വെള്ളമുണ്ട : വിളിപ്പാടകലെ ബാണാസുരസാഗർ അണക്കെട്ടുള്ളപ്പോഴും കക്കടവിലെ നെൽപ്പാടങ്ങൾ വരണ്ടുണങ്ങുന്നു. മഴയുമില്ല പുഴയിൽ വെള്ളവും കുറഞ്ഞതോടെയാണ് നെൽക്കൃഷിക്കാലം വരൾച്ചയുടെയും നോവായി മാറിയത്.

To advertise here,

നഞ്ച നാട്ടിപ്പണിക്കഴിഞ്ഞ ഏക്കർകണക്കിനു വയലുകളാണ് പൊരിവെയിലിൽ വിണ്ടുകീറാൻ തുടങ്ങിയത്. പതിവിൽ നിന്ന്‌ വിപരീതമായി മഴ പൂർണമായും വിട്ടൊഴിഞ്ഞതോടെയാണ് നെൽക്കർഷകരെല്ലാം ആശങ്കയിലായത്. കക്കടവ് പുഴയിൽ ലിഫ്ട് ഇറിഗേഷൻ തടയണയുണ്ടെങ്കിലും ഇതെല്ലാം കാലഹരണപ്പെട്ടതിനാൽ കൃഷിയിടത്തിൽ വെള്ളം എത്തിക്കാനുള്ള സംവിധാനവും ഇല്ലാതായി. പുഴയിലും കടുത്ത വേനലിന് സമാനമായി ജലനിരപ്പ് താഴ്ന്നുപോയി. വെള്ളമുണ്ട പടിഞ്ഞാറത്തറ ഗ്രാമപ്പഞ്ചായത്ത് അതിർത്തി പ്രദേശമായ വാരാമ്പറ്റ, അത്തിക്കൊല്ലി, വാളുമുക്കി, ചെറുകര, കോളിക്കുണ്ട്, പാലിയാണ, കക്കടവ്, കരിങ്ങാരി, കൊമ്മയാട് പാടശേഖരങ്ങളാണ് കൂടുതൽ വരൾച്ചയുടെ പിടിയിലമർന്നത്. തൊഴിലാളിക്ഷാമം തുടങ്ങിയ ഒട്ടേറെ വെല്ലുവിളികൾ ഏറ്റെടുത്താണ് ഇത്തവണയും കർഷകർ നെൽക്കൃഷിയിലിറങ്ങിയത്. കാലാവസ്ഥാ വ്യതിയാനംകൂടി വന്നതോടെ കർഷകരുടെ പ്രതിസന്ധികൾ ഇരട്ടിക്കുകയാണ്.

അണക്കെട്ടിൽനിന്ന്‌ വെള്ളംവേണം

കൃഷിയിടങ്ങൾ കാലാവസ്ഥാ വ്യതിയാനത്തിൽ വരണ്ടുണങ്ങാൻ തുടങ്ങിയതോടെ ബാണാസുരസാഗർ അണക്കെട്ടിൽനിന്നുള്ള ജലവിതരണം ഉടനടി തുടങ്ങണമെന്ന ആവശ്യവും ശക്തിപ്രാപിക്കുകയാണ്. മൊത്തം സംഭരണശേഷിയുടെ ഒരു ടി.എം.സി. വെള്ളം വയനാട്ടിലെ കൃഷിയിടത്തിൽ കാർഷികാവശ്യങ്ങൾക്കായി വിതരണം ചെയ്യണമെന്നാണ് കെ.എസ്.ഇ.ബി. കരാറിലുള്ള വ്യവസ്ഥകൾ. എന്നാൽ ജലവിതരണത്തിനായി ജലസേചനവകുപ്പ് ഏറ്റെടുത്ത പദ്ധതികൾ പതിറ്റാണ്ടുകളായി ഇഴഞ്ഞുനീങ്ങുകയാണ്. കനാലിന്റെ നീളവും അലൈൻമെന്റും മാറ്റിയതോടെ കനാൽ വഴി വെള്ളം എവിടയൊക്കെയെന്ന് കണ്ടറിയേണ്ട അവസ്ഥയാണ് ഇന്നുള്ളത്. 2025-ൽ പദ്ധതിയുടെ ആദ്യഘട്ടം കമ്മിഷൻചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇനിയും കാലങ്ങൾ കാത്തിരിക്കേണ്ട അവസ്ഥയിലാണ് ഇപ്പോൾ കാര്യങ്ങൾ നീങ്ങുന്നത്.

പുഴയോരങ്ങളുടെ നാശവും വരൾച്ചയുടെ ആധിക്യം വർധിപ്പിക്കുകയാണ്. പുഴകളിലെ സ്വഭാവികമായ കയങ്ങളും തണ്ണീർത്തടങ്ങളും നശിച്ചതോടെ പുഴ വരളുകയാണ്. പുഴയോരങ്ങളിലെ ഇരുമ്പകം പോലുള്ള വൻമരങ്ങളും മുളങ്കാടുകളും കൂട്ടത്തോടെ നശിച്ചത് ജൈവസമ്പത്തിന്റെ നാശത്തിനംു കാരണമായി. പുഴകൾ കേന്ദ്രീകരിച്ച് കൃഷിയാവശ്യത്തിനായി മാത്രം ഇരുപതിലധികം പമ്പ് ഹൗസുകൾ മുൻപുണ്ടായിരുന്നു. പുഴയിൽ വെള്ളമില്ലാതായതോടെ ഇവയെല്ലാം ഉപയോഗശൂന്യമായി. ജലാവിർഭാവത്തിന്റെ പ്രധാന സ്രോതസ്സായ കരമാൻ തോടിന് അണകെട്ടി ബാണാസുരസാഗർ അണക്കെട്ട് വന്നതോടെയാണ് താഴ്വാരത്തെ കൃഷിയിടങ്ങളെല്ലാം വരൾച്ചയുടെ പിടിയിലമർന്നത്.