പാലിയാണ : ഏറെനാൾ നീണ്ട മുറവിളികൾക്കൊടുവിൽ റോഡ് നവീകരിക്കാൻ ഫണ്ടനുവദിച്ചിട്ടും നിർമാണപ്രവൃത്തിയിലെ മെല്ലെപ്പോക്ക് യാത്രക്കാരെ പ്രയാസത്തിലാക്കുന്നു. വെള്ളമുണ്ട ഗ്രാമപ്പഞ്ചായത്ത് പരിധിയിലുള്ള തരുവണ-പാലിയാണ-കക്കടവ് റോഡുപണിയാണ് ഇഴയുന്നത്. മാസങ്ങൾക്കുമുൻപ് ടെൻഡർ പൂർത്തിയായി പ്രവൃത്തികൾ തുടങ്ങിയെങ്കിലും പണിയിലെ മെല്ലെപ്പോക്ക് നാട്ടുകാരെ വലയ്ക്കുകയാണ്. എൽ.ഡി.എഫ്. സർക്കാർ ബജറ്റിലുൾപ്പെടുത്തി മൂന്നുകോടി രൂപയാണ് റോഡ് നവീകരണത്തിന് അനുവദിച്ചത്. തരുവണ മുതൽ കക്കടവ് പാലം തുടങ്ങുന്നിടത്തുവരെ 3.4 കിലോമീറ്റർ ദൂരമാണ് റോഡിനുള്ളത്. റോഡ് വീതികൂട്ടി ആധുനികരീതിയിൽ നവീകരിക്കണമെന്നത് ജനങ്ങളുടെ ഏറെക്കാലമായുള്ള ആവശ്യമായിരുന്നു. ഈയാവശ്യമുന്നയിച്ച് കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയെ നിരന്തരം സമീപിച്ചിട്ടും അവഗണനയായിരുന്നു ഫലമെന്ന് നാട്ടുകാർ പറഞ്ഞു. റോഡിനു എട്ടുമീറ്റർ വീതിയുണ്ടെങ്കിലും 3.8 മീറ്റർ വീതിയിലാണ് ടാറിങ്ങുള്ളത്. ഇരുഭാഗത്തും അല്പം വീതികൂട്ടിയാണ് റോഡ് നവീകരിക്കുക. ഇതിനായി ഉറപ്പിച്ച മെറ്റലുകൾ കനത്തമഴയിൽ ഒഴുകിപ്പോയിട്ടുണ്ട്. പടിഞ്ഞാറത്തറ പി.ഡബ്ല്യു.ഡി. സെക്‌ഷന്റെ മേൽനോട്ടത്തിൽ മണ്ണാർക്കാടുള്ള മലബാർ പ്ലസ് കമ്പനിയാണ് കരാർ ഏറ്റെടുത്തുനടത്തുന്നത്. റോഡുപണി പൂർത്തിയാക്കിയശേഷം പഞ്ചായത്തിന് തിരിച്ചുനൽകണം. മൂന്നുവർഷത്തിനകം റോഡ് തകർന്നാൽ അറ്റകുറ്റപ്പണികൾ പി.ഡബ്ല്യു.ഡി. നടത്തിക്കൊടുക്കണം.

To advertise here,

ഓവുചാൽ നിർമാണവും പൂർത്തിയാക്കണം

വെള്ളക്കെട്ടൊഴിവാക്കാൻ മഴുവന്നൂർ, കുന്നുമ്മലങ്ങാടി, പാലിയാണ സ്‌കൂളിനു സമീപം, കക്കടവ് എന്നിവിടങ്ങളിൽ ഓവുചാലുകൾ നിർമിക്കുന്നുണ്ട്. മഴുവന്നൂർ, കുന്നുമ്മലങ്ങാടി എന്നിവിടങ്ങളിൽ റോഡിനടിയിൽ പൈപ്പുകൾ സ്ഥാപിച്ച് ഓവുചാൽ നിർമിച്ചെങ്കിലും കക്കടവിൽ പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തിയായിട്ടില്ല. കക്കടവിലുണ്ടായ പഴയ കോൺക്രീറ്റ് കലുങ്ക് പൊളിച്ച് പുതിയത് നിർമിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ കോൺക്രീറ്റ് ചാലുകൾ നിർമിക്കുകയും പാർശ്വഭിത്തികൾ കെട്ടുകയും ചെയ്‌തെങ്കിലും റോഡ് ഉയർത്താത്തതിനാൽ വെള്ളക്കെട്ട് ഒഴിയുന്നില്ല.

റോഡിന്റെ അടിത്തറ ശക്തമാക്കുന്നതിനായി മുഴുവൻ ദൂരത്തിലും ഗ്രാനുലാർ സബ് ബേസ് (ജി.എസ്.ബി.) പാളി നിർമിച്ചാണ് പ്രവൃത്തി പൂർത്തിയാക്കുക. ഇതുമൂലം വെള്ളക്കെട്ട് ഒഴിവാകുകയും വാഹനങ്ങളുടെ ഭാരം നേരിട്ട് മണ്ണിലെത്താത്തവിധം തുല്യമായി വീതിക്കുകയും ചെയ്യും. അതിനാൽ റോഡ് താഴ്ന്നുണ്ടാവുന്ന തകർച്ച ഒഴിവാകും. കുന്നുമ്മലങ്ങാടി, പാലിയാണ സ്‌കൂൾ ഭാഗങ്ങളിലാണ് റോഡ് കൂടുതലായും തകർന്നിട്ടുള്ളത്. മഴപെയ്താൽ ദിവസങ്ങളോളം വെള്ളം കെട്ടിനിൽക്കുന്ന സ്ഥിതിയാണ്. പൊതുഗതാഗതസംവിധാനം കുറവായതിനാൽ ഓട്ടോറിക്ഷകളാണ് ഭൂരിഭാഗം പേരുടെയും ആശ്രയം.

ഒരു കെ.എസ്.ആർ.ടി.സി. ബസും രണ്ട് സ്വകാര്യ ബസുകളുമാണ് റോഡ് വഴി ഓടുന്നത്. തകർന്ന റോഡിൽ സർവീസ് നടത്തുന്നതിനാൽ വാഹനങ്ങൾക്ക് അറ്റകുറ്റപ്പണി പതിവാണ്. റോഡ് ഉടൻ ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ ബസുകളും ഓട്ടോറിക്ഷകളും സർവീസ് നിർത്തുമോയെന്ന ആശങ്കയിലാണ്. നാട്ടുകാർ. റോഡുപണി ഉടൻ പൂർത്തിയാക്കി ജനങ്ങളുടെ യാത്രാക്ളേശത്തിനു പരിഹാരം കാണണമെന്ന് പാലിയാണ പൗരസമിതി ആവശ്യപ്പെട്ടു.