കേണിച്ചിറ : സി.പി.എം. വിമതന്മാർ വിട്ടുനിന്നതോടെ, പൂതാടി ഗ്രാമപ്പഞ്ചായത്തിലെ എൽ.ഡി.എഫ്. ഭരണസമിതിയെ താഴെയിറക്കാനുള്ള യു.ഡി.എഫിന്റെ അവിശ്വാസപ്രമേയം പരാജയപ്പെട്ടു. എൽ.ഡി.എഫും യു.ഡി.എഫും തുല്യശക്തികളായ പൂതാടി ഗ്രാമപ്പഞ്ചായത്തിൽ സി.പി.എമ്മിലെ രണ്ട് വിമതയംഗങ്ങളുടെ പിന്തുണയോടെ ഭരണം തിരിച്ചുപിടിക്കാനായിരുന്നു യു.ഡി.എഫിന്റെ നീക്കം. എന്നാൽ, കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച്, സി.പി.എം. വിമതയംഗങ്ങൾ അവിശ്വാസപ്രമേയ ചർച്ചയിൽ പങ്കെടുക്കാതെ മാറിനിന്നു.

To advertise here,

പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് യു.ഡി.എഫ്. അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. ബുധനാഴ്ച രാവിലെ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. ബാലകൃഷ്ണനെതിരേയുള്ള അവിശ്വാസപ്രമേയം പരിഗണിച്ചു. എന്നാൽ, സി.പി.എമ്മുമായി ഇടഞ്ഞുനിൽക്കുന്ന മുതിർന്ന നേതാക്കളും പഞ്ചായത്തംഗങ്ങളുമായ എ.വി. ജയനും എ.എം. പ്രസാദും യോഗത്തിൽ പങ്കെടുക്കാനെത്തിയില്ല. അവിശ്വാസപ്രമേയത്തിന്മേലുള്ള ചർച്ചയ്ക്കുശേഷമുള്ള വോട്ടെടുപ്പിൽനിന്ന്‌ ബി.ജെ.പി. അംഗങ്ങളും വിട്ടുനിന്നു. വോട്ടെടുപ്പിൽ യു.ഡി.എഫിന് പത്തും എൽ.ഡി.എഫിന് എട്ടും വോട്ടുകളാണ് ലഭിച്ചത്. 23 അംഗ ഭരണസമിതിയിൽ, തിരഞ്ഞെടുക്കപ്പെട്ട ആകെ അംഗങ്ങളുടെ ഭൂരിപക്ഷം (പകുതിയിൽ കൂടുതൽ വോട്ട്) ലഭിക്കാത്തതിനാൽ അവിശ്വാസപ്രമേയം പരാജയപ്പെടുകയായിരുന്നു. എ.വി. ജയനും എ.എം. പ്രസാദും എന്തുവിലകൊടുത്തും അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കുമെന്ന ഉറച്ചവിശ്വാസത്തിലായിരുന്നു യു.ഡി.എഫ്. നേതൃത്വം. ഈ രണ്ട് അംഗങ്ങളുടെ പിന്തുണയോടെ, 12 വോട്ടുകൾ നേടി അവിശ്വാസപ്രമേയം പാസാകുമെന്നായിരുന്നു കണക്കുകൂട്ടൽ. പക്ഷേ, അപ്രതീക്ഷിതമായുണ്ടായ പരാജയത്തിന്റെ ഞെട്ടലിലാണ് യു.ഡി.എഫ്. ക്യാമ്പ്.

ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌സ്ഥാനത്തേക്ക് നൽകിയ അവിശ്വാസപ്രമേയം ശനിയാഴ്ച പരിഗണിക്കും. പൂതാടി ഗ്രാമപ്പഞ്ചായത്തിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും പത്തുവീതവും ബി.ജെ.പി.ക്ക്‌ മൂന്നും അംഗങ്ങളാണുള്ളത്. കർഷകസംഘം മുൻ ജില്ലാ പ്രസിഡന്റ് എ.വി. ജയൻ, എ.കെ.എസ്. മുൻ ജില്ലാ സെക്രട്ടറി എ.എം. പ്രസാദ് എന്നിവർ പാർട്ടിയുമായി ഇടഞ്ഞതോടെയാണ് പൂതാടി പഞ്ചായത്തിലെ എൽ.ഡി.എഫ്. ഭരണം തുലാസിലായത്. ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതികളിലേക്കുനടന്ന തിരഞ്ഞെടുപ്പിൽ ഈ രണ്ട് സി.പി.എം. അംഗങ്ങൾ സഹകരിക്കാതിരുന്നതോടെ മൂന്ന് സ്ഥിരംസമിതികളുടെ അധ്യക്ഷസ്ഥാനവും യു.ഡി.എഫിന് ലഭിച്ചിരുന്നു.

എൽ.ഡി.എഫ്. ഭരണസമിതിക്ക്‌ കേവലഭൂരിപക്ഷമില്ലെന്നും അവർക്ക് എട്ട് അംഗങ്ങളുടെ പിന്തുണ മാത്രമേയുള്ളുവെന്ന് വ്യക്തമായതായും യു.ഡി.എഫ്. നേതാക്കൾ പ്രതികരിച്ചു. സംഘർഷസാധ്യത കണക്കിലെടുത്ത് ബത്തേരി ഡിവൈ.എസ്.പി. അബ്ദുൾ കരീമിന്റെ നേതൃത്വത്തിൽ ബുധാനാഴ്ച രാവിലെമുതൽ പൂതാടി പഞ്ചായത്ത് ഓഫീസിലും പരിസരത്തും കനത്ത പോലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു.

അവിശ്വാസപ്രമേയം പരാജയപ്പെട്ടതിൽ ആഹ്ലാദം പ്രകടിപ്പിച്ച് എൽ.ഡി.എഫ്. അംഗങ്ങൾ കേണിച്ചിറ ടൗണിൽ പ്രകടനം നടത്തി. സി.പി.എം. ജില്ലാ സെക്രട്ടറി കെ. റഫീഖ്, ജില്ലാ കമ്മിറ്റിയംഗം എം.എസ്. സുരേഷ് ബാബു, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് ബിന്ദു ബാബു തുടങ്ങിയവർ നേതൃത്വം നൽകി.

സി.പി.എം. വിമതർ വന്നില്ലപൂതാടിയിലെ രാഷ്ട്രീയ കുതിരക്കച്ചവടം പരാജയപ്പെട്ടു -ബി.ജെ.പി.

കേണിച്ചിറ : പൂതാടി ഗ്രാമപ്പഞ്ചായത്തിലെ രാഷ്ട്രീയ കുതിരക്കച്ചവടത്തിന് നാണംകെട്ട പരിസമാപ്തിയാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്ന് ബി.ജെ.പി. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ പ്രസിഡന്റ് സ്ഥാനാർഥിയുടെ സ്വന്തം വോട്ട് അസാധുവാക്കിയതുമുതൽ പൂതാടിയിലെ കോൺഗ്രസിന്റെ പരാജയം പ്രകടമായിരുന്നു. കേവലം ആറുമാസം പിന്നിടുന്നതിനിടെ അവിശ്വാസപ്രമേയത്തിലൂടെ കോൺഗ്രസും യു.ഡി.എഫും വീണ്ടും അപഹാസ്യരായിരിക്കുകയാണ്.

സി.പി.എം. സ്ഥാനാർഥിയായി വിജയിച്ച എ.വി. ജയനെ കോൺഗ്രസിലേക്ക് എത്തിക്കാൻ ചില നേതാക്കൾ നടത്തിയ വഴിവിട്ട നീക്കത്തിനേറ്റ തിരിച്ചടിയാണിപ്പോഴുണ്ടായിരിക്കുന്നത്. അവിശ്വാസനാടകം പൊളിഞ്ഞതോടെ പൂതാടിയിലെ കോൺഗ്രസിലെ തമ്മിലടി കൂട്ടത്തല്ലായി മാറിയിരിക്കുകയാണ്. നാണംകെട്ട കുതിരക്കച്ചവടത്തിന് നേതൃത്വംനൽകിയ നേതാക്കളെ പുറത്താക്കാനുള്ള രാഷ്ട്രീയമര്യാദയെങ്കിലും കോൺഗ്രസ് നേതൃത്വം കാണിക്കണം. അവിശ്വാസപ്രമേയത്തിൽ ഇരുമുന്നണികളോടും സമദൂരം പാലിച്ച ബി.ജെ.പി.യുടെ നിലപാടാണ് ശരിയെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞുകഴിഞ്ഞു. പൂതാടിയുടെ വികസനത്തിന് വിലങ്ങുതടിയായി നിൽക്കാതെ, പഞ്ചായത്ത് ഭരണസമിതി പിരിച്ചുവിട്ട് പുതിയ ജനവിധി തേടണമെന്നും ബി.ജെ.പി. ആവശ്യപ്പെട്ടു.

ജില്ലാ വൈസ് പ്രസിഡന്റ് പി.എം. സുധാകരൻ, ഒ.ബി.സി. മോർച്ചാ ജില്ലാ പ്രസിഡന്റ് വി.എസ്. ഷിബി, പ്രകാശൻ നെല്ലിക്കര, ഉണ്ണികൃഷ്ണൻ മാവറ, വി.കെ. രാജൻ, ടി.പി. ശശി, പി. അശോകൻ തുടങ്ങിയവർ സംസാരിച്ചു.

ഭൂരിപക്ഷം നഷ്ടപ്പെട്ട പ്രസിഡന്റ് രാജിവെക്കണം -യു.ഡി.എഫ്.

കേണിച്ചിറ : പൂതാടി പഞ്ചായത്ത് ഭരണസമിതിയിൽ ഭൂരിപക്ഷം നഷ്ടപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് രാജിവെക്കണമെന്ന് യു.ഡി.എഫ്. പഞ്ചായത്ത് കമ്മിറ്റി. സി.പി.എം. പാർട്ടി നൽകിയ വിപ്പ് ലംഘിച്ച്‌ സി.പി.എം. അംഗങ്ങളായ എ.വി. ജയനും എ.എം. പ്രസാദും പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. ബാലകൃഷ്ണന് എതിരായ അവിശ്വാസപ്രമേയത്തെ എതിർത്ത് വോട്ടുചെയ്യാൻ വരാതിരുന്നത് യു.ഡി.എഫ്. നൽകിയ അവിശ്വാസപ്രമേയത്തിന്റെ വിജയംതന്നെയാണ്.

സി.പി.എം. ജില്ലാ സെക്രട്ടറിയടക്കമുള്ള മുതിർന്ന നേതാക്കൾ കഴിഞ്ഞ ഒരാഴ്ചയായി പൂതാടിയിൽ ക്യാമ്പ് ചെയ്ത്, പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ പരിഹരിക്കാനും ഇടഞ്ഞുനിൽക്കുന്ന രണ്ട് സി.പി.എം. അംഗങ്ങളെ അവിശ്വാസപ്രമേയ ചർച്ചയിൽ പങ്കെടുപ്പിക്കാനും ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പാർട്ടിയുടെ വിപ്പ് ലംഘിച്ചുകൊണ്ട് ഇന്നത്തെ അവിശ്വാസപ്രമേയ ചർച്ചയിൽനിന്ന്‌ വിട്ടുനിന്ന സി.പി.എം. അംഗങ്ങൾക്കെതിരെ നടപടിസ്വീകരിക്കാനുള്ള ആർജവം സി.പി.എം. ജില്ലാ സെക്രട്ടറിക്ക് ഇല്ലെന്നുള്ളത് വസ്തുതയാണ്. 23 അംഗ ഭരണസമിതിയിൽ കേവലം എട്ട് അംഗങ്ങളുടെ മാത്രം പിന്തുണയുള്ള പ്രസിഡന്റ് ഇ.കെ. ബാലകൃഷ്ണൻ രാഷ്ട്രീയധാർമികതയുണ്ടെങ്കിൽ പ്രസിഡന്റ് സ്ഥാനം രാജിവെക്കാൻ തയ്യാറാകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. കെ.കെ. വിശ്വനാഥൻ, സംഷാദ് മരക്കാർ, കെ.പി. മധു, കെ.ജി. ബാബു, മുഹമ്മദ് ബഷീർ, പി. അബൂബക്കർ, എൽദോസ് മണൽവയൽ, ബിജു ഇരട്ടമുണ്ടക്കൽ, വിൻസന്റ് ചേരവേലിൽ തുടങ്ങിയവർ സംസാരിച്ചു.

അവിശ്വാസപ്രമേയം പരാജയപ്പെട്ടത് ജനാധിപത്യത്തിന്റെ വിജയം -എൽ.ഡി.എഫ്.

കേണിച്ചിറ : പൂതാടി പഞ്ചായത്തിൽ യു.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് എൽ.ഡി.എഫ്. പഞ്ചായത്ത് കമ്മിറ്റി. ജനക്ഷേമ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന എൽ.ഡി.എഫ്. ഭരണസമിതിക്കതിരേയാണ് അവിശ്വാസം കൊണ്ടുവന്നത്. സംസ്ഥാനഭരണസ്വാധീനം ഉപയോഗപ്പെടുത്തി ബത്തേരി എം.എൽ.എ. നേരിട്ട് നടത്തിയ രാഷ്ട്രീയ കുതിരക്കച്ചവടമാണ് പരാജയപ്പെട്ടത്. 1.7 കോടി രൂപ ജെ.എൽ.ജി. അംഗങ്ങളായ വീട്ടമ്മമാരെ കബളിപ്പിച്ച് തട്ടിയെടുത്ത മഹിളാ കോൺഗ്രസ് നേതാവും പഞ്ചായത്ത് സ്ഥിരം സമിതിയധ്യക്ഷയുമായ സിബി സാബുവിനെ രക്ഷപ്പെടുത്തുന്നതിനുവേണ്ടിയാണ് അവിശ്വാസനീക്കം നടത്തിയതെന്നും എൽ.ഡി.എഫ്. ആരോപിച്ചു. സിബി സാബുവിനെ പോലീസ് അകമ്പടിയോടെയാണ് പഞ്ചായത്ത് ഓഫീസിൽ എത്തിച്ചത്. ഇത് ലജ്ജാകരമാണ്. പൂതാടിയിലെ എൽ.ഡി.എഫും 10 അംഗങ്ങളും ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും യോഗം വ്യക്തമാക്കി.

ടി.സി. ഗോപാലൻ അധ്യക്ഷതവഹിച്ചു. രുക്മിണി സുബ്രഹ്മണ്യൻ, എം.എസ്. സുരേഷ് ബാബു, ബൈജു നമ്പികൊല്ലി, ഇ.കെ. ബാലകൃഷ്ണൻ, കുമാരൻ ചെമ്പകപ്പറ്റ, കെ. ജോയി, എൻ. മഹേഷ് കുമാർ, അനീഷ് വാകേരി, കെ.കെ. രാമചന്ദ്രൻ, വി.എ. കുര്യാച്ചൻ തുടങ്ങിയവർ സംസാരിച്ചു.