പനമരം : പള്ളിക്കുന്ന് ടൗണിൽ നാട്ടുകാർ പണിത താത്കാലിക ബസ് കാത്തിരിപ്പുകേന്ദ്രം പൊളിച്ചുമാറ്റാൻ നോട്ടീസ് പതിപ്പിച്ച് പൊതുമരാമത്ത് അധികൃതർ. ഇതിനെതിരേ പ്രതിഷേധവുമായി നാട്ടുകാർ ധർണനടത്തി.

To advertise here,

അഞ്ചുവർഷം മുൻപ്‌ പള്ളിക്കുന്ന് ടൗണിലെ ഏക ബസ് കാത്തിരിപ്പുകേന്ദ്രം സ്വകാര്യവ്യക്തി നൽകിയ പരാതിയെത്തുടർന്ന് പൊതുമരാമത്ത് അധികൃതർ പൊളിച്ചുമാറ്റിയിരുന്നു. രണ്ടുവർഷം മുൻപ്‌ മനുഷ്യാവകാശ കമ്മിഷൻ കാത്തിരിപ്പുകേന്ദ്രം പുനർനിർമിക്കണമെന്ന് നിർദേശംനൽകിയിട്ടും അത് പാലിക്കപ്പെട്ടിരുന്നില്ല. ഇതോടെ വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ മഴയും വെയിലുമേറ്റ് കടവരാന്തകളിലും വഴിയോരങ്ങളിലുമായിരുന്നു ബസ് കാത്തിരുന്നത്. ഇതോടെയാണ് പള്ളിക്കുന്ന് പൗരസമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ പിരിവെടുത്ത് ഒരാഴ്ച മുൻപ് താത്കാലിക ബസ് കാത്തിരിപ്പുകേന്ദ്രം പണിതത്.

എന്നാൽ ഇത് കൈ​േയറ്റമാണെന്ന് ആരോപിച്ച് ഏഴുദിവസത്തിനകം പൊളിച്ചുനീക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്. എന്നാൽ ഇവിടെ കൈ​േയറ്റം നടന്നിട്ടില്ലെന്നാണ് പൗരസമിതി പറയുന്നത്. പി.ഡബ്ല്യു.ഡി. ടാർ ചെയ്തിരുന്ന സ്ഥലത്തായിരുന്നു പഴയ ബസ് കാത്തിരിപ്പുകേന്ദ്രം ഉണ്ടായിരുന്നത്. അളന്നുതിട്ടപ്പെടുത്തി ഉറപ്പുവരുത്തിയശേഷം കൈ​േയറ്റം ഉണ്ടെങ്കിൽ പൊളിച്ചുമാറ്റാനായിരുന്നു ഹൈക്കോടതി 2021-ൽ നിർദേശിച്ചത്.

എന്നാൽ പൊതുമരാമത്ത് അധികൃതർ അളക്കുകയോ തിട്ടപ്പെടുത്തുകയോ ചെയ്യാതെയായിരുന്നു ബസ് കാത്തിരിപ്പുകേന്ദ്രം പൊളിച്ചുനീക്കിയത്. പഴയ കാത്തിരിപ്പു കേന്ദ്രത്തിൽനിന്ന് അല്പം മാറിയാണ് പുതിയനിർമാണം. സ്വകാര്യ വ്യക്തിനൽകിയ പരാതിയിൽ ഹൈക്കോടതി മുൻപ് ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴും നോട്ടീസ് പതിച്ചത്.

യാതൊരു പരിശോധനയുമില്ലാതെ പതിപ്പിച്ച നോട്ടീസിനെതിരേ കോടതിയെ സമീപിക്കാനാണ് പൗരസമിതിയുടെ തീരുമാനം. പൊളിച്ചുമാറ്റാൻ ശ്രമം ഉണ്ടായാൽ ശക്തമായി എതിർക്കുമെന്നും പൗരസമിതി അറിയിച്ചു.

സമരം കോട്ടത്തറ ഗ്രാമപ്പഞ്ചായത്തംഗം സജീഷ് കുമാർ ഉദ്ഘാടനംചെയ്തു. പൗരസമിതി പ്രസിഡന്റ് ഉണ്ണി ജോസഫ് അധ്യക്ഷതവഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്തംഗം പി.സി. വത്സല, പനമരം സി.ഡി.എസ്. വൈസ് ചെയർപേഴ്സൺ രജനി ജനീഷ്, പള്ളിക്കുന്ന് നിർമല മഹിളാസമാജം പ്രസിഡൻറ് സിസ്റ്റർ ആനി വർഗീസ്, പുഷ്പാ ഗോവിന്ദൻ, പി.ജെ. ദേവസ്യ, കെ.ആർ. ​േശാഭരാജ് തുടങ്ങിയവർ സംസാരിച്ചു.