കല്പറ്റ : ചെങ്കൊടിയുമായി ആയിരങ്ങൾ അണിനിരന്ന് കല്പറ്റയെ ചുവപ്പിച്ച് സി.പി.എം. ജില്ലാ റാലി. ഞായറാഴ്ച വൈകീട്ട് കനറാബാങ്ക് പരിസരത്തുനിന്ന് തുടങ്ങിയ റാലിയിൽ തൊഴിലാളികളും യുവജനങ്ങളും സ്ത്രീകളും കുട്ടികളും തുടങ്ങി പ്രായഭേദമന്യേ പ്രവർത്തകർ അണിനിരന്നു. തോട്ടംതൊഴിലാളികളുടെ അധ്വാനവും ആദിവാസിജനതയുടെ അതിജീവനവും കർഷകരുടെ ചെറുത്തുനിൽപ്പും മുദ്രാവാക്യങ്ങളായി ഉയർന്നു. ആയിരങ്ങൾ അണിനിരന്ന റാലി നഗരത്തെയും ആവേശത്തിലാക്കി. റാലികാണാനായി വൈകുന്നേരത്തോടെ ഒട്ടേറെപ്പേർ റോഡിനിരുവശവും കാത്തുനിന്നിരുന്നു. പ്രവർത്തകരുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ റാലി ഏറെസമയമെടുത്താണ് പൂർത്തിയായത്. എൽ.ഡി.എഫ്. സർക്കാർ വിഭാവനംചെയ്ത വികസന, ക്ഷേമ പ്രവർത്തനങ്ങളും ഉരുൾപൊട്ടൽ അതിജീവനം തുടങ്ങിയവ യു.ഡി.എഫ്. സർക്കാർ തകർക്കുകയാണെന്ന് സി.പി.എം. ആരോപിച്ചു.
ഭരണഘടനയെ വെല്ലുവിളിച്ച് ജനാധിപത്യത്തെ കേന്ദ്രസർക്കാർ അട്ടിമറിക്കുകയാണെന്നും സി.പി.എം. ആരോപിച്ചു. വിപുലീകൃത സംസ്ഥാനകമ്മിറ്റി, ജില്ലാകമ്മിറ്റി യോഗങ്ങൾക്കുശേഷം 66 ലോക്കൽ കമ്മിറ്റികളിലും കുടുംബസംഗമങ്ങൾ പൂർത്തിയാക്കിയാണ് റാലി നടത്തിയത്.
റാലി സംഗമിച്ച കല്പറ്റ പുതിയ ബസ് സ്റ്റാൻഡിലായിരുന്നു പൊതുയോഗം.
പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ ഉദ്ഘാടനംചെയ്തു. സംസ്ഥാനകമ്മിറ്റിയംഗം സി.കെ. ശശീന്ദ്രൻ അധ്യക്ഷതവഹിച്ചു. മക്കളും ബന്ധുക്കളും ഇല്ലാത്ത കല്യാണിയമ്മയ്ക്ക് അന്ത്യകർമങ്ങൾ ചെയ്ത മൂപ്പൈനാട് പഞ്ചായത്തിലെ ചിത്രഗിരി ക്ലബ്ബുമട്ടത്ത് കാപ്പൻ റസാഖ്, ഭാര്യ റുഖിയ, സഹോദരൻ സുലൈമാൻ എന്നിവരെ പൊതുയോഗത്തിൽ ആദരിച്ചു.
സംസ്ഥാന സെക്രട്ടേറിയറ്റംഗം പി. ജയരാജൻ, ജില്ലാ സെക്രട്ടറി കെ. റഫീഖ്, സംഘാടകസമിതി ജനറൽ കൺവീനർ വി. ഹാരിസ് തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാനകമ്മിറ്റിയംഗം ഒ.ആർ. കേളു, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.വി. സഹദേവൻ, എ.എൻ. പ്രഭാകരൻ, വി.വി. ബേബി, രുക്മിണി സുബ്രഹ്മണ്യൻ, എം. മധു, സംഘാടകസമിതി ചെയർമാൻ കെ. സുഗതൻ തുടങ്ങിയവർ പങ്കെടുത്തു.
Published: 23 Nov 2026, 02:45 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented