പനമരം : പനമരം പഞ്ചായത്തിലെ മാത്തൂർപൊയിൽ ഉന്നതി റോഡോരം തകർന്നിട്ട് എട്ടുവർഷം പിന്നിട്ടിട്ടും നന്നാക്കാൻ നടപടിയില്ല. അപകടാവസ്ഥയിലായ റോഡരികിൽ പാർശ്വഭിത്തി നിർമിക്കണമെന്ന ആവശ്യം ശക്തമാവുമ്പോഴും അധികൃതരുടെ അവഗണനയെന്ന് പരാതി.

To advertise here,

പനമരം വലിയ പുഴയോരത്തുള്ള ഈ റോഡ് 2018-ലെ പ്രളയകാലത്താണ് തകർന്നത്. പുഴയരികിൽ റോഡിന്റെ സംരക്ഷണത്തിനായി കെട്ടിയ പാർശ്വഭിത്തി 30 മീറ്ററോളം ഭാഗം പുഴയിലേക്ക് തകർന്നടിയുകയായിരുന്നു. ഇവ പുനർനിർമിക്കണമെന്ന് പലകുറി അധികൃതരെ അറിയിച്ചിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

 

വിദ്യാർഥികൾ ഉൾപ്പെടെ ഒട്ടേറെപ്പേർക്ക് ഏകാശ്രയമായ റോഡാണിത്. വിസ്താരം കുറഞ്ഞ റോഡിലൂടെ ഒട്ടേറെ വാഹനങ്ങളും യാത്രക്കാരും സഞ്ചരിക്കുന്നതാണ്. ശ്രദ്ധയൊന്ന് തെറ്റിയാൽ പുഴയിലേക്ക് വീണ് വലിയ അപകടം സംഭവിക്കും. ഇവിടം ചെറിയ വളവുകൂടിയാണ്. അതിനാൽതന്നെ വലിയ അപകടക്കെണിയാണ് പതിയിരിക്കുന്നത്. ഇപ്പോൾ ഇവിടം കാടുമൂടിക്കിടക്കുകയാണ്. അതിനാൽ അപകടസാധ്യത ഏറെയാണ്.

പാർശ്വഭിത്തി തകർന്നതോടെ ഇവിടം മണ്ണിടിച്ചിൽ അനുഭവപ്പെടുന്നുണ്ട്. പുഴ ഗതിമാറിയും ഒഴുകുന്നുണ്ട്. അതിനാൽ ഉടൻ പാർശ്വഭിത്തി നിർമിച്ച് സംരക്ഷിച്ചില്ലെങ്കിൽ റോഡ് പൂർണമായും തകരാൻ ഇടയാക്കും. ഇതോടെ പ്രദേശത്തേക്കുള്ള ഏക സഞ്ചാരമാർഗവും ഇല്ലാതെയാകും. അതിനാൽ എത്രയും പെട്ടെന്ന് ബന്ധപ്പെട്ടവർ പ്രശ്നപരിഹാരം കാണണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.