കൂത്തുപറമ്പ് : മാങ്ങാട്ടിടം ഗ്രാമപ്പഞ്ചായത്തിലെ നീർവേലി, തണ്ട്യാംകണ്ടി തുടങ്ങിയ പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമാണ്. സന്ധ്യയായാൽ കൂട്ടത്തോടെ ജനവാസ മേഖലകളിലേക്കും കൃഷിയിടങ്ങളിലേക്കും ഇറങ്ങുന്ന പന്നികൾ പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറി.

To advertise here,

രാത്രികാലങ്ങളിൽ ഇതുവഴി സഞ്ചരിക്കുന്ന ഇരുചക്രവാഹന യാത്രക്കാരും കാൽനടയാത്രക്കാരും ഭീതിയോടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ ദിവസം രാത്രി നീർവേലി യു.കെ. ഹൗസിൽ യു.കെ. വൈഷ്ണവിന്റെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിക്കൂട്ടം വ്യാപകമായ നാശനഷ്ടമാണ് വരുത്തിവെച്ചത്. കുലയ്ക്കാറായ 40 വാഴകൾ, 50 മൂട് മരച്ചീനി, 10 മൂട് ചേമ്പ് എന്നിവയാണ് കാട്ടുപന്നികൾ നശിപ്പിച്ചത്.

വിളവെടുപ്പിന് പാകമായിരുന്ന ഇവ നശിച്ചതോടെ വലിയ സാമ്പത്തിക നഷ്ടമാണ് കർഷകന് സംഭവിച്ചത്. വിളവെടുക്കാൻ പാകമായവ കൺമുന്നിൽ നശിച്ചതിന്റെ ആഘാതത്തിലാണ് വൈഷ്ണവും കുടുംബവും. വന്യമൃഗശല്യം കാരണം പ്രദേശത്തെ പല കർഷകരും കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്. കൃഷിയിടങ്ങൾക്ക് ചുറ്റുംവേലി കെട്ടി സംരക്ഷിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവ തകർത്താണ് പന്നിക്കൂട്ടം അകത്തുകടക്കുന്നത്.

കാട്ടുപന്നി ശല്യത്തിന് ശാശ്വതപരിഹാരം കാണാൻ വനംവകുപ്പും മാങ്ങാട്ടിടം പഞ്ചായത്ത് അധികൃതരും അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അപകടകാരികളായ കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുന്നതിനുള്ള നടപടി വേഗത്തിലാക്കണമെന്നാണ് കർഷകരുടെയും നാട്ടുകാരുടെയും ആവശ്യം. അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര നടപടിയുണ്ടായില്ലെങ്കിൽ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നാണ് നാട്ടുകാർ പറയുന്നത്.