പനമരം : വയനാടിന്റെ വൈദ്യുതി പ്രസരണശൃംഖല 110 കെ.വി. നിലവാരത്തിലേക്ക് ഉയരുന്നു. കെ.എസ്.ഇ.ബി.യുടെ കണിയാമ്പറ്റ 220 കെ.വി. സബ്‌സ്റ്റേഷനിൽ 100 എം.വി.എ. ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നു. ബുധനാഴ്ച വൈകീട്ട് അഞ്ചുമണിയോടെ മലാപ്പറമ്പ് നിന്നും പ്രത്യേക വാഹനത്തിൽ ട്രാൻസ്ഫോർമർ കണിയാമ്പറ്റ സബ് സ്റ്റേഷനിൽ എത്തിച്ചു. ചുരം കയറാൻ സാധിക്കാത്തതിനാൽ വാഹനം കോയമ്പത്തൂർ, ബെംഗളൂരു, മൈസൂർ വഴി കറങ്ങി ബത്തേരിയിലൂടെ മീനങ്ങാടി - പച്ചിലക്കാട് റോഡ് വഴിയാണ് 10 ദിവസം എടുത്ത് കണിയാമ്പറ്റയിൽ എത്തിച്ചത്.
വയനാടിന്റെ വൈദ്യുതി പ്രസരണശൃംഖല കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെയും ഭാവിയിലെ വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിന്റെയും ഭാഗമായാണ് കണിയാമ്പറ്റ 220 കെ.വി. സബ്‌സ്റ്റേഷനിൽ 100 എം.വി.എ. ശേഷിയുള്ള 220/110 കെ.വി. ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നത്. അതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയുമാണ്.
നിലവിൽ ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്ക് വൈദ്യുതി വിതരണംചെയ്യുന്നതിൽ പ്രധാനമായും 66 കെ.വി. ശൃംഖലയെയാണ് ആശ്രയിക്കുന്നത്. 66 കെ.വി. നിലവാരത്തിലുള്ള പ്രസരണശൃംഖലയ്ക്ക് ദീർഘദൂരങ്ങളിലേക്ക് വലിയ അളവിൽ വൈദ്യുതി കൈമാറുന്നതിൽ പരിമിതികളുണ്ട്. ഇതുകാരണം പ്രസരണനഷ്ടവും വോൾട്ടേജ് വ്യതിയാനവും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
220/110 കെ.വി. സംവിധാനം നിലവിൽ വരുന്നതോടെ കുറഞ്ഞ കറന്റിലൂടെ കൂടുതൽ വൈദ്യുതി കൈമാറാൻ സാധിക്കുന്നതിനാൽ പ്രസരണനഷ്ടം കുറയ്ക്കാനും പ്രസരണശേഷി വർധിപ്പിക്കാനും കഴിയും. അതോടൊപ്പം വോൾട്ടേജ് നിലവാരം മെച്ചപ്പെടുകയും വിതരണത്തിന്റെ വിശ്വാസ്യത വർധിക്കുകയും ചെയ്യും.
വയനാട്ടിൽ ഭാവിയിലുണ്ടാകാൻ സാധ്യതയുള്ള വൈദ്യുതി ആവശ്യകതയിലെ വർധന കാര്യക്ഷമമായി കൈകാര്യംചെയ്യുന്നതിനും പുതിയ വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഈ പദ്ധതി സഹായകരമാകും. കൂടാതെ, നിലവിലുള്ള പ്രധാന സബ്‌സ്റ്റേഷനുകളിൽനിന്ന് ദൂരെയുള്ള കാട്ടിക്കുളം, ചീരാൽ, വൈത്തിരി, കോറോം, പേര്യ, തിരുനെല്ലി, തോൽപ്പെട്ടി തുടങ്ങിയ പ്രദേശങ്ങളിലും വയനാടിന്റെ വിവിധ അതിർത്തിപ്രദേശങ്ങളിലും വോൾട്ടേജ് നിലവാരം മെച്ചപ്പെടുത്താൻ 110 കെ.വി. ശൃംഖലയുടെ വികസനം സഹായിക്കും. ദീർഘദൂരങ്ങളിലേക്കുള്ള വൈദ്യുതി പ്രസരണത്തിൽ ഉണ്ടാകുന്ന വോൾട്ടേജ് ഡ്രോപ്പ് കുറയ്ക്കുന്നതിനും ഇതിലൂടെ സാധിക്കും.
100 എം.വി.എ. ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതോടെ ബത്തേരി, മാനന്തവാടി, അഞ്ചുകുന്ന്, അമ്പലവയൽ, കൂത്തുമുണ്ട തുടങ്ങിയ സബ്‌സ്റ്റേഷനുകളെ 110 കെ.വി. നിലവാരത്തിലേക്ക് മാറ്റുന്നതിനുള്ള സാധ്യതയും ലഭിക്കും. ഇതോടെ, വയനാട്ടിലെ വിവിധഭാഗങ്ങളെ കൂടുതൽ ശക്തമായ 110 കെ.വി. പ്രസരണശൃംഖലയുമായി ബന്ധിപ്പിക്കാൻ കഴിയും. 110 കെ.വി. ശൃംഖലയുടെ വ്യാപനത്തിലൂടെ വൈദ്യുതിപ്രസരണത്തിലെ സാങ്കേതികനഷ്ടം കുറയ്ക്കുന്നതിനും വോൾട്ടേജ് നിലവാരം മെച്ചപ്പെടുത്തുന്നതിനും കൂടുതൽ വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനും ഭാവിയിലെ വൈദ്യുതിവികസനത്തിന് ആവശ്യമായ അടിസ്ഥാനസൗകര്യം ഒരുക്കുന്നതിനും സാധിക്കും. കണിയാമ്പറ്റ 220 കെ.വി. സബ്‌സ്റ്റേഷനിലെ 100 എം.വി.എ., 220/110 കെ.വി. ട്രാൻസ്ഫോർമർ സ്ഥാപിക്കൽ വയനാടിന്റെ വൈദ്യുതിപ്രസരണ മേഖലയിലെ ഒരു പ്രധാന വികസനഘട്ടമായിമാറും. ഇത് വയനാടിന്റെ നിലവിലെ വൈദ്യുതി ആവശ്യകത മാത്രമല്ല, ഭാവിയിലെ വൈദ്യുതി വളർച്ചയും കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനുള്ള ശേഷി വർധിപ്പിക്കുന്നതുമാണ്.
Published: 01 Oct 2026, 04:06 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented