നേപ്പാളി ബാലനുവേണ്ടി ചുരമിറങ്ങി സി.കെ. ശശീന്ദ്രൻ
ആലുവ : നേപ്പാളി ബാലന് സൗജന്യ ഹൃദയചികിത്സ ഒരുക്കി മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും ആലുവ രാജഗിരി ആശുപത്രിയും. കല്പറ്റ മുൻ എം.എൽ.എ. സി.കെ. ശശീന്ദ്രന്റെ അഭ്യർഥനപ്രകാരമാണ് ചികിത്സ നടത്തിയത്. തന്റെ ഫാമിലെ താമസസ്ഥലത്ത് ശ്വാസംകിട്ടാതെ കിതച്ച ബിക്രം എന്ന പതിനേഴുകാരന്റെ കൈപിടിച്ച് ശശീന്ദ്രൻ വയനാടൻ ചുരമിറങ്ങിച്ചെന്നത് മമ്മൂട്ടിയിലേക്കും അവിടെനിന്ന് ആലുവ രാജഗിരി ആശുപത്രിയിലേക്കുമാണ്. 'ശശീന്ദ്രൻ ഒരുകാര്യം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ അത് അത്രമേൽ അർഹതയുളളവർക്കുവേണ്ടി ആയിരിക്കും'- കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ഭാരവാഹികളോട് മമ്മൂട്ടി പറഞ്ഞു. ഹൃദയധമനിയിലെ സുഷിരം മൂലം പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്ന ബിക്രം കഴിഞ്ഞദിവസം നിറഞ്ഞചിരിയോടെ ആശുപത്രി വിട്ടു.
അച്ഛൻ ദല്ലോ സൗദിനൊപ്പം മൂന്നുവർഷം മുൻപാണ് ബിക്രവും കുടുംബവും വയനാട്ടിൽ എത്തിയത്. ശശീന്ദ്രന്റെ ഫാമിലായിരുന്നു തുടക്കത്തിൽ ദല്ലോ സൗദിന് ജോലി. കുടുംബത്തിന്റെ സുഖവിവരങ്ങൾ അന്വേഷിക്കുന്നതിനിടയിലാണ് സി.കെ. ശശീന്ദ്രൻ ബിക്രമിന്റെ ആരോഗ്യപ്രശ്നങ്ങൾ അറിയുന്നത്. അദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർമാരെ ബന്ധപ്പെട്ടു. അവിടെ നടത്തിയ പരിശോധനയിൽ ബിക്രമിന് 'പേറ്റന്റ് ഡക്റ്റസ് ആർട്ടീരിയോസസ്' എന്ന ജന്മനാലുള്ള ഹൃദയപ്രശ്നവും ശ്വാസകോശധമനിയിൽ ഉയർന്ന രക്തസമ്മർദവും കണ്ടെത്തി.
കുട്ടിക്ക് ശ്വാസംമുട്ടൽ രൂക്ഷമായതോടെ, വയനാട്ടുകാരനായ നടൻ അബു സലിം വഴി മമ്മൂട്ടിയുടെ ജീവകാരുണ്യപ്രസ്ഥാനമായ കെയർ ആൻഡ് ഷെയറിനെക്കുറിച്ചറിഞ്ഞ ശശീന്ദ്രൻ മമ്മൂട്ടിയുമായി സംസാരിച്ചു. തുടർന്ന് മമ്മൂട്ടി ശശീന്ദ്രനെ എത്രയും പെട്ടെന്ന് തിരിച്ചു ബന്ധപ്പെടാനും കുട്ടിയുടെ ചികിത്സ പൂർണമായും സൗജന്യമായി നടത്തിക്കൊടുക്കാനും കെയർ ആൻഡ് ഷെയർ ഭാരവാഹികളോട് നിർദേശിക്കുകയായിരുന്നു.
രാജഗിരി ആശുപത്രിയിൽ എത്തിയ ബിക്രവും അച്ഛനും പീഡിയാട്രിക് കാർഡിയാക് സർജൻ ഡോ. മുസ്തഫ ജനീലിനെ കണ്ടു. ശ്വാസകോശധമനിയിലെ ഉയർന്ന രക്തസമ്മർദം ശസ്ത്രക്രിയയ്ക്ക് വെല്ലുവിളി ആയിരുന്നു. തുടർന്ന് പീഡിയാട്രിക് കാർഡിയോളജിസ്റ്റ് ഡോ.എസ്. വെങ്കിടേശ്വരൻ കത്തീറ്റർ കടത്തിയുളള താക്കോൽദ്വാര മാർഗം അവലംബിച്ച് ധമനിയിലെ സുഷിരം സുരക്ഷിതമായി അടച്ചു.
ഒരാഴ്ച നീണ്ട ആശുപത്രിവാസത്തിനൊടുവിൽ ബിക്രമിനെ തിരികെ വയനാട്ടിലേക്ക് കൂട്ടാൻ സി.കെ. ശശീന്ദ്രനും എത്തിയിരുന്നു.
Published: 10 Oct 2026, 04:13 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented