പനമരം : പുഴയരികിലെ കൂറ്റൻമരം പൊട്ടിവീണ് പനമരം കഴുക്കലോടി പാലത്തിന്റെ കൈവരി തകർന്നു. വ്യാഴാഴ്ച പുലർച്ചെയാണ് കഴുക്കലോടി പാലത്തിനുസമീപത്തെ മരം പൊട്ടിവീണ് പാലത്തിന്റെ കൈവരി തകർന്നത്. കൈവരിയുടെ ഒരുഭാഗം തകർന്നു വീഴുകയും ശേഷിക്കുന്ന കൈവരി ചെരിഞ്ഞ് ഏതുനിമിഷവും നിലംപൊത്തുമെന്ന അവസ്ഥയിലുമാണ്. പൊട്ടിവീണ മരം പുഴയിൽ പാലത്തിന് താഴെ കിടക്കുന്നുമുണ്ട്. പുതിയ പാലം വന്നതോടെ സമീപത്തെ പഴയ പാലം പൊളിച്ചു നീക്കണമെന്ന് നാട്ടുകാർ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതുവരെയും അതിനൊരു തീരുമാനം ഉണ്ടായിട്ടില്ല. ഈ പഴയ പാലത്തിന് താഴെ വലിയ മരങ്ങളും മാലിന്യവും വന്ന് അടിഞ്ഞതിനാൽ വെള്ളത്തിന്റെ ഒഴുക്ക്‌ തടയുകയും പിന്നീട് പുഴ ഗതിമാറി ഒഴുകി സമീപത്ത് വ്യാപകമായ മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. ഇത്തരത്തിൽ മണ്ണിടിച്ചിൽ അനുഭവപ്പെട്ടതാണ് ഈ മരം പൊട്ടിവീഴാൻ ഇടയാക്കിയതെന്ന് നാട്ടുകാരായ വി.ജി. ശശികുമാർ, എ.ജെ. പൗലോസ് എന്നിവർ പറഞ്ഞു. പൊട്ടിവീണ മരത്തിന് സമീപം വേറെയും വലിയ മരങ്ങളുണ്ട്. അതിനാൽ ഇവ ഉടൻ മുറിച്ചുമാറ്റുകയും, പഴയ പാലം പൊളിച്ചുനീക്കുകയും, പുഴയുടെ ഇരുഭാഗത്തും സംരക്ഷണഭിത്തി കൂടി ഒരുക്കി പുതിയ പാലം സംരക്ഷിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

To advertise here,