
വ്യാളീമുഖത്തുനിന്നുതിരുന്ന തീനാളങ്ങള്‍ പോലെ പഴത്തിന് ചുറ്റോടുചുറ്റും കുന്തമുനകളോട് സദൃശമായ തൊങ്ങലുകള്‍... വ്യാളിയുടെ ചെതുമ്പല്‍ മൂടിയ ദേഹം പോലെ പുറംതൊലി. ചൈനീസ് പുരാണേതിഹാസത്തിലെ തീതുപ്പുന്ന, ചിറകുകളുള്ള വ്യാളിയുടെ രൂപസാദൃശ്യവുമായി ഈ പഴം കേരളത്തിലെ വഴിയോരക്കാഴ്ചകള്‍ക്കും കൃഷിയിടങ്ങള്‍ക്കും പരിചിതമായിട്ട് ഏറെ നാളായിട്ടില്ല. നിരവധി വിദേശ പഴങ്ങളോടൊപ്പം ആദ്യകാലത്ത് ഇത് കേരളത്തില്‍ ഇറക്കുമതി ചെയ്തെത്തിക്കുകയായിരുന്നു പതിവ്. അന്ന് ഇതിന് രൂപഭാവങ്ങളിലെ വൈചിത്ര്യം നിമിത്തം അത്ര പ്രിയമുണ്ടായിരുന്നില്ല. ഇത് ഏകദേശം അഞ്ചോ ആറോ വര്‍ഷം മുമ്പുള്ള കഥ. എന്നാലിന്ന് ഇതല്ല അവസ്ഥ.
അറിയാം സഞ്ചാരിയായ ഡ്രാഗൺ ഫ്രൂട്ടിനെ
തെക്കേ അമേരിക്കയും മധ്യഅമേരിക്കയും മെക്സിക്കോയുമാണ് ഡ്രാഗൺ ഫ്രൂട്ടിൻ്റെ ജന്മദേശം.16-ാം നൂറ്റാണ്ടില്‍ യൂറോപ്യന്‍ കുടിയേറ്റക്കാരാണ് ഡ്രാഗണ്‍ ഫ്രൂട്ട് കടലു കടത്തി മറ്റു രാജ്യങ്ങളിലേക്കെത്തിക്കുന്നത്. അങ്ങനെ അവിടങ്ങളിലെ വിപണികളിലും ഭക്ഷണശാലകളിലും വിചിത്രരൂപിയായ ഈ പഴം പരിചിതമായി. 19-ാം നൂറ്റാണ്ടിന്റെ പകുതിയോടെ ഇന്തോ-ചൈന പ്രദേശത്ത് ഡ്രാഗണ്‍ ഫ്രൂട്ട് എത്തിക്കുന്നത് ഫ്രഞ്ച് പുരോഹിതന്‍മാരാണ്. ഒരു നൂറ്റാണ്ടു മുമ്പു തന്നെ വിയറ്റ്നാമില്‍ ഇതിന്റെ കൃഷിയാരംഭിച്ചു. ആദ്യകാലത്ത് അവിടുത്തെ രാജാവിന് കഴിക്കാന്‍ വേണ്ടി വിശിഷ്ടഫലം എന്ന നിലയ്ക്കായിരുന്നു ഇത് വളര്‍ത്തിയത്. ഇന്നിപ്പോള്‍ ഡ്രാഗണ്‍ ഫ്രൂട്ട് കയറ്റുമതിയില്‍ വിയറ്റ്നാം മുന്‍പന്തിയിലാണ് നില്‍ക്കുന്നത്. ഇതില്‍ തന്നെ മുന്‍നിരക്കാര്‍ ചൈന, വിയറ്റ്നാം, ഇന്ത്യ, തായ്ലൻഡ്, ഇൻഡൊനീഷ്യ എന്നീ രാജ്യങ്ങളും.
വ്യാളിയോട് വിചിത്രമായ രൂപസാദൃശ്യമുള്ള ഈ പഴം മലയാളികളുടെ നാവിനും മലയാളക്കരയിലെ മണ്ണിനും പ്രിയതരമായിമാറിയിരിക്കുന്നു. ഇതാണ് 'ഡ്രാഗണ്‍ ഫ്രൂട്ട്' എന്ന വിദേശിപ്പഴത്തിന്റെ കഥ. ഇന്നിപ്പോള്‍ നിരവധി പേര്‍ കേരളത്തില്‍ തോട്ടമടിസ്ഥാനത്തില്‍ ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി ചെയ്യുന്നു. അതിലുമേറെപ്പേര്‍ ഇതിന്റെ പോഷകസമൃദ്ധിയിൽ ആകൃഷ്ടരായി വലിയ വില കൊടുത്ത് ഇത് വാങ്ങുകയും സ്വദോടെ ഉപയോഗിക്കുകയും ചെയ്യുന്നു. ഇപ്പോള്‍ ഡ്രാഗണ്‍ ഫ്രൂട്ടിന് കിലോയ്ക്ക് ഏതാണ്ട് 500 രൂപ വരെ വിലയുണ്ട്. ഒരു പഴം തന്നെ 350-400 ഗ്രാം വരെ തൂക്കം വരും. കഷ്ടിച്ച് രണ്ടോ മൂന്നോ പഴം മതിയാകും ഒരു കിലോ തൂങ്ങാന്‍. ഇപ്പോള്‍ ഡ്രാഗണ്‍ പഴത്തിന് അതിന്റെ രുചിഭേദവും പോഷകസമൃദ്ധിയും മാത്രം നോക്കിയല്ല വില നിശ്ചയിക്കുന്നത്. പഴത്തിന്റെ നിറവൈവിധ്യവും ഇതിന്റെ വില നിശ്ചയിക്കുന്നതിലെ ഒരു മുഖ്യഘടകമാണ്.

നമുക്ക് സുപരിചിതമായ കള്ളിച്ചെടികളുടെ കുടുംബമായ 'കാക്റ്റേസി'യിലെ അംഗമാണ് ഡ്രാഗണ്‍ ഫ്രൂട്ട്. സസ്യനാമം ഹലോസീറിയസ് അണ്‍ഡ്യുട്ട്സ് (Hylocereus undatus). 'പിത്തായ്' എന്ന വിളിപ്പേരുമുണ്ട് ഇതിന്. തെക്കന്‍ മെക്സിക്കോ, ഗ്വാട്ടിമാല, കോസ്റ്റാറിക്ക, എല്‍സാല്‍വദോര്‍ എന്നീ പ്രദേശങ്ങളില്‍ വളരുന്ന കള്ളിച്ചെടിയുടെ വിവിധ വകഭേദങ്ങള്‍ക്ക് പൊതുവേ പറയുന്ന പേരാണ് 'പിത്തായ്' (Pithaya). അങ്ങനെയാണ് ഡ്രാഗണ്‍ പഴത്തിനും ഈ വിളിപ്പേര് കിട്ടുന്നത്. എങ്കിലും പഴത്തിന്റെ വിചിത്രമായ രൂപം കണ്ട് 1963 മുതലാണ് ഇതിന് 'ഡ്രാഗണ്‍ ഫ്രൂട്ട്' എന്ന കൗതുകകരമായ പേര് കിട്ടുന്നത്. 'വിയറ്റ്നാമീസ് ഡ്രാഗണ്‍ ഫ്രൂട്ട്' എന്നും പറയാറുണ്ട്. വിയറ്റ്നാം ആണ് ഏറ്റവുമധികം ഡ്രാഗണ്‍ പഴം കൃഷി ചെയ്ത് കയറ്റി അയയ്ക്കുന്ന രാജ്യം എന്ന അര്‍ത്ഥത്തിലാണിത്. 'സ്ട്രോബെറി പിയര്‍' എന്നും പേരുണ്ട്. 'ഹലോസീറിയസ്' എന്നത് ഡ്രാഗണ്‍ ഫ്രൂട്ടിന്റെ ജനിതക നാമമാണ്. ഇപ്പോള്‍ ഇത് 'സെലനിസീറിയസ്' എന്നാണ് അറിയപ്പെടുന്നത്. രണ്ടും 'കാക്റ്റേസി' എന്ന സസ്യകുലത്തിലെ അംഗങ്ങള്‍. ഈ ജനുസില്‍ ഏതാണ്ട് 140 ഓളം ഇനങ്ങളുണ്ട്. ഇക്കൂട്ടത്തില്‍ മൂന്നിനങ്ങളാണ് ഏറെ ശ്രദ്ധയും വാണിജ്യപ്രാധാന്യവും നേടിയത്.
- ചുവന്ന പുറംതൊലിയും ചുവന്ന അകക്കാമ്പും ഉള്ളത്.
- ചുവന്ന പുറംതൊലിയും വെളുത്ത അകക്കാമ്പും ഉള്ളത്.
- മഞ്ഞ പുറംതൊലിയും വെളുത്ത അകക്കാമ്പും ഉള്ളത്.
ഇവയ്ക്കു പുറമെ കടുത്ത പിങ്ക് നിറത്തില്‍ അകക്കാമ്പുള്ള സങ്കരയിനം ഡ്രാഗണ്‍ പഴങ്ങളുമുണ്ട്. ഈ ഇനങ്ങള്‍ തമ്മിലും ചില വ്യത്യാസങ്ങളുണ്ട്. ചുവന്ന പുറംതൊലിയും വെളുത്ത അകക്കാമ്പും തീരെ ചെറിയ കടുകുമണി പോലുള്ള കറുത്ത വിത്തുകളും- ഈ ഇനമാണ് സര്‍വ്വസാധാരണം. ഇതാണ് ഡ്രാഗണ്‍ പഴങ്ങളില്‍ ഏറ്റവും മധുരം കുറഞ്ഞ ഇനം. വര്‍ഷം മുഴുവന്‍ ഏറെക്കുറെ ഇത് വിളവുതരും. ഏറ്റവുമധികം വ്യാപകമായി വളര്‍ത്തുന്നതും ഇതു തന്നെ. ചുവന്ന പുറംതൊലിയും കടുംചുവപ്പു നിറത്തില്‍ അകക്കാമ്പും ഉള്ള ഡ്രാഗണ്‍ പഴം നേരത്തെ പറഞ്ഞതിനേക്കാള്‍ മധുരമുള്ളതാണ്. ഇവയേക്കാളൊക്കെ ഏറെ മധുരമുള്ള ഇനമാണ് മഞ്ഞ പുറംതൊലിയും വെളുത്ത അകക്കാമ്പുമുള്ളത്. ഉള്‍ഭാഗം കൂടുതല്‍ സുതാര്യവും വിത്തുകള്‍ക്ക് കുറച്ചുകൂടെ വലിപ്പവും കാണും. ഇതിന്റെ മണവും മധുരവും തീര്‍ത്തും വ്യത്യസ്ഥമാണ്. വിപണിയില്‍ നല്ല വിലയും കിട്ടും. എന്നാല്‍ കായ്കള്‍ പാകമാകാന്‍ കൂടുതല്‍ സമയം വേണം. പൊതുവേ പറഞ്ഞാല്‍ ഡ്രാഗണ്‍ ഫ്രൂട്ട് എന്ന വ്യാളിപ്പഴത്തിന് സ്ട്രോബെറി, കിവിപ്പഴം, സബര്‍ജില്‍ എന്നിവയുടെ സമ്മിശ്രസ്വാദാണ്.
കേരളത്തിലെ കാലാവസ്ഥയില്‍ നന്നായി വളരും
കേരളത്തിലെ ഉഷ്ണമേഖലാ കാലാവസ്ഥയില്‍ ഡ്രാഗണ്‍ ഫ്രൂട്ട് നന്നായി വളരും. വെള്ളം കെട്ടി നില്‍ക്കാത്ത മണല്‍പ്പറ്റുള്ള മണ്ണിനോടാണ് കൂടുതല്‍ പ്രിയം. വിത്തുകള്‍ മുളപ്പിച്ച തൈകളോ കമ്പുകളോ നട്ട് ഡ്രാഗണ്‍ ഫ്രൂട്ട് വളര്‍ത്താം. വിത്ത് മുളച്ചുകിട്ടുന്ന തൈകള്‍ വളര്‍ത്തുമ്പോള്‍ വിളവ് കിട്ടാന്‍ മൂന്നു വര്‍ഷമെങ്കിലും കാത്തിരിക്കേണ്ടിവരും. അതുകൊണ്ട് നല്ല വിളവു തരുന്ന, വിപണിയില്‍ നല്ല ഡിമാന്റുള്ള ഇനങ്ങളുടെ പാകമായ കമ്പുകള്‍ മുറിച്ചു നടാനാണ് പൊതുവേ താല്പര്യം. ഇങ്ങനെ നടാനെടുക്കുമ്പോള്‍ നീളം കുറഞ്ഞ തണ്ടുകള്‍ ഒരിക്കലും നടരുത്. കുറഞ്ഞത് രണ്ടടി മുതല്‍ നാലടി വരെ നീളമുള്ള തണ്ടുകളാണ് നടാനുത്തമം. ഇവയായാല്‍ വേഗം വളര്‍ന്ന് തുടങ്ങുകയും തൊട്ടടുത്ത സീസണില്‍ പഴങ്ങള്‍ കിട്ടിത്തുടങ്ങുകയും ചെയ്യും. കായ്കള്‍ ഉണ്ടാകുന്ന തണ്ടു തന്നെയാണ് ഡ്രാഗണ്‍ ഫ്രൂട്ടിന്റെ ഉത്തമ നടീല്‍ വസ്തു എന്നറിയുക. നിശ്ചിത നീളത്തില്‍ മുറിച്ചെടുക്കുന്ന തണ്ടുകള്‍ ഒരാഴ്ച തണലത്തുവെച്ച് ഒന്ന് വാടിയ ശേഷം നടുകയാവും നന്ന്. വേഗം വളരാനും തണ്ടുകള്‍ അഴുകാതിരിക്കാനും ഇത് സഹായിക്കും.
വരണ്ടതും വളക്കൂറില്ലാത്തതും ആയ മണ്ണിലും ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി ചെയ്യാം എന്ന അധികമേന്മയുമുണ്ട്. നന്നായി വളരാന്‍ ഡ്രാഗണ്‍ ചെടികള്‍ക്ക് താങ്ങ് നിര്‍ബന്ധമാണ്. കൃഷിയിടത്തിന് സമാന്തരമായോ കുത്തനെ മുകളിലേക്കോ താങ്ങ് നല്‍കാം. ഇങ്ങനെ താങ്ങായി കല്‍ത്തൂണ്‍, കോണ്‍ക്രീറ്റ് തൂണ്‍, മരക്കാലുകള്‍, ജി.ഐ. പൈപ്പ് എന്നിവയൊക്കെ ഉപയോഗിക്കാം. എങ്കിലും 5X4 ഇഞ്ച് കനവും 7 അടി നീളവുമുള്ള കോണ്‍ക്രീറ്റ് തൂണുകളാണ് കേരളത്തില്‍ ഏറ്റവും യോജിച്ചതായിക്കാണുന്നത്. ജി.ഐ. പൈപ്പുകള്‍ ആകുമ്പോള്‍ വേനല്‍ക്കാലത്ത് വേഗം ചൂടുപിടിച്ച് ചെടികള്‍ അതിലേക്ക് വേണ്ട രീതിയില്‍ പടര്‍ന്നു കയറാതിരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. കോണ്‍ക്രീറ്റ് തൂണുകളാകുമ്പോള്‍ അവയുടെ പരുക്കന്‍പ്രതലം ചെടികള്‍ക്ക് പിടിച്ചുകയറാന്‍ അനുയോജ്യമാകുന്നതായി കണ്ടിരിക്കുന്നു. കാലുകള്‍ രണ്ടടി ആഴത്തില്‍ കുഴിച്ചിടണം.

ഏതുതരം താങ്ങായാലും വള്ളികളെ അതിലേക്ക് ചേര്‍ത്ത് കെട്ടി ഉറപ്പിക്കുക എന്നതാണ് പ്രധാനം. രണ്ട് മീറ്റര്‍ അകലമുള്ള വരികളിലായി കമ്പുകള്‍ നടാം. ഓരോ വരിയിലും കമ്പുകള്‍ തമ്മില്‍ രണ്ട് മീറ്റര്‍ അകലവും വേണം. ഇതു തന്നെ കുറച്ചുകൂടെ എണ്ണം വര്‍ധിപ്പിക്കുമാറ് രണ്ട് മീറ്റര്‍ അകലത്തിലുള്ള വരികളില്‍ 50 സെ.മീ. അകലത്തില്‍ കമ്പുകള്‍ നടുകയും ചെയ്യാം. ഓരോ ചെടിക്കുമുള്ള താങ്ങിന്റെ ഉയരം ഒന്നു മുതല്‍ 1.2 മീറ്റര്‍. സമാന്തര രീതിയില്‍ ഒന്നു മുതല്‍ 1.5 മീറ്റര്‍ ഉയരത്തില്‍ താങ്ങുകള്‍ തമ്മില്‍ കമ്പി /കയര്‍ വലിച്ചുകെട്ടി ചെടികള്‍ പടര്‍ത്തിവിടാം.
കമ്പു നടാന്‍ ഒരടിയെങ്കിലും ഉയരമുള്ള കൂനകള്‍ ഉത്തമം. നടുന്നതിന് മുമ്പ് കാലിവളം/കമ്പോസ്റ്റ് ചേര്‍ത്ത് തടമൊരുക്കാം. ജൈവ വളങ്ങളോട് നന്നായി പ്രതികരിക്കുന്ന ചെടിയാണ് ഡ്രാഗണ്‍ഫ്രൂട്ട്. ചാണകം, കോഴിവളം, ആട്ടിന്‍കാഷ്ഠം എന്നിവയാണ് ഉത്തമജൈവ വളങ്ങള്‍. കൂടാതെ ദ്രുതവളര്‍ച്ചയ്ക്ക് രാസവളവും നല്‍കാം. ജൈവവളം മാത്രം ഉപയോഗിച്ച് കൃഷി ചെയ്യുമ്പോള്‍ നന്നായി അഴുകിപ്പൊടിഞ്ഞ ചാണകപ്പൊടി, കോഴിവളം എന്നിവ തുല്യ അനുപാതത്തില്‍ കലര്‍ത്തിയിളക്കിയ മിശ്രിതത്തില്‍ 250 ഗ്രാം എല്ലുപൊടി, 500 ഗ്രാം വേപ്പിന്‍ പിണ്ണാക്ക് എന്നിവ കൂടെ ചേര്‍ത്ത് സമ്പൂര്‍ണജൈവ വളക്കൂട്ട് തയ്യാറാക്കാം. ഇതില്‍ നിന്ന് മൂന്നുമാസം ഇടവിട്ട് ചെടികള്‍ക്ക് നല്‍കുന്നത് നല്ലതാണ്. രാസവളപ്രയോഗം മണ്ണു പരിശോധനയ്ക്കു ശേഷം നടത്തുകയാണ് നല്ലത്. ഇതും മൂന്നു തവണയായി മതിയാകും. ചെടിയൊന്നിന് 20 മുതല്‍ 50 ഗ്രാം വരെ യൂറിയ, സൂപ്പര്‍ ഫോസ്ഫേറ്റ് എന്നിവ കൂടാതെ 20-30 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷും (പൊട്ടാഷ് വളം) ചേര്‍ക്കുന്നു. മികച്ച വിളവ് നല്‍കും.
നടാന്‍ നല്ലസമയം ഒക്ടോബര്‍-നവംബര്‍ മാസങ്ങൾ
ഡ്രാഗണ്‍ ചെടി നടാന്‍ ഏറ്റവും നല്ല സമയം ഒക്ടോബര്‍-നവംബര്‍ മാസങ്ങളാണ്. എന്നാല്‍ മണ്ണില്‍ നനവും നനയ്ക്കാന്‍ അത്യാവശ്യം സൗകര്യവുമുണ്ടെങ്കില്‍ ഈ നിബന്ധനയില്ല. ഏതു മാസവും നടാം. കനത്ത മഴയത്തുള്ള സമയത്ത് നടീല്‍ ഒഴിവാക്കുകയാണ് അഭികാമ്യം. കള്ളിച്ചെടിയുടെ കുടുംബക്കാരി ആയതിനാല്‍ ഡ്രാഗണ്‍ ഫ്രൂട്ടിന് താരതമ്യേന വെള്ളം കുറച്ചുമതി. ഇനി നനച്ചില്ലെങ്കില്‍ പോലും ചെടി നിലനില്‍ക്കും. എന്നാല്‍ നനച്ചാല്‍ കരുത്തോടെ വളരും എന്നറിയുക. വേനൽക്കാലത്തും അത്യാവശ്യം നനയ്ക്കാന്‍ ശ്രദ്ധിക്കുന്നതായിരിക്കും ഉചിതം. വളര്‍ച്ചയും കായ്പിടിത്തവും ഒക്കെ വേണ്ടവിധം ഉണ്ടാകാന്‍ ഇത് ആവശ്യമാണ്. ചെടിച്ചുവട്ടില്‍ വെള്ളം കെട്ടാതെ ശ്രദ്ധിക്കണം. വെള്ളക്കെട്ടിന് സാധ്യതയുണ്ടെങ്കില്‍ തടം ഉയര്‍ത്തിക്കോരി നടുകയും വേണം.
കൊമ്പുകോതല്‍
ഡ്രാഗണ്‍ ചെടിയില്‍ പുതിയ ശാഖകളുടെ വളര്‍ച്ച പ്രോത്സാഹിപ്പിക്കാനും തുടര്‍ന്നു വരുന്ന സീസണില്‍ കൂടുതല്‍ കായ്കളുണ്ടാകാനും 'പ്രൂണിങ്ങ്' അഥവാ കൊമ്പുകോതല്‍ സഹായിക്കും. ശാഖകളുടെ വളര്‍ച്ച ക്രമീകരിക്കുകയും പുതിയ ശാഖകളുടെ വളര്‍ച്ച പ്രോത്സാഹിപ്പിക്കുകയും വേണം. പ്രധാന വള്ളി താങ്ങുകാലിന് മുകളില്‍ എത്തുന്നതു വരെ ഉണ്ടാകുന്ന എല്ലാ ഉപശാഖകളും മുറിച്ചു നീക്കണം. മുകളില്‍ എത്തിക്കഴിയുമ്പോള്‍ പ്രധാന വള്ളിയുടെ അഗ്രഭാഗം മുറിച്ച് നീക്കി ഉപശാഖകള്‍ വളരാന്‍ പ്രേരിപ്പിക്കണം. എല്ലാ വര്‍ഷവും ഒക്ടോബര്‍-നവംബര്‍ മാസത്തെ വിളവെടുപ്പു കഴിഞ്ഞാല്‍ അടിഭാഗത്തുള്ള മൂത്ത ശാഖകള്‍ മുറിച്ചു നീക്കുന്നതും പുതു ശിഖരങ്ങളുടെ വളര്‍ച്ച പ്രോത്സാഹിപ്പിക്കും. ഇതെല്ലാം കൂടുതല്‍ കായ്കളുണ്ടാകാന്‍ പ്രേരകമാണ്.
ഒരേക്കറിൽ 15 ടണ്‍ വരെ വിളവ്
കമ്പ് നട്ട് മൂന്ന് വര്‍ഷത്തിനകം ആദ്യ വിളവെടുപ്പ് നടത്താം. പൂക്കള്‍ വിടര്‍ന്ന് പരാഗണം നടന്നു കഴിഞ്ഞാല്‍ 30-35 ദിവസം മതി പഴം വിളവെടുക്കാന്‍. പഴത്തിന്റെ തണ്ടും മാംസളമായതിനാല്‍ കായ്കള്‍ വിളവെടുക്കുമ്പോള്‍ ശ്രദ്ധിക്കണം. കത്തി കൊണ്ട് മുറിക്കുന്നതിനു പകരം കായ്കള്‍ തണ്ടില്‍ നിന്ന് വലത്തേക്ക് ഘടികാരസൂചി തിരിയുന്ന ദിശയില്‍ (ക്ലോക്ക് വൈസ്) പിരിച്ച് വിളവെടുക്കണം. ഒരേക്കര്‍ സ്ഥലത്ത് കൃഷി ചെയ്യുമ്പോള്‍ 10 മുതല്‍ 15 ടണ്‍ വരെ വിളവ് പ്രതീക്ഷിക്കാം. നല്ല മൂപ്പെത്തിയ തണ്ടുകള്‍ ഉപയോഗിച്ച് ഉല്‍പാദിപ്പിച്ച രണ്ട് അടി വളര്‍ന്ന തൈകള്‍ നടുമ്പോള്‍ 6-8 മാസത്തിനുള്ളില്‍ പൂവിടുന്നതായി കണ്ടിട്ടുണ്ട്. അകവും പുറവും കടുംചുവപ്പു നിറമുള്ള 'അമേരിക്കന്‍ ബ്യൂട്ടി' പോലുള്ള ഇനങ്ങള്‍ക്കാണ് ഇന്ന് പ്രിയമേറെ. ബ്ലഡി മേരി, കോസ്മിക് ചാര്‍ളി, കോസ്റ്റാറിക്കന്‍ സണ്‍സെറ്റ് തുടങ്ങിയ ഇനങ്ങളും നിലവിലുണ്ട്.

രോഗപ്രതിരോധം
മീലിമൂട്ട, ശല്‍ക്കപ്രാണി പോലുള്ള കീടങ്ങളും തണ്ടുചീയല്‍ രോഗവുമാണ് ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിയില്‍ പ്രശ്നക്കാരായി കാണുന്നത്. 2% വേപ്പെണ്ണ എമല്‍ഷന്‍ അല്ലെങ്കില്‍ 5 മില്ലി വേപ്പെണ്ണ അധിഷ്ഠിത കീടനാശിനി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുന്നതും ഇതല്ലെങ്കില്‍ 20 ഗ്രാം വെര്‍ട്ടിസീലിയം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിയ്ക്കുന്നതും മീലിമൂട്ടയെ അകറ്റാന്‍ ഉപകരിക്കും. ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം അല്ലെങ്കില്‍ 3 ഗ്രാം കോപ്പര്‍ ഓക്സിക്ലോറൈഡ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിയത് പ്രയോഗിച്ച് തണ്ടുചീയല്‍ നിയന്ത്രിക്കാം. നീര്‍വാര്‍ച്ച ഉറപ്പാക്കുകയും അമിതമായി നനയ്ക്കാതിരിക്കുകയും വേണം.
ആരോഗ്യദായകം
വേറിട്ട സ്വാദു പോലെ തന്നെ നിരോക്സീകാരക സമൃദ്ധമായ ഡ്രാഗണ്‍ ഫ്രൂട്ട് ആരോഗ്യദായകവുമാണ്. നാരുകള്‍ സമൃദ്ധമായടങ്ങിയതാകയാല്‍ ഇത് ദഹനസഹായിയാണ്. നിരോക്സീകാരകങ്ങളുടെ സാന്നിധ്യം ചര്‍മ്മസംരക്ഷണത്തിനുപകരിക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു. കലോറി താരതമ്യേന കുറഞ്ഞ പഴമാകയാല്‍ ശരീരഭാരം കുറയ്ക്കാനും ദുര്‍മേദസിനും പരിഹാരമാണ്. പഴത്തിലടങ്ങിയിരിക്കുന്ന നാരുകളും നല്ല കൊഴുപ്പും ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കും. ജീവകം സി, ധാതുക്കളായ മഗ്‌നീഷ്യം, ഇരുമ്പ് എന്നിവയുടെ മികച്ച സ്രോതസ് കൂടെയാണ് ഡ്രാഗണ്‍ ഫ്രൂട്ട്. ഇന്നിപ്പോള്‍ വീട്ടുവളപ്പില്‍ സ്ഥലലഭ്യത കുറഞ്ഞവരും മട്ടുപ്പാവില്‍ ചാണകപ്പൊടിയും ചകിരിച്ചോറും നിറഞ്ഞ വീപ്പകളിലും ഡ്രാഗണ്‍ ഫ്രൂട്ട് വിജയകരമായി കൃഷി ചെയ്യുന്നുണ്ട്. ഡ്രാഗണ്‍ ചെടിയുടെ ഒരടി മുതല്‍ മൂന്നടിയും അതിനുമേലും നീളമുള്ള നടീല്‍കമ്പുകള്‍ കേരള കാര്‍ഷിക സര്‍വകലാശാലയുടെ നഴ്സറികളില്‍ നിന്നോ ഇത് വളര്‍ത്തി പരിചയിച്ച കര്‍ഷകരില്‍ നിന്നോ വാങ്ങാം.
(തിരുവനന്തപുരം ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ റിട്ടയേര്‍ഡ് പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ & ജോയിന്റ് ഡയറക്റ്ററാണ് ലേഖകന്‍)
Content Highlights: dragon fruit
Published: 27 Jun 2024, 06:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented