കല്പറ്റ : സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രത്തിന്റെ (എസ്.എച്ച്.ആർ.പി.സി.) നേതൃത്വത്തിലുള്ള വയനാട് മെഡിക്കൽ കോളേജ് ജനകീയ ആക്‌ഷൻ കൗൺസിൽ പ്രിയങ്കാഗാന്ധി എം.പി.യുടെ ഓഫീസിലേക്ക് മാർച്ച് നടത്തി. വയനാട് ഗവ. മെഡിക്കൽകോളേജ് മടക്കിമലയിൽ ചന്ദ്രപ്രഭാ ചാരിറ്റബിൾ ട്രസ്റ്റ് സൗജന്യമായി നൽകിയ സ്ഥലത്ത് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന് അനാസ്ഥയാണെന്നാരോപിച്ചായിരുന്നു പ്രതിഷേധം. മെഡിക്കൽ കോളേജ് വിഷയത്തിൽ വയനാട്ടിലെ യു.ഡി.എഫ്. നേതൃത്വത്തിന് വ്യക്തമായ നയവും ഏകോപനവും ഇല്ലാത്തതിനാലാണ് ജനപ്രതിനിധികൾക്ക് നിലപാടുകൾ എടുക്കാൻ കഴിയാത്തതെന്നും ഇത് ജനങ്ങളുടെ ആശങ്കകൾക്ക് വഴിവെക്കുകയാണെന്നും ആക്‌ഷൻ കൗൺസിൽ കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പിനുമുൻപ് പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശൻ, നിലവിലെ മന്ത്രി ടി. സിദ്ദിഖ്, സുൽത്താൻബത്തേരി എം.എൽ.എ. ഐ.സി. ബാലകൃഷ്ണൻ എന്നിവർ മടക്കിമലയിലെ ഭൂമിയിൽ മെഡിക്കൽ കോളേജ് പുനഃസ്ഥാപിക്കുമെന്ന് വാക്കുനൽകിയതാണ്. എന്നാൽ, ഇപ്പോൾ ജനങ്ങളുടെ പ്രതീക്ഷകൾക്ക് വിപരീതമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും ആക്‌ഷൻ കൗൺസിൽ ആരോപിച്ചു. വിഷയത്തിൽ പ്രിയങ്കാഗാന്ധി എം.പി.യും നിലപാട് വ്യക്തമാക്കിയില്ല. നൽകിയ നിവേദനങ്ങൾക്ക് മറുപടിയും നൽകിയില്ല. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ.യുടെ ഓഫീസിലേക്കും മാർച്ച് നടത്തുമെന്നും ആക്‌ഷൻ കൗൺസിൽ അറിയിച്ചു. മാർച്ചും ധർണയും അഡ്വ. വി.പി. എൽദോ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് കെ.എൻ. പ്രേമലത അധ്യക്ഷത വഹിച്ചു. എസ്.എച്ച്.ആർ.പി.സി. ജില്ലാ സെക്രട്ടറി കെ.വി. ഗോകുൽദാസ്, ചെയർമാൻ ഡോ. എം. ബാലകൃഷ്ണൻ, എൻ. യാസിൻ ഒമർ, കെ.കെ.എസ്. നായർ, ജോണി പാറ്റാനി, കെ.വി. പ്രകാശ്, കെ.എൻ. ശ്രീധരൻ, അഡ്വ. ഷീബ മാത്യു തുടങ്ങിയവർ സംസാരിച്ചു.

To advertise here,