ഡിസംബറോടെ സർവീസ് പുനരാരംഭിച്ചേക്കും
പദ്ധതി മിഷൻ സമുദ്രയുടെ ഭാഗമായി
കോഴിക്കോട്: ബേപ്പൂരിൽനിന്ന് ലക്ഷദ്വീപിലേക്ക് യാത്രാക്കപ്പൽ സർവീസ് പുനരാരംഭിക്കുന്നു. സംസ്ഥാന സർക്കാരിന്റെ മിഷൻ സമുദ്രയുടെ ഭാഗമായി തമിഴ്‌നാട്ടിൽനിന്നുള്ള ശുഭം എന്റർപ്രൈസസാണ് സർവീസ് തുടങ്ങുന്നത്. 250 പേർക്ക് യാത്രചെയ്യാവുന്ന വിദേശനിർമിത കപ്പലായ ‘തേജ’യുടെ അവസാനഘട്ട അറ്റകുറ്റപ്പണികൾ ബേപ്പൂരിൽ പുരോഗമിക്കുകയാണ്. നാലുവർഷത്തിനുശേഷമാണ് ലക്ഷദ്വീപിലേക്ക് ബേപ്പൂരിൽനിന്ന് കപ്പൽ സർവീസ് തുടങ്ങുന്നത്.
സാധാരണ യാത്രക്കാർക്കുപുറമേ ലക്ഷദ്വീപിലേക്കുള്ള വിനോദസഞ്ചാരികളെക്കൂടി ലക്ഷ്യംവെക്കുന്ന കപ്പലിൽ ബിസിനസ്, ഇക്കോണമി ക്ലാസ് ഇരിപ്പിടങ്ങളുണ്ടാവും. ട്രയൽ റണ്ണിനുശേഷമേ യാത്രാനിരക്ക് നിശ്ചയിക്കൂ.
കേന്ദ്രഷിപ്പിങ് മന്ത്രാലയത്തിന്റെ അനുമതിക്കുള്ള പ്രാഥമികനടപടികൾ പൂർത്തിയായിട്ടുണ്ട്. ഇനി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെയും ഷിപ്പിങ് ഡയറക്ടർ ജനറലിന്റെയും അനുമതികൂടി ബാക്കിയുണ്ട്. അറ്റകുറ്റപ്പണി പൂർത്തിയാവുന്നതോടെ ഇന്ത്യൻ രജിസ്ട്രാൾ ഓഫ് ഷിപ്പിങ്ങിന്റെ പരിശോധന നടക്കും. ഇതോടെ അനുമതികൾക്കുള്ള പ്രധാനകടന്പകൾ പൂർത്തിയാവും. ഡിസംബറോടെ സർവീസ് തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ.
രാവിലെ ആറുമണിക്ക് ബേപ്പൂരിൽനിന്ന് പുറപ്പെടുന്ന രീതിയിൽ സർവീസ് നടത്താനാണ് ആലോചന. എല്ലാ ദിവസവും സർവീസ് ഉണ്ടാവുമോ ഒന്നിടവിട്ട ദിവസങ്ങളിലാണോയെന്ന കാര്യം ട്രയൽ റണ്ണിനുശേഷം തീരുമാനിക്കും. പകൽമാത്രം സർവീസ് നടത്താവുന്ന അതിവേഗകപ്പലാണിത്.
2022 വരെ ‘ദീപ്‌സേതു’വായിരുന്നു ബേപ്പൂരിൽനിന്ന് ലക്ഷദ്വീപിലേക്കുള്ള യാത്രാക്കപ്പൽ. 2022-ൽ അത് നിർത്തലാക്കിയശേഷം ലക്ഷദ്വീപുകാർ കൊച്ചിയെയും മംഗലാപുരത്തെയുമാണ് ആശ്രയിച്ചിരുന്നത്. വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കും മറ്റ് വ്യാപാര ആവശ്യങ്ങൾക്കുമെല്ലാം പതിറ്റാണ്ടുകളായി ആശ്രയിച്ചിരുന്ന കോഴിക്കാടുമായുള്ള ബന്ധമാണ് അതോടെ മുറിഞ്ഞുപോയത്.
ആറുമണിക്കൂർ യാത്ര
കൊച്ചിയിൽനിന്ന് ലക്ഷദ്വീപിലേക്ക് 12 മണിക്കൂർ വരെയെടുക്കും യാത്രാസമയം. ബേപ്പൂരിൽനിന്ന് പരമാവധി അഞ്ചുമുതൽ ആറുമണിക്കൂർവരെ മതി ആന്ത്രോത്ത്, കൽപ്പേനി ദ്വീപുകളിലെത്താൻ. കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രി വി.ഡി. സതീശനുമായി ചർച്ചനടത്തി കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും സഹായകരമായ സമീപനമാണെന്നും നാഷണൽ ട്രേഡേഴ്‌സ് വെൽഫെയർ ബോർഡ് അംഗം സിറാജുദ്ദീൻ ഇല്ലത്തൊടി പറഞ്ഞു. ലക്ഷദ്വീപ് സമൂഹവും വളരെ പ്രതീക്ഷയിലാണെന്ന് അദ്ദേഹം പറഞ്ഞു.
ശുഭം എന്റർപ്രൈസസ് നിലവിൽ തമിഴ്‌നാട്ടിലെ നാഗപട്ടണത്തുനിന്ന് ശ്രീലങ്കയിലേക്ക് യാത്രാക്കപ്പൽ സർവീസ് നടത്തുന്നുണ്ട്. 400 യാത്രക്കാർക്ക് സൗകര്യമുള്ള കപ്പലാണിത്.
Published: 19 Nov 2026, 03:25 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented