മാനന്തവാടി : ചെറുവയൽ രാമനില്ലാത്ത പുല്ലുമേഞ്ഞ വീട്ടിലേക്ക് ഇറക്കമിറങ്ങി മന്ത്രിയും സംഘവുമെത്തുമ്പോൾ സമയം രാവിലെ 11.30. പ്രധാനപ്പെട്ട ആരെങ്കിലും വരുന്നത് നേരത്തേ അറിയിച്ചാൽ ആ റോഡരികിൽ നിറചിരിയോടെ ഉണ്ടാകാറുള്ള രാമേട്ടന്റെ അസാന്നിധ്യം പ്രകടം.

To advertise here,

വീടിന്റെ ഇറയത്ത് രാമേട്ടന്റെ ചിരിക്കുന്ന ഒരു ഛായാചിത്രമുണ്ട്. സമീപത്ത് അദ്ദേഹത്തിന്റെ സന്ദർശക ഡയറിയും. ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയശേഷം ആരുംപറയാതെ മന്ത്രി ഡയറിയെടുത്ത് എഴുതി.

‘‘കൃഷിയുമായി ഉൾച്ചേർന്നുനിൽക്കുന്ന രാമേട്ടൻ, കഠിനാധ്വാനി, സംസ്ഥാനസർക്കാരിന്റെ ഈ വർഷത്തെ മികച്ച കർഷകനുള്ള അവാർഡ് ജേതാവ്.

ലളിതമായ ജീവിതത്തിന്‌ റോൾ മോഡലാക്കാവുന്ന വ്യക്തി. അദ്ദേഹം നടത്തിയ പരിസ്ഥിതി, ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങൾ ഏവർക്കും മാതൃകയാണ്. അദ്ദേഹം എക്കാലത്തും ഓർമ്മിക്കപ്പെടും’’

-ഭാര്യ ഗീതയുമായും മക്കളായ രമേശൻ, രാജേഷ് ഉൾപ്പെടെയുള്ളവരുമായും മന്ത്രി സംസാരിച്ചു. ഒരുമണിക്കൂറോളം വീട്ടിൽ ചെലവഴിച്ചശേഷമാണ് മന്ത്രി മടങ്ങിയത്.

ഡി.സി.സി. അധ്യക്ഷൻ ടി.ജെ. ഐസക്, യു.ഡി.എഫ്. ജില്ലാ കൺവീനർ എച്ച്.ബി. പ്രദീപ്, മാനന്തവാടി നഗരസഭാധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ, ജില്ലാപഞ്ചായത്തംഗം ജിൽസൻ തൂപ്പുങ്കര, എടവക ഗ്രാമപ്പഞ്ചായത്ത് സ്ഥിരം സമിതിയധ്യക്ഷൻ വിനോദ് തോട്ടത്തിൽ, നേതാക്കളായ പി.വി. ജോർജ്, എം. വേണുഗോപാൽ, എ.എം. നിശാന്ത്, സി. അബ്ദുൾ അഷ്‌റഫ്, അസീസ് വാളാട്, ചിന്നമ്മ ജോസ്, റോസമ്മ ബേബി, വി.യു. ജോയ്, ഷിബു കെ. ജോർജ് തുടങ്ങിയവരും മന്ത്രിയെ അനുഗമിച്ചു.

സ്മാരകം നിർമിക്കും -സണ്ണി ജോസഫ്

: ചെറുവയൽ രാമന്റെ കാഴ്ചപ്പാടുകൾ പുതുതലമുറയ്ക്ക് മാതൃകയാക്കാൻ അദ്ദേഹത്തിന്റെ പേരിൽ സ്മാരകം നിർമിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. സ്മാരകത്തിനായുള്ള പണവും സ്ഥലവും കണ്ടെത്തേണ്ടതുണ്ട്. മുഖ്യമന്ത്രി, കൃഷിവകുപ്പ് മന്ത്രി, ഉഷാ വിജയൻ എം.എൽ.എ., കുടുംബാംഗങ്ങൾ എന്നിവരുമായി ആലോചിച്ച് വേഗത്തിൽ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.