പനമരം : നീർവാരത്ത് കാട്ടാനയിറങ്ങി നെൽക്കൃഷി നശിപ്പിച്ചു. നീർവാരം അമ്മാനി-നഞ്ചറമൂല റോഡിലെ യോഗിമൂല വീട്ടിൽ ശേഷ്‌കുമാറിന്റെ രണ്ടേക്കറിലെ നഞ്ചക്കൃഷിയാണ് കാട്ടാനകൾ ചവിട്ടിമെതിച്ച് നശിപ്പിച്ചത്. ചൊവ്വാഴ്ച പുലർച്ചയോടെ കൃഷിയിടത്തിലെത്തിയ കാട്ടാനകൾ ഞാറുകൾ വ്യാപകമായി ചവിട്ടിമെതിച്ച് കൃഷിനാശം വരുത്തുകയായിരുന്നു.

To advertise here,

വനാതിർത്തിഗ്രാമമായ ഇവിടെ കാട്ടാനകളെ പ്രതിരോധിക്കാനായി കോടികൾ മുടക്കി ക്രാഷ്‌കാർഡ് ഫെൻസിങ് ഒരുക്കിയിട്ടുണ്ട്. എന്നാൽ, ഈ ക്രാഷ്‌കാർഡ് ഫെൻസിങ് തകർത്താണ് കാട്ടാനകൾ കൃഷിയിടത്തിൽ എത്തിയതെന്നാണ് ശേഷ്‌കുമാർ പറയുന്നത്. മഞ്ഞവയൽ ഭാഗത്തെ ക്രാഷ്‌കാർഡ് തകർത്ത് കമ്പികൾ ചവിട്ടിക്കടന്നെത്തിയ രണ്ട് കാട്ടാനകളാണ് നാശം വിതച്ചതെന്ന് കർഷകൻ പറഞ്ഞു.

ചെതലയം റെയ്ഞ്ചിലെ പുല്പള്ളി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് കാട്ടാനയിറങ്ങിയത്. വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി നഷ്ടപരിഹാരത്തിനായി അപേക്ഷകൊടുക്കാൻ ആവശ്യപ്പെട്ടു.

കാട്ടാനകളെ പ്രതിരോധിക്കാനായി ക്രാഷ്‌കാർഡിനോട് ചേർന്നുള്ള ഷോക്ക് ഒരുമീറ്റർകൂടി ഉയർത്തുമെന്നും ലൈറ്റും നിരീക്ഷണക്യാമറയും ഒരുക്കുമെന്നും വനപാലകർ കർഷകരോട് പറഞ്ഞു.

പ്രതീക്ഷ നഷ്‌ടപ്പെട്ട് കർഷകർ

പുതിയ ഫെൻസിങ്ങും ഷോക്കും എത്തിയതോടെ കാട്ടാനശല്യത്തിന് പരിഹാരമാകുമെന്നായിരുന്നു ഇവിടത്തെ കർഷകരുടെ പ്രതീക്ഷ. എന്നാൽ, ഈ പ്രതീക്ഷകളെയെല്ലാം തകിടംമറിക്കുന്നതാണ് കാട്ടാനകളുടെ വരവ്. കാടുവിട്ടിറങ്ങാൻ തുടങ്ങിയാൻ ഇനി പതിവായെത്തും. ഇതോടെ കാലാവസ്ഥാവ്യതിയാനങ്ങളെയും ജലക്ഷാമത്തെയും മറികടന്ന് കൃഷിയിറക്കിയ ഒട്ടേറെ കർഷകരെ വീണ്ടും ദുരിതത്തിലാക്കും.

കാട്ടാനകൾക്ക് പുറമേ കുരങ്ങ്, മയിൽ, മാൻ, കാട്ടുപന്നി തുടങ്ങി വന്യമൃഗശല്യവും പ്രദേശത്ത് രൂക്ഷമാണ്.

അതിനാൽ കൃഷിമന്ത്രിയും വനംവകുപ്പും വിഷയത്തിൽ ഇടപെട്ട് അടിയന്തരമായി നഷ്ടപരിഹാരം നൽകണമെന്നും വന്യമൃഗപ്രതിരോധം ഊർജിതമാക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു. കാട്ടാനകളെ തുരത്തുന്നതിനായി വനാതിർത്തിയിലെ കുറ്റിപ്പിലാവ് മണ്ഡപം മുതൽ നഞ്ചറമൂലകൊല്ലി വരെയുള്ള രണ്ടുകിലോമീറ്റർ ഭാഗത്ത് റോഡ് ഒരുക്കി ഇവിടം സ്ഥിരം പട്രോളിങ് ഏർപ്പെടുത്തണമെന്നും ഇവർ ആവശ്യപ്പെടുന്നു.