മേപ്പാടി : നടപ്പാലം അപകടാവസ്ഥയിലായതിനാൽ കുപ്പച്ചി ഉന്നതിയിലെ ആദിവാസികുടുംബങ്ങൾ ദുരിതത്തിൽ. മേപ്പാടി ഗ്രാമപ്പഞ്ചായത്തിലെ എട്ടാംവാർഡിലാണ് കുപ്പച്ചി ഉന്നതി സ്ഥിതിചെയ്യുന്നത്.
46 കുടുംബങ്ങളാണ് ഉന്നതിയിൽ താമസിക്കുന്നത്. ഇവർക്ക് പുറംലോകവുമായി ബന്ധപ്പെടാൻ ആശ്രയിക്കുന്ന ഏകമാർഗമാണ് ഈ നടപ്പാലം. എല്ലാവർഷവും കനത്തമഴപെയ്യുന്ന ദിവസങ്ങളിൽ ഉന്നതി ഒറ്റപ്പെടുന്നത് പതിവാണ്.
മീനാക്ഷിപ്പുഴ കരകവിഞ്ഞൊഴുകുന്നതാണ് കാരണം. വെള്ളപ്പൊക്കത്തിൽ പാലത്തിന്റെ കൈവരികൾ ഇളകിയടർന്ന് പോയിട്ട് വർഷങ്ങൾ കഴിഞ്ഞു. കാലപ്പഴക്കത്താൽ പാലത്തിന്റെ മിക്കഭാഗങ്ങളും വിണ്ടുകീറിയ നിലയിലാണ്. അതുകൊണ്ടുതന്നെ പുഴ കരകവിഞ്ഞൊഴുകുന്ന ദിവസങ്ങളിൽ പാലംകടക്കാൻ ഉന്നതിയിലുള്ളവർക്ക് കഴിയാറില്ല. വർഷകാലത്ത് എട്ടും പത്തും ദിവസങ്ങൾ താമസക്കാർ ഉന്നതിയിൽ ഒറ്റപ്പെട്ടുപോയിട്ടുണ്ട്.
നിത്യോപയോഗസാധനങ്ങൾ വാങ്ങിക്കാനും ചികിത്സയ്ക്കുമായി ഇവർ ആശ്രയിക്കുന്നത് മേപ്പാടിയെയാണ്. പണിക്കുപോകാനും ഈ നടപ്പാലം കടക്കണം. പാലം വെള്ളത്തിൽ മൂടുന്ന ദിവസങ്ങളിൽ പട്ടിണികിടക്കുകയല്ലാതെ ഈ കുടുംബങ്ങൾക്ക് മറ്റു മാർഗങ്ങളില്ല. പാലംമൂടിയാൽ വാഹനസൗകര്യമുള്ള റോഡിലെത്തണമെങ്കിൽ ഇവർ കിലോമീറ്ററുകൾ ചുറ്റിവളഞ്ഞ് സഞ്ചരിക്കണം.
ഇതിലും എത്രയോ ദുരിതപർവങ്ങൾ കടന്നാൽമാത്രമേ രോഗികളെ ആശുപത്രികളിലെത്തിക്കാൻ കഴിയൂ. മൂന്നടിവീതിയുള്ള നടപ്പാലം ഏതുനിമിഷവും നിലംപൊത്താവുന്ന നിലയിലാണ്. ഗ്രാമപ്പഞ്ചായത്തിൽ മാറിമാറിവന്ന ഭരണസമിതികളൊക്കെ ഇത് കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ആക്ഷേപമുണ്ട്.
സർക്കാർ അടിയന്തരമായി ഇടപെടണം
കുപ്പച്ചി ഉന്നതിയുമായി ബന്ധപ്പെടാനുള്ള ഏകമാർഗമായ നടപ്പാലം അപകടാവസ്ഥയിലായതിനാൽ പുതിയപാലം നിർമിക്കേണ്ടത് അത്യാവശ്യമാണ്. ഇതിനാവശ്യമായ തുക ഗ്രാമപ്പഞ്ചായത്തിന് കണ്ടെത്താൻ വിഷമമായതിനാൽ സർക്കാരും ജനപ്രതിനിധികളും അടിയന്തരമായി ഈ വിഷയത്തിൽ ഇടപെടണം. ഇക്കാര്യം കൃഷിവകുപ്പ് മന്ത്രിയുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. അടുത്ത മഴക്കാലംമുതൽ ഈ ഉന്നതിയിലെ കുടുംബങ്ങൾ ഒറ്റപ്പെടുന്ന അവസ്ഥയുണ്ടാവരുത്. ഗ്രാമപ്പഞ്ചായത്തിനോടൊപ്പം വാർഡ് മെമ്പറെന്നനിലയിൽ ഞാനും ഈ വിഷയത്തിൽ ഉണർന്നുപ്രവർത്തിക്കും.
കെ.പി. യൂനുസ്,
എട്ടാംവാർഡ് അംഗം
രോഗികളെ ചുമന്നുമടുത്തു
അവശരായ രോഗികളെയും മൃതദേഹങ്ങളും ചുമന്ന് ഞങ്ങൾ മടുത്തു. ഉന്നതിയിലെ പല വീടുകളിലും എത്തിപ്പെടാൻ നടപ്പാലം കടന്ന് ഒന്നും രണ്ടും കിലോമീറ്ററുകൾ നടക്കണം. വർഷകാലമായാൽ കുന്നുകയറി ചുറ്റിവളഞ്ഞ് നടന്നുവേണം വാഹനഗതാഗത സൗകര്യങ്ങളുള്ള ഇടങ്ങളിലെത്താൻ. പതിറ്റാണ്ടുകളായി ആദിവാസികൾ അനുഭവിക്കുന്ന യാത്രാക്ലേശം ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കണ്ടില്ലെന്നു നടിക്കുകയാണ്. അപകടാവസ്ഥയിലായ നടപ്പാലംമാറ്റി ഗതാഗതയോഗ്യമായ പാലം പണിയണം.
ശിവദാസൻ
കുപ്പച്ചി ഉന്നതി
Published: 12 Sept 2026, 02:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented