പനമരം : കാലപ്പഴക്കത്താൽ ഏതുനിമിഷവും തകർന്നുവീഴാവുന്ന കൂരകളിൽ, മാലിന്യം ഒഴുകുന്ന മുറ്റത്ത്, കുളിമുറിയും ശൗചാലയവുമില്ലാതെ ദുരിതജീവിതം പേറുകയാണ് കോട്ടത്തറ ഗ്രാമപ്പഞ്ചായത്ത് മൂന്നാം വാർഡിലെ പുലിമുണ്ട ഉന്നതിയിലെ കുടുംബങ്ങൾ.

To advertise here,

പുലിമുണ്ട ഉന്നതിയിൽ ആകെയുള്ള 20 സെന്റ് സ്ഥലത്താണ് 12 കുടുംബങ്ങളിലായി 50-ലേറെപ്പേർ തിങ്ങിഞെരുങ്ങി കഴിയുന്നത്. ഇവിടെ നാല് കോൺക്രീറ്റ് വീടുകളും പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ച മൂന്ന് ഷെഡ്ഡുകളുമാണുള്ളത്. ഇതിൽ ഒരുവീടുമാത്രമാണ് ഭാഗികമായെങ്കിലും വാസയോഗ്യം.

മറ്റ് മൂന്ന് വീടുകളുടെ ചുമരുകൾ വിണ്ടുകീറി, അടിത്തറ ഇളകി, മേൽക്കൂര തകർന്ന് ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. മഴപെയ്താൽ ചോർന്നൊലിക്കുന്ന ഈ വീടുകളിൽ വാതിലുകളോ ജനാലകളോപോലും പൂർണമായില്ല. ഷെഡ്ഡുകളുടെ അവസ്ഥ ഇതിലും ദയനീയമാണ്. പ്ലാസ്റ്റിക് കെട്ടിമറച്ചുണ്ടാക്കിയ ഇവയ്ക്കുള്ളിൽ അടുപ്പും കിടപ്പും ഒന്നിച്ചാണ്. ശക്തമായ കാറ്റിലും മഴയിലും ഇവ പറന്നുപോകുമോ എന്ന ഭയത്തിലാണ് കുടുംബങ്ങൾ.

മരിച്ചവരെ അടക്കുന്നത് വീടിനുമുന്നിൽ

20 സെന്റിനുള്ളിൽ തന്നെയാണ് ഇവരുടെ ജനനവും മരണവും. സ്ഥലപരിമിതിമൂലം മരിക്കുന്നവരെ അടക്കംചെയ്യുന്നത് ഈ വീടുകൾക്ക് മുന്നിലുള്ള ചെറിയ സ്ഥലത്താണ്. ട്രൈബൽ വകുപ്പും പഞ്ചായത്ത് അധികൃതരും തങ്ങളോട് കടുത്ത അവഗണനയാണ് കാണിക്കുന്നതെന്ന് ഉന്നതിയിലെ മിനി ഗോപി, കല്യാണി ബാലൻ, തങ്കി, ശോഭന, ശാന്ത വെളിയൻ, സൗമ്യ, ശരണ്യ എന്നിവർ പറയുന്നു.

സർക്കാരിന്റെ പുനരധിവാസപദ്ധതികളോ ഭവനപദ്ധതികളോ ഇവിടേക്ക് എത്തുന്നില്ല.

തിരഞ്ഞെടുപ്പുകാലത്ത് വോട്ടുതേടി എത്തുന്നവർ മെച്ചപ്പെട്ട വീടും സ്ഥലവും അടിസ്ഥാനസൗകര്യങ്ങളും വാഗ്ദാനംചെയ്ത് പോകുമെങ്കിലും തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ആരും തിരിഞ്ഞുനോക്കാറില്ലെന്നും ഇവർ പരാതിപ്പെടുന്നു. ആകെയുള്ള 20 സെന്റ് സ്ഥലത്തുനിന്ന്‌ മാറ്റി കൂടുതൽ സ്ഥലം അനുവദിച്ച് വാസയോഗ്യമായ വീടുകൾ നിർമിച്ചുനൽകണമെന്നും ശൗചാലയങ്ങൾ, കുടിവെള്ളം തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കണമെന്നുമാണ് പുലിമുണ്ട ഉന്നതിനിവാസികളുടെ ആവശ്യം.

പുനരധിവസിപ്പിക്കാൻ ശ്രമം നടത്തുന്നുണ്ട്

പുലിമുണ്ടയിൽ പുതിയ വീടൊരുക്കാനായി സ്ഥലപരിമിതിയുണ്ട്. അതിനാൽ പുലിമുണ്ട ഉന്നതിക്കാരെ പുനരധിവസിപ്പിക്കാനായി ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി മെച്ചന രാജീവ് നഗർ ഉന്നതിയിലേക്ക് പുനരധിവസിപ്പിക്കാനായി സ്ഥലം കാണിച്ചെങ്കിലും ഇവർ അവിടേക്ക് മാറാൻ തയ്യാറായിട്ടില്ല.

- ജോൺസി സജി, വാർഡംഗം