പ്രിയങ്കഗാന്ധിയുടെ ഇടപെടലിൽ 40 ലക്ഷം സി.എസ്.ആർ. ഫണ്ട് അനുവദിച്ചു

To advertise here,

സുൽത്താൻബത്തേരി : പ്രകൃതിദത്ത ചിറയായിരുന്ന കടമാൻചിറ നഷ്ടപ്രതാപം വീണ്ടെടുക്കാനൊരുങ്ങുന്നു. പ്രിയങ്കാഗാന്ധി എം.പി.യുടെ ഇടപെടലിലൂടെ അനുവദിച്ച 40 ലക്ഷം രൂപയുടെ സി.എസ്.ആർ. ഫണ്ട് ഉപയോഗിച്ചാണ് കടമാൻചിറ മുഖംമിനുങ്ങുന്നത്. നീന്തൽപരിശീലനത്തിലൂടെ ദേശീയതാരത്തെയടക്കം വാർത്തെടുത്ത ചിറയാണിത്. 2010 ഏഷ്യൻ ഗെയിംസിൽ വാട്ടർപോളോ ദേശീയ ടീമിന്റെ ക്യാപ്റ്റനായ വിജി വർഗീസ് കടമാൻചിറയിൽ പരിശീലനം നേടിയതാണ്.

ഒരുകാലത്ത് സംസ്ഥാന നീന്തൽമത്സരമടക്കം നടന്നിട്ടുള്ള ഈ ചിറ ഒന്നരപ്പതിറ്റാണ്ടിലേറെയായി നശിച്ചുകൊണ്ടിരിക്കുകയാണ്. ബത്തേരി നഗരസഭയിലെ ആർമാട് ഡിവിഷനിൽ സ്പോർട്‌സ് കൗൺസിലിന്റെ അധീനതയിലാണ് നിലവിൽ കടമാൻചിറ. പലപ്പോഴും സമൂഹവിരുദ്ധരുടെ താവളവുമായതോടെ അന്നത്തെ ഡിവിഷൻ കൗൺസിലർ പി. സംഷാദിന്റെ നേതൃത്വത്തിൽ യുവരശ്മി ക്ലബ് അംഗങ്ങളും നാട്ടുകാരുമൊക്കെ ചേർന്ന് ചിറ നവീകരിച്ചു. സി.സി.ടി.വി. സ്ഥാപിച്ച് നിരീക്ഷണവും ഏർപ്പെടുത്തിയിരുന്നു.

അത്യാധുനികരീതിയിൽ നവീകരണത്തിനാണ് ശ്രമിക്കുന്നത്. നീന്തൽ പരിശീലനം തുടരാനും അതുവഴി മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനും ഒപ്പം ടൂറിസംകേന്ദ്രമായിക്കൂടി മാറ്റാനാകുമെന്നാണ് നഗരസഭാ ഭരണസമിതി പ്രതീക്ഷിക്കുന്നത്. ആദ്യഘട്ടത്തിൽ 40 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതിനുപുറമേ കായികവകുപ്പിന്റെയും നഗരസഭയുടെയും ഫണ്ടുകൾകൂടി ലഭ്യമാക്കി വിപുലമായ നവീകരണം നടത്താനാണ് ആലോചന.