പുല്പള്ളി : മുള്ളൻകൊല്ലി പഞ്ചായത്തിലെ അതിർത്തിഗ്രാമങ്ങളിൽ പുലിഭീതി ഒഴിയുന്നില്ല. മരക്കടവ്-ഗൃഹനൂർ റോഡിലെ കബനിഗദ്ദയിൽ പുലിയിറങ്ങി ആടിനെ പിടിച്ചുകൊണ്ടുപോയി. കരടിയിൽ മനോജിന്റെ ആടിനെയാണ് പുലി പിടിച്ചത്. വെള്ളിയാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം.
വീടിനോട് ചേർന്നുള്ള കൂട്ടിനുള്ളിൽ ആടിനെ കെട്ടിയിട്ടിരുന്നതായിരുന്നു. രാത്രി ശബ്ദംകേട്ട് വീട്ടുകാർ പുറത്തിറങ്ങി നോക്കുമ്പോഴാണ് ആടിനെ കാണാതായ വിവരമറിയുന്നത്. വിവരമറിയിച്ചതിനെത്തുടർന്ന് രാത്രിതന്നെ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി, നാട്ടുകാരുടെ സഹായത്തോടെ സമീപപ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും ആടിനെ കണ്ടെത്താനായില്ല.
ശനിയാഴ്ച രാവിലെ ഗ്രേഡ് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ എ. നിജേഷ്, ഗ്രാമപ്പഞ്ചായത്തംഗം പി.എ. പ്രകാശൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി, സ്ഥിതിഗതികൾ വിലയിരുത്തി. പ്രദേശത്ത് നിരീക്ഷണത്തിനായി ക്യാമറകൾ സ്ഥാപിക്കുമെന്നും ജനങ്ങളുടെ സുരക്ഷയ്ക്കായി പട്രോളിങ് ശക്തമാക്കുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പുനൽകി. നാട്ടിലിറങ്ങി വളർത്തുമൃഗങ്ങളെ ആക്രമിച്ച് ഭീതിപരത്തുന്ന പുലിയെ പിടികൂടുന്നതിനായി വനംവകുപ്പ് കഴിഞ്ഞ ദിവസം കുന്നത്തുകവലയിൽ കൂട് സ്ഥാപിച്ചിരുന്നു. ഇതിന്റെ സമീപ പ്രദേശത്തുതന്നെയാണ് വീണ്ടും പുലിയുടെ ആക്രമണമുണ്ടായത്.
ശനിയാഴ്ച വൈകുന്നേരം വീണ്ടും പുലിയിറങ്ങി ആടിനെ കൊന്നു. കബനിഗിരി ക്ക് സമീപം ഗൃഹന്നൂരിലാണ് പുലിയിറങ്ങിയത്. താഴയൂർ കാർത്യായനിയുടെ ആടിനെയാണ് പുലി കൊന്നത്. വീടിന് സമീപത്തെ വയലിൽ ആടിനെ തീറ്റാൻ കെട്ടിയതായിരുന്നു. വൈകുന്നേരം ആടിനെ കാണാതായതിനെ തുടർന്ന് വനപാലകരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ കുറച്ചകലെ നിന്നും ആടിൻ്റെ ജഡം കണ്ടെത്തി. പ്രദേശത്ത് നിരീക്ഷണത്തിനായി വനം വകുപ്പ് ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ഒരാഴ്ചയായി മുള്ളൻകൊല്ലി പഞ്ചായത്തിലെ ശശിമല, കുന്നത്തുകവല, ചണ്ണോത്തുകൊല്ലി, ആലത്തൂർ പ്രദേശങ്ങളിൽ പുലിയുടെ സാന്നിധ്യമുണ്ട്.
ജനവാസമേഖലയിൽ ചുറ്റിത്തിരിയുന്ന പുലി കുന്നത്തുകവലയിലെ അയിനാട്ടുമോളേൽ മോളിയുടെ ആടിനെ ആക്രമിച്ചു പരിക്കേൽപ്പിക്കുകയും ചണ്ണോത്തുകൊല്ലിയിലെ വാലുമ്മൽ ആന്റണിയുടെ വളർത്തുനായയെ പിടിച്ചുകൊണ്ടുപോവുകയും ചെയ്തിരുന്നു. പുലിയുടെ ആക്രമണം പതിവായതോടെ പ്രദേശവാസികളെല്ലാം വലിയ ഭീതിയിലാണ്.
ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ മാറിയ പുലിയെ പിടികൂടുന്നതിനായി പ്രദേശത്ത് കൂടുതൽ കൂടുകൾ സ്ഥാപിക്കണമെന്നും ആവശ്യമെങ്കിൽ മയക്കുവെടിവെച്ച് പിടികൂടുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
ഈ മേഖലകളിൽ കാടുമൂടിക്കിടക്കുന്ന ഒട്ടേറെ തോട്ടങ്ങളുണ്ടെന്നും പുലി ഇവിടെ തമ്പടിക്കാൻ സാധ്യതയുണ്ടെന്നുമാണ് നാട്ടുകാർ പറയുന്നത്. ഗ്രാമപ്പഞ്ചായത്ത് അധികൃതർ ഇടപെട്ട് സ്വകാര്യ തോട്ടങ്ങളിലെ കാടുകൾ വെട്ടിത്തെളിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്.
Published: 11 Oct 2026, 03:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented