വടകര : വടകര റെയിൽവേ സ്റ്റേഷനിൽനിന്ന്‌ പുറത്തേക്കുപോകുന്ന വാഹനയാത്രക്കാർ ദുരിതത്തിൽ. റോഡുകളുടെ ശോച്യാവസ്ഥയും ഗതാഗതക്കുരുക്കുംമൂലം പ്രധാന റോഡിൽ എത്തുകയെന്നത് വെല്ലുവിളിയാണ്.

To advertise here,

അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി റെയിൽവേ സ്റ്റേഷൻ നവീകരിച്ചെങ്കിലും ഇവിടേക്ക് എത്താനുള്ള പ്രധാന റോഡുകൾ നവീകരിച്ചിരുന്നില്ല. ബസ്‌സ്റ്റാൻഡുകളിലേക്ക് ഉൾപ്പെടെ സുഗമമായ യാത്രയ്ക്ക് സംവിധാനമൊരുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇപ്പോഴും യാഥാർഥ്യമായിട്ടില്ല.

വടകര റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന പ്രധാനറോഡ് എടോടിയിൽനിന്ന്‌ പോലീസ് സ്റ്റേഷന് മുന്നിലൂടെയുള്ളതാണ്. നേരത്തേ ഇരുവശത്തേക്കും ഇതുവഴി വാഹനങ്ങൾ പോയിരുന്നെങ്കിലും ഗതാഗതപരിഷ്‌കാരത്തിന്റെ ഭാഗമായി ഇത് വൺവേയാക്കി. ഇതോടെ സ്‌റ്റേഷനിൽനിന്ന് തിരിച്ച് ഇതുവഴിവരാൻ കഴിയില്ല. ഇത് അത്യാവശ്യം നല്ലറോഡായതിനാൽ സ്റ്റേഷനിലേക്ക് എത്താൻ യാത്രക്കാർക്ക് വലിയ പ്രയാസമില്ല.

എന്നാൽ, സ്റ്റേഷനിൽനിന്ന്‌ തിരികെപ്പോകേണ്ടത് കീർത്തി-മുദ്ര തിയേറ്റർ റോഡ് വഴിയാണ്. ഇത് മുഴുവൻ തകർന്നിരിക്കുകയാണ്.

കയറ്റമുള്ള സ്ഥലമായതുകൊണ്ടുതന്നെ റോഡ് തകർന്നത് ഏറെ പ്രയാസമുണ്ടാക്കുന്നുണ്ട്. റോഡ് നന്നാക്കണമെന്ന് ഓട്ടോതൊഴിലാളികളും യാത്രക്കാരും നിരന്തരം ആവശ്യപ്പെട്ടിട്ടും പരിഹാരമായിട്ടില്ല. ഓട്ടോതൊഴിലാളികളും ഇരുചക്രവാഹനങ്ങളും കാറുമെല്ലാം വലിയ പ്രയാസംനേരിടുന്നുണ്ട്. ഈ റോഡിൽ കുഴികൾ അടയ്ക്കുന്ന പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പോലീസ് സ്റ്റേഷന് മുൻവശത്തുകൂടിയുള്ള റോഡിലൂടെ താത്‌കാലികമായി ഇരുവശത്തേക്കും വാഹനങ്ങൾ കടത്തിവിടുന്നുമുണ്ട്.

സ്റ്റേഷനിൽനിന്ന്‌ പഴയ ബസ്‌സ്‌റ്റാൻഡ് ഭാഗത്തേക്ക് പോകേണ്ട യാത്രക്കാർ ഏറെ ചുറ്റിക്കറങ്ങേണ്ട സ്ഥിതിയുമുണ്ട്. കീർത്തി-മുദ്രാ തിയേറ്ററിൽ സിനിമ കഴിയുന്ന സമയങ്ങളിൽ ഉൾപ്പെടെ ഇവിടെ ഗതാഗതക്കുരുക്കായിരിക്കും. ഇതിൽനിന്നെല്ലാം രക്ഷനേടാൻ യാത്രക്കാർ തിരഞ്ഞെടുക്കുന്ന മറ്റൊരു വഴി റെയിൽവേ കോളനി മുത്തപ്പൻക്ഷേത്രത്തിനുമുന്നിലൂടെ റസ്റ്റ്ഹൗസിന് സമീപത്ത് കയറുന്ന പുതിയ റോഡാണ്.

കോട്ടപ്പറമ്പ് വഴി സ്റ്റാൻഡ് ഭാഗത്തേക്കുള്ള റോഡ് വൺവേയായതിനാൽ ഇതുവഴി പോകാൻകഴിയില്ല. റസ്റ്റ് ഹൗസ് പരിസര​െത്തത്തുന്ന റോഡിന്റെ പ്രവൃത്തി ഇനിയും പൂർത്തിയായിട്ടില്ല. ബോളർ നിറഞ്ഞ പാതയിലൂടെ വേണം വാഹനങ്ങൾക്കുപോകാൻ. ഇതും വലിയ ദുരിതമാണ് തീർക്കുന്നത്. ഡിവൈ.എസ്.പി. ഓഫീസിന് മുൻവശത്ത് നടപ്പാതയിലെ സ്ലാബുകൾ തകർന്നിട്ടുണ്ട്. ഇവിടെ തെരുവുവിളക്കുമില്ല. രാത്രി നടന്നുപോകുന്ന യാത്രക്കാർ അപകടങ്ങളിൽപ്പെടുന്നത് പതിവാണ്. റസ്റ്റ്ഹൗസ് റോഡ് ഉടൻ നവീകരിച്ചാൽ റെയിൽവേ സ്‌റ്റേഷനിൽനിന്ന് തിരിച്ചുപോകുന്ന വാഹനങ്ങൾക്ക് നല്ലൊരു വഴിയാകും.