിയുന്നതാണ് ഈ ജീവിതത്തിന്റെ വലിയ നേട്ടമെന്ന് അവർ വിശ്വസിക്കുന്നു.
ഐ.ടി ഉദ്യോഗസ്ഥയായി തുടരുമ്പോഴും ശാരീരികാരോഗ്യവും മനഃസമാധാനവും നിലനിർത്താൻ കൃഷിയാണ് ഉചിതമെന്ന് മുഹ്സീന പറയുന്നു. ജിമ്മിൽ പോയി വ്യായാമം ചെയ്യുന്നതിനേക്കാൾ കുടുംബത്തോടൊപ്പം ഫാമിൽ പണിയെടുക്കുന്നത് ശരീരത്തിനും മനസ്സിനും എനർജി നൽകുന്നു. മെന്റലി ഐ.ടി മേഖലയിലും ഫിസിക്കലി ഫാർമിങിലും ശ്രദ്ധ കേന്ദ്രീകരിച്ച് രണ്ടും ഒരേപോലെ ബാലൻസ് ചെയ്തു കൊണ്ടുപോകാൻ സാധിക്കുന്നു.
കാനഡയിലെ ജോലിയും കാർഷികവൃത്തിയും ഒന്നിച്ചുകൊണ്ടുപോകാൻ സാധിക്കുന്നതിന് പിന്നിൽ ഭർത്താവിന്റെയും കുടുംബത്തിന്റെയും പിന്തുണയാണെന്ന് മുഹ്സീന പറയുന്നു. തനിക്ക് ഇഷ്ടപ്പെട്ട കാര്യങ്ങൾ അത്രമേൽ ഇഷ്ടത്തോടെ ചെയ്യാൻ സാധിക്കുന്നുണ്ടെങ്കിൽ അതിനുകാരണം ഭർത്താവ് തൻസിലും അദ്ദേഹത്തിന്റെ മാതാപിതാക്കളുമാണ്. 70-ാം വയസ്സിലും ഫാമിൽ തനിക്കൊപ്പം എല്ലാ ജോലികളിലും സഹായിക്കുന്ന അവരുടെ കരുതലാണ് തന്റെ വിജയത്തിന് പിന്നിൽ. ഭർത്താവും ഭർതൃപിതാവും ചേർന്നാണ് ഗ്രീൻഹൗസും ചിക്കൻ കൂപ്പും നിർമ്മിച്ചത്. ഇതിലൂടെ കാനഡയിലെ ഉയർന്ന നിർമ്മാണച്ചെലവുകൾ ഒഴിവാക്കാനും സാധിച്ചു.
പ്രചോദനമാണ് കാനഡയിലെ കർഷകരും
അയൽവാസിയായ 88 വയസ്സുള്ള മുതിർന്ന കനേഡിയൻ കർഷകന്റെ ജീവിതം തനിക്ക് വലിയ പ്രചോദനമാണെന്ന് മുഹ്സീന പറയുന്നു. മക്കൾ ഉയർന്ന ജോലിയിലുള്ള സമ്പന്നരായിട്ടും, വാർധക്യത്തിലും 40 ഏക്കറിൽ കൃഷി ചെയ്ത് ജീവിക്കുന്ന ആ വയോധികൻ അധ്വാനമാണ് ജീവിതത്തിന്റെ യഥാർത്ഥ ലഹരിയെന്ന് പഠിപ്പിച്ചു തന്നുവെന്നും നിഷ്ക്രിയമായി ഇരിക്കുന്നതാണ് മനുഷ്യനെ രോഗിയാക്കുന്നതെന്ന തിരിച്ചറിവ് കനേഡിയൻ ജീവിതം നൽകിയ വലിയ പാഠമാണെന്നും അവർ പറയുന്നു.
ഫാമിൽ ഇതുവരെ സ്വന്തം വരുമാനത്തിൽനിന്ന് നിക്ഷേപിച്ചാണ് ഗ്രീൻഹൗസുകളും അടിസ്ഥാനസൗകര്യങ്ങളും ഒരുക്കിയത്. കാനഡയിലെ മലയാളികൾക്കിടയിലും കനേഡിയൻ സ്വദേശികൾക്കിടയിലും മുഹ്സീനയുടെ ഉത്പന്നങ്ങൾക്ക് ഇന്ന് ആവശ്യക്കാരുണ്ട്. വരുംവർഷങ്ങളിൽ പച്ചക്കറി കൃഷി ഒരു ഏക്കറിലേക്ക് വികസിപ്പിക്കാനും കൂടുതൽ ഗ്രീൻഹൗസുകൾ നിർമ്മിക്കാനും മുഹ്സീന ലക്ഷ്യമിടുന്നു.
വേണം കർഷകർക്ക് പ്രോത്സാഹനം
കേരളം ദൈവത്തിന്റെ സ്വന്തം നാടാണെങ്കിലും അമിതമായ രാസവസ്തുക്കളുടെ ഉപയോഗം മൂലം നമ്മുടെ മണ്ണ് നശിക്കുകയാണെന്ന് മുഹ്സീന ചൂണ്ടിക്കാണിക്കുന്നു. മണ്ണ് കൃത്യമായി പരിചരിച്ചാൽ മികച്ച വിളവ് ലഭിക്കും. വീട്ടുവളപ്പിലെ ചെറിയ അടുക്കളത്തോട്ടം ഒരിക്കലും ഒരു വ്യക്തിയുടെമാത്രം ഉത്തരവാദിത്തമല്ല, ഇവിടെ കൂട്ടുത്തരവാദിത്തമാണ് ആവശ്യം. വീട്ടുവളപ്പിലെ കാർഷിക ഉത്പന്നങ്ങൾക്ക്, അത് ഉത്പാദിപ്പിക്കുന്ന വ്യക്തിയെ എപ്പോഴെങ്കിലും ആരെങ്കിലും അഭിനന്ദിക്കാറുണ്ടോയെന്നും മുഹ്സീന ചോദിക്കുന്നു. കുടുംബാംഗങ്ങൾ നൽകുന്ന ചെറിയൊരു അഭിനന്ദനം പോലും വലിയ പ്രോത്സാഹനമാകും. നമ്മുടെ വീട്ടിൽ നമുക്കാവശ്യമായ വിഷരഹിതമായ പച്ചക്കറികൾ ഉത്പാദിപ്പിക്കാൻ ഓരോ വ്യക്തിയും മുൻകൈ എടുക്കുന്നത് ഭക്ഷ്യസുരക്ഷയ്ക്ക് കൈത്താങ്ങാകും.
ഭക്ഷ്യസുരക്ഷ എന്നത് കേവലം ഭക്ഷണം ഉത്പാദിപ്പിക്കൽ മാത്രമല്ല; അത് സുരക്ഷിതവും പോഷകസമൃദ്ധവുമായ ഭക്ഷണം ഉറപ്പാക്കൽ കൂടിയാണ്. കാലാവസ്ഥാ വ്യതിയാനവും രാസവളങ്ങളുടെ അമിത ഉപയോഗവും കാർഷിക വ്യവസ്ഥയ്ക്ക് ഭീഷണിയാകുന്ന ഈ കാലഘട്ടത്തിൽ, മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുന്ന ജൈവകൃഷിയിലേക്കും പ്രകൃതിദത്ത ജീവിതരീതികളിലേക്കും തിരിഞ്ഞുനടക്കേണ്ടത് അനിവാര്യമാണ്. പ്രകൃതിയോട് ചേർന്നുള്ള ഈ സുസ്ഥിര ജീവനരീതിയും യുവതലമുറയുടെ കടന്നുവരവും ഒത്തുചേരുമ്പോൾ മാത്രമാണ് ഭൂമിയെയും കർഷകരെയും ഒരേപോലെ മാനിക്കുന്ന സമഗ്രമായ ഭക്ഷ്യസുരക്ഷ സംസ്കാരത്തിലേക്ക് നടന്നുനീങ്ങാൻ സാധിക്കുകയുള്ളൂ.
Published: 16 Nov 2026, 04:49 pm IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented