വിവാഹദിനം എന്നാല്‍ ഏറെ സ്വപ്‌നങ്ങള്‍ നിറഞ്ഞ ഒന്നാണ്. പ്രത്യേകിച്ചും വധുവിന്. മേക്കപ്പും, വസ്ത്രങ്ങളും, അലങ്കാരങ്ങളും പാട്ടും നൃത്തവും എല്ലാം പ്ലാന്‍ ചെയ്തതുപോലെ തന്നെ ആവണം എന്ന് ആഗ്രഹിക്കുന്നവരാണ് ഏറെപ്പേരും. എന്തെങ്കിലും ഒന്ന് താളം തെറ്റിയാല്‍ അസ്വസ്ഥരാവുന്നവരും ഉണ്ട്. എന്നാല്‍ വിവാഹവേദിയിലേക്ക് കയറില്ലെന്ന് ശാഠ്യം പിടിക്കുന്നവരുണ്ടാവുമോ? ഉണ്ടെന്നാണ് ഇപ്പോള്‍ വൈറലാകുന്ന വീഡിയോയിലെ അനുഭവം.

വിവാഹവേദിയിലേക്ക് വധുവിനെ ആനയിച്ചു കൊണ്ടുവരുന്ന ചടങ്ങിനിടെയാണ് സംഭവം. വേദിക്കരികിലെത്തിയ വധു അസ്വസ്ഥയാകുന്നതും ചുറ്റുമുള്ളവരോട് ദേഷ്യപ്പെടുന്നതും കാണാം. 'ഞാന്‍ പറഞ്ഞത് 'പിയ മോഹേ ഗര്‍ ആയേ' എന്ന ഗാനം പ്ലേ ചെയ്യാനാണ്' എന്ന് വധു പറയുന്നതും വീഡിയോയിലുണ്ട്. വധു ആഗ്രഹിച്ച പാട്ടല്ല അവള്‍ വേദിയിലേക്ക് വരുമ്പോള്‍ വച്ചതെന്ന് ചുരുക്കം. വധുവിനെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്ന ബന്ധുക്കളെയും ചുറ്റും കാണുന്നുണ്ട്. 

'എന്തുകൊണ്ടാണ് വധു വേദിയിലെത്താന്‍ തയ്യാറാവാത്തത്? ഏതായാലും ഇനി വധു എത്തും മുമ്പ് ശരിയായ പാട്ട് തയ്യാറാക്കി വച്ചോളൂ. അവസാനമുള്ള ഈ അടിപിടി ഒഴിവാക്കാന്‍ അതാണ് നല്ലത്.' എന്ന് ക്യാപ്ഷനോടെയാണ് ഇന്‍സ്റ്റഗ്രാമില്‍ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. പിന്നീട് വധുവിന് എന്ത് സംഭവിച്ചു എന്നാണ് പലരുടെയും ആകാംഷ, അതിന് ഉത്തരമായി അടുത്ത വീഡിയോയും പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. പാട്ട് ശരിയായി വച്ചതോടെ ചിരിച്ച് സന്തോഷത്തോടെ വേദിയിലേക്ക് പോകുന്ന വധുവിനെയും കാണാം.

Content Highlights: bride refuses to enter wedding venue, here’s why