സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറിന്റെയും ഐ.പി.എൽ. ടീമായ സൺ റൈസേഴ്‌സ് ഹൈദരാബാദിന്റെ ഉടമ കാവ്യ മാരന്റെയും വിവാഹസത്കാരത്തിനുള്ള ക്ഷണക്കത്ത് സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. ബറോക്ക് വാസ്തുശൈലിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് തയ്യാറാക്കിയ ക്ഷണക്കത്ത് ഐവറി, നീല നിറങ്ങളിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഡിസൈനർ രാഹുൽ അയ്യങ്കാർ പങ്കുവെച്ച ക്ഷണക്കത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ തരംഗമാകുന്നത്.

To advertise here,

പ്രധാനമന്ത്രി നരേന്ദ്ര മോദി, തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്, തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി തുടങ്ങിയ പ്രമുഖ രാഷ്ട്രീയ നേതാക്കളെ മാരൻ കുടുംബം സത്കാരത്തിന് ക്ഷണിച്ചിട്ടുണ്ട്. ഡി.എം.കെ. അധ്യക്ഷൻ എം.കെ. സ്റ്റാലിന്റെ പേരിലും ക്ഷണക്കത്തുകൾ അയച്ചിട്ടുണ്ടെന്നാണ് വിവരം. എം.കെ. സ്റ്റാലിന്റെ ന്റെ അടുത്ത ബന്ധുവാണ്‌ കാവ്യ മാരന്റെ പിതാവ് കലാനിധി മാരൻ.

ചെന്നൈയിലെ ചടങ്ങിൽ ചലച്ചിത്രരംഗത്തുനിന്ന് പ്രമുഖർ പങ്കെടുക്കും. അനിരുദ്ധിന്റെ അമ്മാവനും സൂപ്പർതാരവുമായ രജനികാന്ത്, സംഗീത സംവിധായകൻ എ.ആർ. റഹ്‌മാൻ, നടൻ ശിവകാർത്തികേയൻ, അജിത് കുമാർ, സംവിധായകൻ നെൽസൺ ദിലീപ്കുമാർ, തെലുങ്ക് താരം അല്ലു അർജുൻ തുടങ്ങിയവരും അതിഥികളായെത്തുമെന്നാണ് റിപ്പോർട്ടുകൾ.

തമിഴ് സിനിമാ സംഗീത മേഖലയിലെ മുൻനിര സംഗീത സംവിധായകരിൽ ഒരാളാണ് അനിരുദ്ധ്. രജനികാന്ത് നായകനായ 'ജയിലർ 2' ആണ് ഏറ്റവും പുതിയ ചിത്രം. സൺ ഗ്രൂപ്പ് ചെയർമാൻ കലാനിധി മാരന്റെ മകളായ കാവ്യ മാരൻ, സൺ ടിവി നെറ്റ്‌വർക്കിന്റെ ഡയറക്ടറും ഐ.പി.എൽ. ഫ്രാഞ്ചൈസിയായ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ഉടമകളിൽ ഒരാളുമാണ്.

നവംബറിൽ ഗ്രീസിൽവെച്ചായിരിക്കും ഇവരുടെ വിവാഹച്ചടങ്ങുകൾ നടക്കുകയെന്നാണ് റിപ്പോർട്ട്. എന്നാൽ, വിവാഹ തീയതിയും വേദിയും സംബന്ധിച്ച് അനിരുദ്ധും കാവ്യയും ഇതുവരെ സ്ഥിരീകരണം നൽകിയിട്ടില്ല. നവംബർ 21-ന് ചെന്നൈയിലാണ് വിവാഹസത്കാരം.