സുൽത്താൻബത്തേരി : സംസ്ഥാനത്തെ വിവിധ നാടകസമിതികളുടെ മികവുറ്റ പത്ത് നാടകങ്ങൾ ഉൾപ്പെടുത്തിയുള്ള സംസ്ഥാന പ്രൊഫഷണൽ നാടകമേളയ്ക്ക് ബത്തേരിയിൽ തുടക്കമായി. പൾസ് കേരള അക്കാദമി ഓഫ് എൻജിനിയറിങ്, ബത്തേരി പ്രസ് ക്ലബ്, ബത്തേരി നഗരസഭ എന്നിവ സംയുക്തമായാണ് 11-ാമത് നാടകമേള സംഘടിപ്പിക്കുന്നത്.

To advertise here,

ബത്തേരി നഗരസഭാ ടൗൺഹാളിൽ രാജേഷ് ഇരുളം സംവിധാനംചെയ്ത തിരുവനന്തപുരം മലയാള നാടകവേദിയുടെ ‘ഒരു സുന്ദരദിവസം’ എന്ന നാടകത്തോടെയാണ് അരങ്ങുണർന്നത്.

ജീവിതത്തിന്റെ പല വികാരങ്ങളിലൂടെയും സഞ്ചരിക്കുന്ന നാടകത്തിന് ഗൗരവമേറിയ വിഷയം മനോഹരമായി അവതരിപ്പിച്ച് ശ്രീകുമാർ മാരാത്താണ് രചന നിർവഹിച്ചത്.

നാടകമേളയുടെ ഉദ്ഘാടനം നഗരസഭാ ഉപാധ്യക്ഷൻ എം.ജി. ഇന്ദ്രജിത്ത് നിർവഹിച്ചു. നഗരസഭാംഗം ടോം ജോസ്, പ്രസ് ക്ലബ് ട്രഷറർ എൻ.എ. സതീഷ്, കേരള അക്കാദമി ഓഫ് എൻജിനിയറിങ് മാനേജിങ് ഡയറക്ടർ ജേക്കബ് സി. വർക്കി, പ്രിൻസിപ്പൽ ഗ്രേസി ജേക്കബ്, പൾസ് കോഡിനേറ്റർ ബിനു പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു. നാടകപ്രവർത്തകൻ വയനാടൻ കുഞ്ചാക്കോയെ ചടങ്ങിൽ ആദരിച്ചു. വ്യാഴാഴ്ച വൈകീട്ട് 6.45-ന് രണ്ടാമത്തെ നാടകമായ തിരുവനന്തപുരം ശ്രീനന്ദയുടെ ‘ഇരുവർ’ അരങ്ങേറും.