കോഴിക്കോട്: ഒരുവർഷംമുൻപ് സെൻട്രൽ മാർക്കറ്റ് കെട്ടിടം പൊളിക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചെങ്കിലും അത് രേഖപ്പെടുത്താൻ ‘വിട്ടുപോയതിനാൽ’ വീണ്ടും അജൻഡയായി വന്നു. അന്ന് തീരുമാനം രേഖപ്പെടുത്താത്തതിനാൽ സർക്കാരിലേക്ക് അയച്ചുമില്ല. മേയർ ഒ. സദാശിവന്റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിലാണ് ഇപ്പോൾ വീണ്ടും തീരുമാനമെടുത്തത്.
സെൻട്രൽ മാർക്കറ്റ് കെട്ടിടം പണിയാൻ 55.17 കോടിയുടെ പദ്ധതിയുണ്ട്. നിലവിലുള്ള കെട്ടിടം അധികം കാലപ്പഴക്കമില്ലാത്തതിനാൽ അത് പൊളിച്ചുമാറ്റാൻ കൗൺസിൽ തീരുമാനമെടുത്ത് സർക്കാർ അനുമതിക്കായി അയക്കാനുള്ളതായിരുന്നു അജൻഡ.
കഴിഞ്ഞ കൗൺസിൽകാലത്ത് 2025 ജൂലായ് 15-ന് ചേർന്ന യോഗത്തിൽ വിഷയം വന്നതാണെന്നും അന്ന് പാസാക്കിയ അജൻഡ വീണ്ടും വന്നതെന്തിനാണെന്നും വിശ്വനാഥൻ പുതുശ്ശേരി ചോദിച്ചു. അപ്പോഴാണ് പാസാക്കിയ അജൻഡയിലെ തീരുമാനം രേഖപ്പെടുത്തിയിട്ടില്ലെന്നും അതിനാൽ സർക്കാരിലേക്ക് അയച്ചിട്ടില്ലെന്നും വ്യക്തമായത്. കെട്ടിടം പൊളിക്കൽ, മാർക്കറ്റിലെ തൊഴിലാളികൾക്കായുള്ള പദ്ധതി സ്വകാര്യസ്ഥലത്തായതിനാൽ അതിനുള്ള അനുമതി, മൂല്യം കണക്കാക്കി സംസ്ഥാന തീരദേശവികസന കോർപ്പറേഷന് അയച്ചുനൽകുന്നതിന് മുൻകൂർ അനുമതി നൽകിയതിന്റെ സാധൂകരണം എന്നിവയായിരുന്നു 2025 ജൂലായിൽ സെൻട്രൽ മാർക്കറ്റുമായി ബന്ധപ്പെട്ടുവന്ന അജൻഡ. എന്നാൽ, ഇതിൽ മുൻകൂർ അനുമതിയുടെ വിഷയംമാത്രമാണ് രേഖപ്പെടുത്തിയതെന്ന് സൂപ്രണ്ടിങ് എൻജിനിയർ കെ.എൻ. ബിജോയ് വ്യക്തമാക്കി. അതുകൊണ്ടുതന്നെ ഒരുവർഷം മുൻപുള്ള തീരുമാനം സർക്കാരിലേക്ക് പോയില്ല.
സർക്കാർ അംഗീകരിച്ചുവരേണ്ട സമയമായെന്നും ഇത്തരത്തിൽ വീഴ്ചപറ്റരുതായിരുന്നെന്നും എസ്.കെ. അബൂബക്കർ പറഞ്ഞു. അന്നുള്ളവർ തീരുമാനം രേഖപ്പെടുത്തുന്നത് വിട്ടുപോയെന്നും അത് പാടില്ലായിരുന്നുവെന്നും മേയർ വ്യക്തമാക്കി.
കാലപ്പഴക്കമില്ലാത്ത കെട്ടിടം എന്ന് അജൻഡയിൽ രേഖപ്പെടുത്തിയാൽ അനുമതികിട്ടാൻ തടസ്സമുണ്ടാകുമെന്നും എസ്.വി. മുഹമ്മദ് ഷമീൽ തങ്ങൾ പറഞ്ഞു. 2002-ൽ നിർമിച്ച കെട്ടിടമാണെന്നും പരമാവധി 30-35 വർഷത്തെ ആയുസ്സേ ഉണ്ടാകൂവെന്നും സൂപ്രണ്ടിങ് എൻജിനിയർ വ്യക്തമാക്കി. കെട്ടിടം സമീപകാലത്തുതന്നെ അൺഫിറ്റാകാൻ സാധ്യതയുണ്ടെന്നും പറഞ്ഞു.
ഫണ്ട് നഷ്ടമാകുമോ, സ്റ്റേയുണ്ടോ
ഇത്രകാലമായിട്ടും പണിതുടങ്ങാത്തതിനാൽ ഫണ്ട് നഷ്ടമാകുമോയെന്ന് ടി. രനീഷ് ചോദിച്ചു. സ്ഥലം എം.എൽ.എ.തന്നെ ഇടപെട്ടിട്ടുണ്ടെന്നും കോർപ്പറേഷൻ പ്രതിനിധികളും എം.എൽ.എ.യും തിരുവനന്തപുരത്ത് പോയി തീരുമാനമാക്കുമെന്നും മേയർ വ്യക്തമാക്കി. കെട്ടിടനവീകരണവുമായി ബന്ധപ്പെട്ട് ചില വ്യാപാരികൾ കോടതിയെ സമീപിച്ച് സ്റ്റേവാങ്ങിയതിനെക്കുറിച്ച് ടി.പി.എം. ജിഷാൻ ചോദിച്ചപ്പോൾ നിലവിൽ സ്റ്റേയില്ലെന്ന് മേയർ വ്യക്തമാക്കി. അതേസമയം കേസ് തീർന്നിട്ടില്ലെന്നും സ്റ്റേ തുടരുന്നുണ്ടെന്നുമാണ് കച്ചവടക്കാർ സൂചിപ്പിക്കുന്നതെന്നും വ്യക്തമാക്കി.
നിർമലം പ്രചാരണം
നിർമലം ശുചിത്വപ്രചാരണപരിപാടികളുമായി ബന്ധപ്പെട്ടുള്ള തീരുമാനങ്ങളും കൗൺസിൽ അംഗീകരിച്ചു. ഡെപ്യൂട്ടി മേയർ ഡോ. എസ്. ജയശ്രീ, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ കെ. രാജീവ്, നമ്പിടി നാരായണൻ, കെ.സി. ശോഭിത തുടങ്ങിയവർ സംസാരിച്ചു.
Published: 17 Oct 2026, 03:56 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented