സുൽത്താൻബത്തേരി : നിയോജകമണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ.യുടെ നേതൃത്വത്തിലുള്ള ഫോക്കസ് 2030 ദ്വിദിന വികസന കോൺക്ലേവിന് ബത്തേരിയിൽ തുടക്കമായി.

To advertise here,

കൃഷിമന്ത്രി ടി. സിദ്ദിഖ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. തദ്ദേശസ്ഥാപന പ്രതിനിധികൾ ചേർന്ന് പഞ്ചായത്തുകളിൽ നടക്കേണ്ട വികസനപ്രവർത്തനങ്ങൾ അവതരിപ്പിച്ചു. ഉച്ചകഴിഞ്ഞ് ഓപ്പൺഫോറത്തിൽ വികസനങ്ങളും പോരായ്മകളും ചൂണ്ടിക്കാട്ടി മുപ്പതോളം സംഘടനാപ്രതിനിധികൾ പങ്കെടുത്തു.

രാത്രിയാത്രാ നിരോധനം, നിലമ്പൂർ-നഞ്ചൻകോട് റെയിൽവേ, വന്യമൃഗശല്യം, ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങൾ, ബത്തേരി ടൗണിലെ ഗതാഗതക്കുരുക്ക് തുടങ്ങി

ഒട്ടേറെ വിഷയങ്ങൾ ചർച്ചയായി. പദ്ധതികൾ ആസൂത്രണം ചെയ്ത് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഫണ്ടുകൾ ലഭ്യമാക്കി നടപ്പാക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് എം.എൽ.എ. പറഞ്ഞു.

ഡി.സി.സി. പ്രസിഡന്റ് ടി.ജെ. ഐസക്, കെ.എൽ. പൗലോസ്, ടി. മുഹമ്മദ്, ഡി.പി. രാജശേഖരൻ, കെ.ഇ. വിനയൻ, കെ.കെ. വിശ്വനാഥൻ, പി.പി. അയൂബ്, അബ്ദുള്ള മാടക്കര, ഉമ്മർ കുണ്ടാട്ടിൽ, സതീഷ് പൂതിക്കാട്, എം.എ. അസൈനാർ, കെ.ടി. ജോർജ്, ബൈജു ഐസക്, അമൽ ജോയ് തുടങ്ങിയവർ സംസാരിച്ചു.

വെള്ളിയാഴ്ച രാവിലെ ഒൻപതുമുതൽ ആറ്് വിഷയങ്ങളിലായുള്ള വിവിധ സെഷനുകൾ നടക്കും. വൈകീട്ട് കോൺക്ലേവ് സമാപിക്കും.

വന്യമൃഗ ആക്രമണത്തിലെ കൃഷിനാശത്തിന് നഷ്ടപരിഹാരത്തുക ഇരട്ടിയാക്കുന്നത് പരിഗണനയിൽ -മന്ത്രി ടി. സിദ്ദിഖ്

സുൽത്താൻബത്തേരി : വിളനാശമുണ്ടായാൽ നാശത്തിന്റെ തുക 25 ശതമാനം വർധിപ്പിക്കാൻ കാബിനറ്റ് യോഗം തീരുമാനിച്ചിട്ടുണ്ടെന്നും വന്യമൃഗ ആക്രമണത്തിൽ കൃഷിനാശമുണ്ടായാൽ അതിന്റെ തുക ഇരട്ടിയാക്കി നൂറുശതമാനം വർധിപ്പിക്കാനുള്ള ഫയൽ കൃഷി, വനംവകുപ്പുകൾ ചേർന്ന് ആവിഷ്‌കരിച്ച് മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ദ്വിദിന വികസന കോൺക്ലേവ് ഓൺലൈനായി ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. പ്രകൃതിക്ഷോഭത്തിന്റെ ഭാഗമായി 2021 മുതൽ കർഷകർക്കുണ്ടായ നാശത്തിനുള്ള നഷ്ടപരിഹാരമായി 110 കോടി രൂപ ഈ മാസം മുതൽ വിതരണംതുടങ്ങും. ഇൻഷുറൻസ് വഴിയുള്ള നഷ്ടപരിഹാരം കൊടുക്കാനുള്ളതും ഈ മാസത്തോടെ വിതരണംതുടങ്ങുമെന്നും മന്ത്രി പറഞ്ഞു. ബത്തേരി അമ്മായിപ്പാലത്തെ കാർഷിക വിപണനകേന്ദ്രം കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ കർഷകർക്ക് ഉപകാരപ്രദമായ സംവിധാനമാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു.