തരുവണ : പൊതുശൗചാലയവും ബസ് കാത്തിരിപ്പുകേന്ദ്രവുമില്ലാത്തത് തരുവണയിലെത്തുന്നവരെ പ്രയാസത്തിലാക്കുന്നു. വെള്ളമുണ്ട ഗ്രാമപ്പഞ്ചായത്തിലെ പ്രധാന ടൗണുകളിലൊന്നാണ് തരുവണ. കുറ്റ്യാടി, കോഴിക്കോട്, മാനന്തവാടി, കല്പറ്റ, സുൽത്താൻ ബത്തേരി ഭാഗങ്ങളിലേക്ക് പോകാനായി നൂറുകണക്കിനാളുകളാണ് തരുവണയിലെത്തുന്നത്.

To advertise here,

പടിഞ്ഞാറത്തറ റോഡിൽനിന്ന്‌ പ്രധാന റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് പേരിനൊരു ബസ് കാത്തിരിപ്പുകേന്ദ്രമുണ്ടെങ്കിലും ആർക്കും ഇതിന്റെ പ്രയോജനമില്ല. ബസുകളൊന്നും ഇവിടെ നിർത്താറില്ലെന്നതാണ് കാരണം. ബസുകൾ നിർത്തിയിട്ടാൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതിനാലാണ് ബസ് സ്റ്റോപ്പ് ഇവിടെനിന്ന്‌ മാറ്റിയത്.

മാനന്തവാടി ഭാഗത്തേക്കുള്ള ബസുകൾ മാനന്തവാടി റോഡിലുള്ള മുസ്‌ലിംപള്ളിക്കു സമീപവും പടിഞ്ഞാറുഭാഗത്തേക്കുള്ളവ പടിഞ്ഞാറത്തറ റോഡിലും വെള്ളമുണ്ട ഭാഗത്തേക്കുള്ള ബസുകൾ പ്രധാന റോഡിലുള്ള ബേക്കറിക്കുമുന്നിലുമായാണ് നിർത്തി ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത്. കാലക്രമേണ ബസ് സ്റ്റോപ്പുകൾ മാറിയിട്ടും നല്ല ബസ് കാത്തിരിപ്പുകേന്ദ്രമില്ലാത്തത് ജനങ്ങൾക്ക് ഏറെ പ്രയാസമാവുന്നുണ്ട്. പ്രായമായവരും കൈക്കുഞ്ഞുങ്ങളെയുമേന്തി എത്തുന്നവരുമാണ് ഏറെ പ്രയാസപ്പെടുന്നത്.

പൊരിവെയിലേറ്റ് ബസ് കാത്തിരിക്കാൻ വിധിക്കപ്പെടുകയാണ് എല്ലാവരും. അപ്രതീക്ഷിതമായി മഴപെയ്താൽ അവസ്ഥ പരിതാപകരമാണ്. കടകളും കടത്തിണ്ണകളുമാണ് ബസ് കാത്തിരിക്കാനുള്ള ആശ്രയം. പൊതുശൗചാലയം ഇല്ലാത്തതിനാൽ സ്ത്രീയാത്രക്കാർ അനുഭവിക്കുന്ന പ്രയാസം ചെറുതല്ല. പുരുഷയാത്രക്കാർ മൂത്രമൊഴിക്കാനും മറ്റും ആളൊഴിഞ്ഞ ഇടങ്ങൾ തേടിപ്പോകുകയാണ് ചെയ്യുന്നത്. ഇത് പരിസരമലിനീകരണത്തിനുൾപ്പെടെ കാരണമാവുമെന്നിരിക്കെ ഇതൊന്നും കണ്ടില്ലെന്നു നടിക്കുകയാണ് അധികൃതർ. യാത്രക്കാർക്ക് ഉപകാരപ്പെടാത്ത ബസ് കാത്തിരിപ്പുകേന്ദ്രം മോടിപിടിപ്പിക്കാനും സമീപത്തുള്ള കിണർ വൃത്തിയാക്കാനുമായി കഴിഞ്ഞ ഭരണസമിതി ലക്ഷങ്ങളാണ് ചെലവഴിച്ചത്.

പുതിയ ബസ് കാത്തിരിപ്പുകേന്ദ്രം നിർമിക്കാനായി പത്തുലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും അത് സ്ഥലമില്ലാത്തതിന്റെ പേരിൽ നഷ്ടപ്പെടുകയായിരുന്നെന്ന് പാലിയാണ പൗരസമിതി ഭാരവാഹികൾ പറഞ്ഞു.

പൊതുമരാമത്തുവകുപ്പിന്റെ ഉടമസ്ഥതയിൽ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലം തരുവണയിലുണ്ടെങ്കിലും ഇത് ഏറ്റെടുത്ത് പൊതുജനാവശ്യത്തിന്‌ പ്രയോജനപ്പെടുത്താൻ അധികൃതർ തയ്യാറാവുന്നില്ലെന്ന ആക്ഷേപമാണുയരുന്നത്. തരുവണ ടൗണിൽ സ്ത്രീകൾക്ക് മുലയൂട്ടാൻ സൗകര്യമുൾപ്പെടെയുള്ള ബസ് കാത്തിരിപ്പുകേന്ദ്രവും ശൗചാലയവും നിർമിക്കാൻ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി അടിയന്തര ഇടപെടലുകൾ നടത്തണമെന്നും അല്ലാത്തപക്ഷം പ്രക്ഷോഭത്തിന്‌ നേതൃത്വം നൽകുമെന്നും പാലിയാണ പൗരസമിതി മുന്നറിയിപ്പുനൽകി.