ഫറോക്ക്: സ്വാതന്ത്ര്യാനന്തരം അന്നത്തെ മദ്രാസ് ഗവൺമെന്റ് മലബാറിലെ സ്വാതന്ത്ര്യസമരസേനാനികൾക്ക് 2000 രൂപയും പത്തേക്കർ ഭൂമിയും വയനാട്ടിൽ സൗജന്യമായി പ്രഖ്യാപിച്ചു. എന്നാൽ, സോഷ്യോ വാസു എന്ന സ്വാതന്ത്ര്യസമരസേനാനി സ്നേഹപൂർവം അത് നിരസിച്ചു.

To advertise here,

സ്വാതന്ത്ര്യംകിട്ടിയെങ്കിലും തൊഴിലില്ലായ്മയോടും ദാരിദ്ര്യത്തോടുമുള്ള പോരാട്ടം അവസാനിച്ചിട്ടില്ല എന്ന ജയപ്രകാശ് നാരായണന്റെ വാക്കുകളായിരുന്നു അതിന് അദ്ദേഹത്തിന് പ്രചോദനമായത്.

എന്റെ പോരാട്ടം രാഷ്ട്രത്തിനുവേണ്ടിയായിരുന്നുവെന്നാണ് സോഷ്യോ വാസു പറയാറ്്. ആ ആദർശത്തെ തന്റെ മരണംവരെ വാസുവേട്ടൻ കൂടെക്കൂട്ടി.

സംസ്ഥാന സ്വാതന്ത്ര്യസമര സേനാനി അസോസിയേഷന്റെ പ്രസിഡൻറ്്, സ്വാതന്ത്ര്യസമര സേനാനി കമ്മിറ്റിയുടെ ഉപദേശകമ്മിറ്റി അംഗം, ജില്ലാ പൗരസമാജം പ്രസിഡൻറ്‌്, ലോഹ്യ വിചാരവേദി അംഗം, മദ്യവിരുദ്ധസമര കമ്മിറ്റി അംഗം, അംബേദ്കർ ജന പരിഷത്ത് രക്ഷാധികാരി, അരങ്ങിൽ ശ്രീധരൻ മെമ്മോറിയൽ കമ്മിറ്റി അംഗം, അഴിമതിവിരുദ്ധ സമിതി അംഗം, പരിസ്ഥിതികമ്മിറ്റി അംഗം, സർവോദയ മണ്ഡലം ജില്ലാകമ്മിറ്റി അംഗം, ശാന്തിമഠം കമ്മിറ്റി അംഗം എന്നി നിലകളിലെല്ലാം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

തയ്യൽക്കട നൽകിയ പേര്

സോഷ്യലിസ്റ്റ് ആശയങ്ങളെ നെഞ്ചോടുചേർത്തുപിടിച്ച വാസു ചെറുവണ്ണൂരിൽ ഒരു തയ്യൽക്കട തുടങ്ങിയപ്പോൾ നൽകിയ പേര് ‘സോഷ്യോ’. അങ്ങനെ പി. വാസു നാട്ടുകാരുടെ ‘സോഷ്യോ വാസു’വായി.

പിന്നീട് വാസുവേട്ടൻ വീടിനും ആ പേര് നൽകി.

തന്റെ രണ്ടുമക്കൾക്കും സോഷ്യലിസ്റ്റ് നേതാക്കളായ രാജ് നാരായണന്റെയും മധുലിമായയുടെയും പേരുനൽകിയും അദ്ദേഹം സോഷ്യലിസ്റ്റ് ആശയങ്ങളോടുള്ള തന്റെ അടങ്ങാത്ത സ്നേഹം മുറുകെപ്പിടിച്ചു.

ചരിത്രത്തിന്റെ നേർസാക്ഷി

ചരിത്രത്തിന്റെ നേർസാക്ഷിയായ സോഷ്യോ വാസുവേട്ടനെ കാണാൻ ജില്ലയിൽനിന്നും ജില്ലയ്ക്ക് പുറത്തുനിന്നും എന്നും വിദ്യാർഥികളുടെയും അധ്യാപകരുടെയും തിരക്കായിരുന്നു. തന്റെ ബാല്യത്തിൽ കോഴിക്കോട്ടുവെച്ച് മഹാത്മാഗാന്ധിയെ കണ്ട കഥമുതൽ അടിയന്തരാവസ്ഥക്കാലത്തെ കഥകൾവരെ അവർക്ക് അദ്ദേഹം പകർന്നുനൽകുകയും പതിവായിരുന്നു. ക്വിറ്റിന്ത്യാസമരകാലത്ത് കോഴിക്കോട് ജയലിൽവെച്ച് പോലീസുകാരുടെ ക്രൂരമർദനം വിവരിക്കുമ്പോൾ ആ കണ്ണുകൾ പലപ്പോഴും ഈറനണിയുമായിരുന്നു. ക്രൂരമായി മർദിച്ച പോലീസുകാർക്കെതിരേ നടപടിയാവശ്യപ്പെട്ട് ജയിലിൽ രണ്ടുദിവസം സ്വാതന്ത്ര്യസമരസേനാനികൾക്കൊപ്പം നിരാഹാരം കിടന്നു. മൂന്നാംനാൾ കൊണ്ടുവന്ന കഞ്ഞി എല്ലാവർക്കും ഇരുമ്പുപ്ലേറ്റിൽ വിളമ്പി. കഞ്ഞിയിൽ നിറയെ പുഴുക്കൾ പൊന്തിക്കിടക്കുകയായിരുന്നു.. ഒടുവിൽ പുഴുക്കളെ മുഴുവൻ ഈർക്കിൾകൊണ്ട് കുത്തിയെടുത്ത് ആ കഞ്ഞി വലിച്ചുകുടിച്ച കഥയും കുട്ടികളോട് അദ്ദേഹം പറയും.

വരുന്ന ഓരോരുത്തരോടും വിശപ്പിന്റെ കഥയും പറയാറുണ്ട്. മദ്രാസിൽ ഒളിവിൽ കഴിയവേ ഒൻപതുമാസം അലഞ്ഞുതിരിഞ്ഞ ജീവിതം. ഹോട്ടലിൽനിന്ന് ഒഴിവാക്കുന്ന ഭക്ഷണം ജീവൻ നിലനിർത്താനുള്ള ഔഷധമായി സ്വീകരിച്ച കാലം. അതുകൊണ്ടുതന്നെ തന്റെ മുന്നിൽ വിശന്നുവലഞ്ഞ് എത്തുന്നവന് ഒരുനേരത്തെ അന്നം വാങ്ങിക്കൊടുക്കാനും വാസുവേട്ടൻ മറക്കാറില്ലായിരുന്നു. തന്നെ കാണാനെത്തുന്ന വിദ്യാർഥികൾക്ക് ഗാന്ധിജിയുടെ ആത്മകഥ സമ്മാനമായി നൽകുന്നതും വാസുവേട്ടന്റെ ശീലമായിരുന്നു.

അടിയന്തരാവസ്ഥക്കാലത്ത് ഏറ്റ മർദനം കാരണം മൂത്രത്തിന് പകരം ചോരയൊഴുകിയ അനുഭവം വാസുവേട്ടൻ മറക്കാറില്ല. 1975-ൽ അടിയന്തരാവസ്ഥക്കാലത്ത് ഫറോക്ക് പോസ്റ്റ് ഓഫീസ് പിക്കറ്റ് ചെയ്ത കുറ്റത്തിന് പോലിസ് നടത്തിയ ക്രൂര പീഡനം വാസുവേട്ടന്റെ വാക്കിലെന്നും ഒരു നോവായിരുന്നു. പോലീസിന്റെ ക്രൂരമർദനത്തെത്തുടർന്ന് 23 ദിവസമാണ് കോഴിക്കോട് മെഡിക്കൽകോളേജിൽ അദ്ദേഹം കിടന്നത്.

വാസുവേട്ടന്റെ വേർപാടോടെ ചരിത്രത്തിന്റെ സക്രിയമായ ഒരു ഏടാണ് മാഞ്ഞുപോകുന്നത്.