പ്രതി പിടിയിലായത് 2024-ൽ

To advertise here,

കല്പറ്റ : നല്ലൂർനാട് സർവീസ് സഹകരണ ബാങ്കിൽ 1988-ൽ നടന്ന കവർച്ചയിൽ മോഷണസംഘാംഗത്തിന് 38 വർഷങ്ങൾക്കുശേഷം ശിക്ഷവിധിച്ചു. കൊല്ലം, പള്ളിമുക്ക്, തെടിയഴിക്കത്ത് വീട്ടിൽ അബ്ദുൽ സമദിനെയാണ് 76-ാം വയസ്സിൽ കോടതി 13 വർഷം തടവിനും 16,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്.

1988 ജനുവരി എട്ടിന് പുലർച്ചെയായിരുന്നു നല്ലൂർനാട് സർവീസ് സഹകരണ ബാങ്കിലെ കവർച്ച. അബ്ദുൽ സമദ് ഉൾപ്പെടെയുള്ള ആറംഗസംഘമാണ് മോഷണം നടത്തിയത്.

കാറിലെത്തിയ സംഘം വാതിലുകളുടെ പൂട്ടുകൾ പൊളിച്ച് അകത്തുസൂക്ഷിച്ചിരുന്ന സെയ്ഫും ഒരു കിലോയോളം വരുന്ന സ്വർണാഭരണങ്ങളും, 5,544 രൂപയുമാണ് മോഷ്ടിച്ചത്. മോഷണത്തിനിടെയുള്ള ശബ്ദംകേട്ടെത്തിയ രണ്ടുപേരെ കട്ടപ്പാരകൊണ്ട് സംഘം ആക്രമിക്കുകയും ചെയ്തിരുന്നു.

കേസിൽ സുബൈർ, സുരേഷ് ബാബു, ആലിക്കുട്ടി, നസീർ എന്നിവരെ ആദ്യംതന്നെ പോലീസ് പിടികൂടുകയും 1993-ൽ ശിക്ഷിക്കുകയുംചെയ്തിരുന്നു. എന്നാൽ പ്രതികളായ സമദിനെയും ഒ.കെ. ബാബുവിനെയും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഒ.കെ. ബാബു 2017-ൽ കോടതിയിൽ കീഴടങ്ങുകയും ശിക്ഷിപ്പെടുകയുംചെയ്തു.

അബ്ദുൽ സമദിനെ സംഭവംനടന്ന് 36 വർഷത്തിനുശേഷം 2024 ഒക്ടോബറിലാണ് പിടികൂടിയത്. ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെയാണ് വിചാരണനേരിട്ടത്. അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജി എൽ. ജയവന്താണ് ശിക്ഷവിധിച്ചത്. പിഴയടച്ചില്ലെങ്കിൽ 10 മാസം കൂടി തടവ് അനുഭവിക്കണം.

അന്നത്തെ മാനന്തവാടി സി.ഐ. വിശ്വനാഥക്കുറുപ്പാണ് കേസിന്റെ ആദ്യ അന്വേഷണം നടത്തിയത്. തുടർന്ന്, ജില്ലാ സി.ബി. സി.ഐ.ഡി. ഡിറ്റക്ടീവ് ഇൻസ്പെക്ടർ കെ.ജി. ജെയിംസ് കേസേറ്റെടുത്തു.

പിന്നീട് വന്ന ഡിറ്റക്ടീവ് ഇൻസ്പെക്ടർ വിജയശങ്കർ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. പ്രാസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഇ.ആർ. സന്തോഷ് കുമാർ ഹാജരായി.