സുൽത്താൻബത്തേരി : ചീരാൽ വെണ്ടോലിൽ വീട്ടുകാർ ഉറങ്ങിക്കിടക്കവേ സമീപത്തെ തെങ്ങ് പൊട്ടിവീണ് മേൽക്കൂര തകർന്നു. ഞെട്ടിയുണർന്ന് പുറത്തേക്കോടിയ വീട്ടുകാർ അദ്‌ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. വെള്ളാട് സുരേഷിന്റെ വീടിനുമുകളിലേക്കാണ് ചൊവ്വാഴ്ച രാത്രി 12.30-ഓടെ തെങ്ങ് വീണത്.

To advertise here,

തെങ്ങ് വീണതിന്റെ ആഘാതത്തിൽ ഒറ്റമുറി വീടിന്റെ മേൽക്കൂര മേഞ്ഞിരുന്ന ആസ്ബറ്റോസ് ഷീറ്റിന്റെ ഭാഗങ്ങളും തേങ്ങകളും ഇവരുടെ ദേഹത്തേക്ക് പതിച്ചെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.

സുരേഷും ഭാര്യ കലയും രണ്ടു പെൺമക്കളുമാണ് ഈ മുറിയിൽ ഉറങ്ങിയിരുന്നത്. 11.30-ഓടെ ഉറങ്ങാൻകിടന്നത്. കേടുബാധിച്ച തെങ്ങ് പൊട്ടിവീണതോടെ ഈ കുടുംബത്തിന്റെ ഏക ആശ്രയമാണ് ഇല്ലാതായത്.

14 വർഷത്തോളമായി പഞ്ചായത്തിൽ പുതിയ വീടിനായി അപേക്ഷനൽകിയിട്ടും ലഭിച്ചിരുന്നില്ല.

ഇതേത്തുടർന്ന് മൂന്നുമാസം മുൻപ് അടച്ചുറപ്പുള്ള ഒറ്റമുറിവീട് ഉണ്ടാക്കുകയായിരുന്നു. ഇതിന്മേലാണ് തെങ്ങ് വീണ് മേൽക്കൂരയാകെ തകർന്നത്.

രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലും താമസത്തിന് എന്തുചെയ്യുമെന്ന ആശങ്കയിലാണ് കുടുംബം.