പുല്പള്ളി : മദ്യലഹരിയിലുണ്ടായ തർക്കത്തിനിടെ യുവാവിനെ വെട്ടിക്കൊന്ന കേസിൽ കോടതി റിമാൻഡ്‌ചെയ്ത പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. ഒന്നാംപ്രതി ചേകാടി തോണിക്കടവ് ശേഖരൻ (62), രണ്ടാം പ്രതി തമിഴ്‌നാട് നാഗപട്ടണം സ്വദേശി പനീർശെൽവം (50) എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്. തുടർന്ന് പ്രതികളെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്ത ശേഷമാണ് തെളിവെടുപ്പ് ആരംഭിച്ചത്.
ശേഖരൻ വാടകയ്ക്ക് താമസിച്ചിരുന്ന ടെലിഫോൺ എക്സ്‌ചേഞ്ചിന് സമീപമുള്ള ക്വാർട്ടേഴ്‌സിലാണ് ആദ്യം തെളിവെടുപ്പ് നടത്തിയത്. കൊലപാതകത്തിനുപയോഗിച്ച വെട്ടുകത്തി ക്വാർട്ടേഴ്‌സിലെ മുറിയിൽ നിന്ന് പോലീസ് കണ്ടെടുത്തു. തുടർന്ന് കൊലപാതകംനടന്ന ആനപ്പാറയിലെ വാടക ക്വാർട്ടേഴ്‌സിലും പരിസരത്തും തെളിവെടുപ്പ് നടത്തി. പുല്പള്ളി പോലീസ് ഇൻസ്പെക്ടർ പി.കെ. ജിതേഷിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. ഫൊറൻസിക്, ഫിങ്കർ പ്രിന്റ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും തെളിവെടുപ്പിൽ പങ്കെടുത്തു. രണ്ട് ദിവസത്തെ കസ്റ്റഡി കാലാവധി പൂർത്തിയാക്കി പ്രതികളെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.
പുതുപ്പാടി പെരുമ്പള്ളി അപ്പുറത്ത് പൊയിൽ എ.ജി. ലൈജുവാണ് (40) കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്ത് കൊല്ലം സ്വദേശി ഷഫീഖിനെയും (55) പ്രതികൾ ചേർന്ന് സാരമായി വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ആനപ്പാറയിലെ വാടക ക്വാർട്ടേഴ്‌സിലെ മുറിയിലിരുന്നു ലൈജുവും ഷഫീഖും മദ്യപിക്കുന്നതിനിടെ തൊട്ടടുത്ത മുറിയിൽ താമസിക്കുന്ന പനീർശെൽവം മദ്യപിച്ചെത്തി ഇവരുമായി തർക്കത്തിലേർപ്പെടുകയായിരുന്നു. തുടർന്ന് പനീർശെൽവം സുഹൃത്ത് ശേഖരനെ ഫോണിൽ വിളിച്ചുവരുത്തി. ലൈജുവും ഷഫീഖും മുറിയിൽനിന്ന് പുറത്തേക്കിറങ്ങിയപ്പോഴാണ് പ്രതികൾ ചേർന്ന് ഇവരെ വെട്ടിപ്പരിക്കേൽപ്പിച്ചത്. സാരമായി പരിക്കേറ്റ് കോഴിക്കോട് ഗവ. മെഡിക്കൽകോളേജാശുപത്രിയിൽ ചികിത്സയിലായിരിക്കെ ഞായറാഴ്ച രാവിലെയാണ് ലൈജു മരിച്ചത്. അക്രമത്തിനുശേഷം രക്ഷപ്പെട്ട പ്രതികളെ ശനിയാഴ്ച രാത്രിതന്നെ പുല്പള്ളി പോലീസ് പിടികൂടിയിരുന്നു.
Published: 09 Oct 2026, 03:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented