ലഹരിവിരുദ്ധ പോരാട്ടം മുറുകുമ്പോഴും

To advertise here,

അമ്പലയവൽ : സംസ്ഥാനസർക്കാർ ലഹരിക്കെതിരേ ശക്തമായ പോരാട്ടവും പ്രചാരണങ്ങളുമായി മുന്നോട്ടുപോകുമ്പോൾ, അധികൃതരുടെ അനാസ്ഥകാരണം സർക്കാർകെട്ടിടങ്ങൾ ലഹരി ഉപയോഗിക്കുന്നവരുടെ താവളമാകുന്നു.

അമ്പലവയൽ ഗവ. ആശുപത്രി പരിസരത്തുള്ള ക്വാർട്ടേഴ്സുകളാണ് ലഹരിസംഘങ്ങളും സമൂഹവിരുദ്ധരും കൈയടക്കിയിരിക്കുന്നത്. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ലഹരി ഉപയോഗത്തിനായി ഇവിടേക്കെത്തുന്നത് പ്രദേശവാസികൾക്കും തലവേദനയാകുന്നു.

തുറന്നുകിടക്കുന്ന മുറി, ഒഴിഞ്ഞ കുപ്പികൾ

അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രത്തിന്റെ (ആർ.എ.ആർ.എസ്.) അധീനതയിലുള്ള ക്വാർട്ടേഴ്‌സുകളാണ് കൂടുതലുള്ളത്. മുൻപ്‌ ഈ കെട്ടിടങ്ങളിലെല്ലാം ആൾത്താമസമുണ്ടായിരുന്നു. ആർ.എ.ആർ.എസിലെ ജീവനക്കാരാണ് താമസിച്ചിരുന്നത്. താമസമില്ലാതായതോടെ കെട്ടിടങ്ങൾ അനാഥമായി. കാടുമൂടിക്കിടക്കുന്ന കെട്ടിടങ്ങളിൽ സ്ഥിരമായി ആളുകൾ വന്നുപോകാൻതുടങ്ങി. വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ട കെട്ടിടങ്ങളുടെ ജനൽപ്പാളികൾ തകർത്തനിലയിലാണ്.

പുറമേനിന്ന് നോക്കിയാൽ വിജനമെന്ന് തോന്നിക്കുന്ന ഈ ക്വാർട്ടേഴ്സുകളുടെ വാതിലുകൾ സദാ തുറന്നുകിടക്കുന്ന നിലയിലാണ്. ഇരുട്ടുമൂടിയ മുറികൾക്കുള്ളിൽ ഒഴിഞ്ഞ മദ്യക്കുപ്പികളും ലഹരി ഉപയോഗിച്ചതിന്റെ അവശിഷ്ടങ്ങളും കുന്നുകൂടിക്കിടക്കുന്നു. പകലെന്നോ രാത്രിയെന്നോ ഭേദമില്ലാതെ സമൂഹവിരുദ്ധരുടെ താവളമായി ഇവിടം മാറി.

ചിലമുറികളുടെ താഴുതകർത്ത് ചിലർ സ്വന്തംനിലയ്ക്ക് താഴുകളിട്ട് ഉപയോഗിക്കുന്നുവെന്ന പരാതിയുമുണ്ട്. ഈ കെട്ടിടങ്ങൾക്കുസമീപം കാലങ്ങളായി താമസിക്കുന്നവർക്ക് ഇത് വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.

ഓപ്പറേഷൻ തൂഫാൻ നടക്കുമ്പോഴും കണ്ണടച്ച് അധികൃതർ

ലഹരിമാഫിയയുടെ വേരറക്കാൻ സംസ്ഥാനസർക്കാർ തുടങ്ങിയ ഓപ്പറേഷൻ തൂഫാൻ രണ്ടാംഘട്ടത്തിലേക്ക് കടക്കുകയാണ്. കർശന നടപടികളിലൂടെ ലഹരിമാഫിയയുടെ വേരറക്കാൻ പോലീസ് ശ്രമിക്കുമ്പോഴാണ് റവന്യൂ-ആർ.എ.ആർ.എസ്. അധികൃതരുടെ അനാസ്ഥയിൽ പുതിയ ലഹരികേന്ദ്രങ്ങൾ തുറക്കപ്പെടുന്നത്.

സ്വന്തം അധീനതയിലുള്ള കെട്ടിടങ്ങൾപോലും നോക്കിനടത്താനോ സംരക്ഷിക്കാനോ അധികൃതർക്ക് കഴിയുന്നില്ല. പ്രദേശവാസികൾ ഒട്ടേറെത്തവണ പരാതിനൽകിയിട്ടും ബന്ധപ്പെട്ട വകുപ്പുകൾ തിരിഞ്ഞുനോക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.