മുട്ടിൽ : വയനാടിന്റെ മണ്ണിൽ ഇനി കലയുടെ നാളുകളാണ്. ആട്ടവും പാട്ടുമൊക്കെയായി ജില്ലാ സ്കൂൾകലോത്സവത്തിന് തിങ്കളാഴ്ച തിരിതെളിയും.ആഘോഷമായെത്തുന്ന സ്കൂൾകലോത്സവത്തെ വരവേൽക്കാനുള്ള ആവേശത്തിലാണ് നാട്. കലയാരവത്തിനായി മുട്ടിൽ ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസിൽ വേദികളൊരുങ്ങി. തിങ്കളാഴ്ച സ്റ്റേജിതര മത്സരങ്ങളോടെ വേദികളുണരും. ചൊവ്വാഴ്ച സ്റ്റേജിന മത്സരങ്ങൾ തുടങ്ങും. വ്യാഴാഴ്ചവരെ മുട്ടിലിൽ കലാമാമാങ്കാണ്. ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽനിന്നായി മൂവായിരത്തോളം കലാപ്രതിഭകൾ മാറ്റുരയ്ക്കും. എട്ടുവേദികളിലായാണ് മത്സരങ്ങൾ.
വയനാടിന്റെ പേര് ഉയർത്തിപ്പിടിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പേരാണ് ഇത്തവണ വേദികൾക്ക് നൽകിയിരിക്കുന്നത്. എടയ്ക്കൽ എന്നാണ് പ്രധാനവേദിയുടെ പേര്.
കുറുവ, ബാണാസുര, ചെമ്പ്ര, കാരാപ്പുഴ, സൂചിപ്പാറ, പൂക്കോട്, കാന്തൻപാറ എന്നിങ്ങനെയാണ് മറ്റുവേദികളുടെ പേരുകൾ.
തിങ്കളാഴ്ച രാവിലെ ഒൻപതിന് വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ. ശശീന്ദ്രവ്യാസ് പതാകയുയർത്തുന്നതോടെ 45-ാമത് ജില്ലാ റവന്യൂ സ്കൂൾ കലോത്സവത്തിന് തുടക്കമാവും. യു.പി., ഹൈസ്കൂൾ, ഹയർസെക്കൻഡി വിഭാഗം സ്റ്റേജിതര മത്സരങ്ങൾ തിങ്കളാഴ്ച പൂർത്തിയാവും. ചൊവ്വാഴ്ച രാവിലെ 9.30 മുതൽ സ്റ്റേജിന മത്സരങ്ങൾ തുടങ്ങും. ചൊവ്വാഴ്ച വൈകീട്ട് നാലിന് ഉഷാ വിജയൻ എം.എൽ.എ. കലോത്സവം ഉദ്ഘാടനം ചെയ്യും.
സിനിമാതാരം സണ്ണി വെയിൻ മുഖ്യാതിഥിയാവും. കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി 13 സബ് കമ്മിറ്റികളുടെ നേതൃത്വത്തിൽ മുന്നൂറോളം വൊളന്റിയർമാരുടെ സേവനവും ഉണ്ടാവും.
സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം
: ജില്ലാ സ്കൂൾ കലോത്സവം സ്വാഗതസംഘം ഓഫീസ് മുട്ടിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.പി. രഞ്ജിത്ത് ഉദ്ഘാടനംചെയ്തു.
പ്രോഗ്രാം ജനറൽ കൺവീനർ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ. ശശീന്ദ്രവ്യാസ്, എസ്.എസ്.കെ. ജില്ലാ പ്രോഗ്രാം ഓഫീസർ പി.എസ്. ഗിരീഷ് കുമാർ, പ്രോഗ്രാം ജോയിന്റ് ജനറൽ കൺവീനർ എൻ.യു. അൻവർഗൗസ്, ബിനുമോൾ ജോസ്, പി. ശ്രീജ, ഇ.ടി. റിഷാദ്, വി.പി.സി. സലാം, ഹാരിസ് തുടങ്ങിയവർ പങ്കെടുത്തു.
തിങ്കളാഴ്ച നടക്കുന്ന മത്സരങ്ങൾ ചിത്രരചന (പെൻസിൽ ഡ്രോയിങ്, ജലച്ചായം, എണ്ണച്ചായം) കാർട്ടൂൺ, കൊളാഷ്
കഥാരചന, കവിതാരചന, ഉപന്യാസരചന (മലയാളം, ഹിന്ദി, ഇംഗ്ലീഷ്, ഉറുദു)
കവിതാരചന (തമിഴ്, കന്നഡ)
അറബിക് കലോത്സവം കഥാരചന, കവിതാരചന, ഉപന്യാസരചന, ക്യാപ്ഷൻ രചന, നിഘണ്ടു നിർമാണം, വിവർത്തനം, പോസ്റ്റർ നിർമാണം, പദപ്പയറ്റ്, പദകേളി.
സംസ്കൃതം കലോത്സവം ഉപന്യാസ രചന, കഥാരചന, കവിതാരചന, സമസ്യാപൂരണം
Published: 23 Nov 2026, 02:45 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented