മേപ്പാടി : മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിന്റെ ഭാഗമായി കോൺഗ്രസ് നടപ്പാക്കുന്ന ഭവനപദ്ധതിയുടെ നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. മേപ്പാടി കുന്നമ്പറ്റയിലെ 6.5 ഏക്കർ സ്ഥലത്താണ് വീടുകളുടെ നിർമാണം നടക്കുന്നത്. തൃക്കൈപ്പറ്റയിൽ മുസ്ലിംലീഗ് ഭവനപദ്ധതിയുടെ നിർമാണ ഏജൻസിയായ നിർമാൺ ആണ് കോൺഗ്രസിന്റെ വീടുകളും നിർമിക്കുന്നത്.
ആദ്യഘട്ടത്തിൽ 18 വീടുകളാണ് നിർമിക്കുന്നത്. ഇതിൽ പത്തുവീടുകളുടെ കോൺക്രീറ്റ് ജോലികൾ അന്തിമഘട്ടത്തിലാണ്. രണ്ട് വീടുകൾ കോൺക്രീറ്റിങ്ങിന് തയ്യാറായിട്ടുണ്ട്. മറ്റ് രണ്ടുവീടുകളുടെ തറ ഉയർത്തുന്ന ജോലികളും പുരോഗമിക്കുന്നു.
1,120 ചതുരശ്ര അടി വിസ്തീർണത്തിലാണ് ഓരോ വീടും നിർമിക്കുന്നത്. മൂന്ന് കിടപ്പുമുറികൾ, രണ്ട് ശൗചാലയങ്ങൾ, അടുക്കള, ഹാൾ, വരാന്ത എന്നിവയാണ് വീടുകളിലുണ്ടാകുക. ഗുണഭോക്താക്കൾക്ക് ആവശ്യാനുസരണം രണ്ടാംനിലകൂടി നിർമിക്കാനുള്ള സൗകര്യവുമുണ്ട്. വീടുകൾക്കുപുറമേ പൊതുകളിസ്ഥലവും അങ്കണവാടിയും പദ്ധതിയുടെ ഭാഗമായി ഒരുക്കും.
തറക്കല്ലിട്ട് മാസങ്ങൾ പിന്നിട്ടിട്ടും നിർമാണം കാര്യമായി മുന്നോട്ടുപോകാത്തത് നേരത്തേ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
കാലവർഷത്തിലെ കനത്തമഴയെത്തുടർന്നാണ് നിർമാണപ്രവർത്തനങ്ങൾ മന്ദഗതിയിലായതെന്നാണ് വിശദീകരണം. മഴ മാറിയതോടെയാണ് നിർമാണപ്രവർത്തനങ്ങൾ വീണ്ടും വേഗത്തിലായത്. ആദ്യഘട്ടത്തിലെ 18 വീടുകളുടെയും നിർമാണം ഡിസംബർ 31-നകം പൂർത്തിയാക്കണമെന്നാണ് കോൺഗ്രസ് സംഘടനാനേതൃത്വം നിർമാണ ഏജൻസിക്ക് നൽകിയിരിക്കുന്ന നിർദേശം.
Published: 04 Nov 2026, 03:45 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented