കെ.എസ്.യു. സംസ്ഥാനകമ്മിറ്റി അംഗത്തിന് പരിക്ക്

To advertise here,

കോഴിക്കോട് : മാളിക്കടവ് ഗവ. ഐ.ടി.ഐ.യിൽ യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.എസ്.യു.-എസ്.എഫ്.ഐ. പ്രവർത്തകർ തമ്മിൽ സംഘർഷം. കെ.എസ്.യു. സംസ്ഥാന കമ്മിറ്റി അംഗം എ.കെ. ജാനിബിന് പരിക്കേറ്റു. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക സമർപ്പിക്കാനെത്തിയ പ്രവർത്തകരെ എസ്.എഫ്.ഐ. പ്രവർത്തകർ തടഞ്ഞതുമായി ബന്ധപ്പെട്ട് കോളേജ് അധികൃതരോട് സംസാരിക്കാനെത്തിയതായിരുന്നു ജാനിബ്.

പ്രിൻസിപ്പലുമായി സംസാരിച്ചശേഷം മടങ്ങുന്നതിനിടെ ഐ.ടി.ഐ.ക്ക് സമീപം റോഡിൽവെച്ച് ഒരുസംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് കെ.എസ്.യു.വിന്റെ ആരോപണം. ബൈക്കിന്റെ ചാവി, ഇടിവള, കരിങ്കല്ല് എന്നിവ ഉപയോഗിച്ച് മർദിക്കുകയും ചവിട്ടിവീഴ്ത്തുകയും ചെയ്തതായും കെ.എസ്.യു. ആരോപിച്ചു.

കണ്ണ്, തല, ചെവി, തോളെല്ല് എന്നിവിടങ്ങളിൽ പരിക്കേറ്റതായാണ് വിവരം.ജാനിബിന്റെ പരാതിയിൽ ചേവായൂർ പോലീസ് കേസെടുത്തു.

ജാനിബിനെ ആക്രമിച്ച എസ്.എഫ്.ഐ. നടപടി നിഷ്ഠുരവും നിന്ദ്യവുമാണെന്ന് കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ് പ്രസ്താവനയിറക്കി. സംഭവത്തിൽ അക്രമികൾക്കെതിരേ പോലീസ് കർശന നടപടി സ്വീകരിക്കണം. കലാലയങ്ങളിലെ എസ്.എഫ്‌.ഐ.യുടെ അക്രമരാഷ്ട്രീയത്തിന് സി.പി.എം. നേതൃത്വം തടയിടണമെന്ന് മന്ത്രി പറഞ്ഞു.

സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്ന് കെ.എസ്.യു. ജില്ലാ പ്രസിഡന്റ് വി.ടി. സൂരജ് എം.എൽ.എ. പ്രസ്താനയിറക്കി.

കലാലയങ്ങളിൽ ഏകാധിപത്യ പ്രവണത നടപ്പാക്കാമെന്ന് എസ്.എഫ്.ഐ. കരുതുന്നുണ്ടെങ്കിൽ വിദ്യാർഥിസമൂഹത്തെ അണിനിരത്തി ശക്തമായി പ്രതിഷേധിക്കുമെന്നും സൂരജ് പറഞ്ഞു.

ജാനിബിനെ സൂരജ് ഉൾപ്പെടെയുള്ള കെ.എസ്.യു., യൂത്ത് കോൺഗ്രസ്, കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു.