ദുരിതാശ്വാസക്യാമ്പ് തുറന്നു

To advertise here,

10 കുടുംബങ്ങളിലായി 28 പേരെ മാറ്റിപ്പാർപ്പിച്ചു

കല്പറ്റ : ജില്ലയിൽ ശനിയാഴ്ച കനത്തമഴ പെയ്തു. വെള്ളിയാഴ്ച രാത്രിമുതൽ തുടങ്ങിയ മഴ ശനിയാഴ്ച ഉച്ചയോടെ കൂടുതൽ ശക്തിപ്രാപിച്ചു. വൈകീട്ടോടെ ജില്ലയുടെ പലഭാഗങ്ങളിലും അതിശക്തമായ മഴപെയ്തു. മഴ മണിക്കൂറുകളോളം തുടരുകയും ചെയ്തു. പലയിടങ്ങളിലും രാത്രിയും മഴ തുടർന്നു. കനത്തമഴയെ തുടർന്ന് സുൽത്താൻബത്തേരി ചീരാൽ വില്ലേജിലെ വെള്ളച്ചാൽ ഉന്നതിയിൽ വെള്ളം കയറിയതിനാൽ കല്ലിങ്കര ജി.എൽ.പി. സ്കൂളിൽ ദുരിതാശ്വാസക്യാമ്പ് തുറന്നു. 10 കുടുംബങ്ങളിലെ 28 പേരെ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചു. 12 പുരുഷന്മാരും ഒൻപത് സ്ത്രീകളും ഏഴ് കുട്ടികളുമാണ് ക്യാമ്പിലുള്ളത്. മഴയിൽ ജില്ലയുടെ പലഭാഗങ്ങളിലും വീടുകൾക്ക് കേടുപാടുകളുണ്ടായി.

കനത്തമഴയ്ക്ക് സാധ്യതയുള്ളതിനാൽ ഞായറാഴ്ച ജില്ലയിൽ ചുവപ്പുജാഗ്രത പ്രഖ്യാപിച്ചു.‌

കേന്ദ്ര കാലാവസ്ഥാവകുപ്പ് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺകൂടിയായ കളക്ടർ വി. ചെൽസാസിനി അവധി പ്രഖ്യാപിച്ചു. റിസോർട്ടുകൾ, ഹോംസ്റ്റേകൾ, സാഹസികടൂറിസം ഉൾപ്പെടെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങൾ, ട്രക്കിങ് എന്നിവയ്ക്കും ഞായറാഴ്ച പൂർണ നിരോധനം ഏർപ്പെടുത്തി.

ദുരന്തസാധ്യത പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ ആവശ്യമായ നടപടികൾ സ്വീകരിക്കണം. ആനക്കാംപൊയിൽ-കള്ളാടി തുരങ്കപാത നിർമാണപ്രദേശത്ത് താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കാൻ ആവശ്യമായ നടപടികൾ മേപ്പാടി ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയും വെള്ളരിമല വില്ലേജ് ഓഫീസറും ചേർന്ന് സ്വീകരിക്കണമെന്നും കളക്ടർ അറിയിച്ചു.

ഉത്തരവ് ലംഘിക്കുന്നവർക്കെതിരേ ദുരന്തനിവാരണ നിയമം, 2005 സെക്ഷൻ 51 (ബി) പ്രകാരം ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺകൂടിയായ കളക്ടർ അറിയിച്ചു.

മതിലിടിഞ്ഞു

മാനന്തവാടി : മതിലിടിഞ്ഞ് രണ്ടുവീടുകൾ അപകടാവസ്ഥയിൽ. ദ്വാരക കമ്മന കൊറ്റ്യാട്ട് കുന്നിലുള്ള സുബൈറിന്റെയും സമീപത്തെ മുണ്ടോടൻ ഹാജറയുടെയും വീടുകളാണ് അപകടാവസ്ഥയിലായത്. ഹാജറയുടെ വീടിന്റെ ചുമരിലേക്കാണ് മതിൽ തകർന്നുവീണത്. വിധവയായ ഹാജറയും കുടുംബവുമാണ് ഇവിടെ താമസിക്കുന്നത്. ഇവരുടെ വീടിന്റെ പല ഭാഗങ്ങളിലും വിള്ളലുണ്ടായിട്ടുണ്ട്. സുബൈറിന്റെ വീടിന്റെ മതിലാണിടിഞ്ഞത്. സുബൈറിന്റെ വീട്ടിലും വിള്ളലുണ്ടായിട്ടുണ്ട്. മുകൾഭാഗത്തെ റോഡിൽനിന്ന്‌ ശക്തമായി വെള്ളം ഒഴുകിയെത്തിയതാണ് മതിലിടിയാൻ കാരണമായത്.

പുല്പള്ളി : വീടിന്റെ സംരക്ഷണ മതിൽ തകർന്നു. മാരപ്പൻമൂല താഴത്തുവെട്ടത്ത് ചാക്കോയുടെ വീടിനോട് ചേർന്ന് നിർമിച്ചിരുന്ന സംരക്ഷണ മതിലാണ് തകർന്നു വീണത്. ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് കനത്ത മഴയ്ക്കിടെ മതിൽ ഇടിഞ്ഞുവീണത്. വീടിരിക്കുന്ന അഞ്ച് സെന്റ് സ്ഥലത്ത് ഒരു വർഷം മുൻപാണ് ചാക്കോ 50 അടി നീളവും ആറടി ഉയരവുമുള്ള കരിങ്കല്ലും സിമന്റ് കട്ടയും ഉപയോഗിച്ച് സംരക്ഷണ മതിൽകെട്ടിയത്. സംരക്ഷണ മതിൽ ഇടിഞ്ഞത് വീടിനും ഭീഷണിയായിട്ടുണ്ട്.