പ്രധാന തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു
പുല്പള്ളി : സുപ്രധാന തസ്തികകളിലടക്കം ജീവനക്കാരില്ലാത്തതിനാൽ പുല്പള്ളി ഗ്രാമപ്പഞ്ചായത്തിന്റെ പ്രവർത്തനം അവതാളത്തിൽ. പഞ്ചായത്തിലെ അക്കൗണ്ടന്റിന്റെ തസ്തിക ഒഴിഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് ഒന്നര വർഷത്തോളമായി. ഓവർസിയർ വിരമിച്ചുപോയിട്ട് നാലുമാസമായെങ്കിലും പകരം നിയമനമുണ്ടായിട്ടില്ല. പഞ്ചായത്തിൽ സ്ഥിരമായി അസി. എൻജിനിയർ ഇല്ല. എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിൽനിന്ന് അസി. എൻജിനിയറായി താത്കാലിക നിയമനം ലഭിച്ചുവന്ന ഉദ്യോഗസ്ഥൻ ആറു മാസത്തെ കരാർകാലാവധി കഴിഞ്ഞതോടെ ജോലിയിൽനിന്ന് വിടുതൽചെയ്തു.
പ്രധാന തസ്തികകളിൽ ഉദ്യോഗസ്ഥരില്ലാതായതോടെ പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ ആകെ താളംതെറ്റിയിരിക്കുകയാണ്. പൊതുജനങ്ങൾക്കുള്ള സേവനങ്ങളും പഞ്ചായത്തിന്റെ പദ്ധതി പ്രവർത്തനങ്ങളെയുമെല്ലാം ജീവനക്കാരുടെ കുറവ് സാരമായി ബാധിക്കുന്നുണ്ട്. അസി. എൻജിനിയർ ഇല്ലാത്തതിനാൽ കെട്ടിട പെർമിറ്റ് ഉൾപ്പെടെയുള്ളവ തീരുമാനമാവാതെ കിടക്കുകയാണ്. പഞ്ചായത്തിന്റെ നിർമാണപദ്ധതികളും പ്രതിസന്ധി നേരിടുകയാണ്. പഞ്ചായത്തിന്റെ വിവിധ പദ്ധതികൾ കരാർ ഏറ്റെടുത്തവർക്ക്, അസി. എൻജിനിയർ ഇല്ലാത്തതിനാൽ പ്രവൃത്തികളുടെ ബില്ലുകൾ മാറിനൽകാൻ കഴിഞ്ഞിട്ടില്ല. ഇതിനാൽ പുതിയ പ്രവൃത്തികൾ ഏറ്റെടുക്കില്ലെന്ന നിലപാടിലാണ് കരാറുകാർ. പഞ്ചായത്തിലെ റോഡുകളുടെ നിർമാണമടക്കമുള്ള പ്രവൃത്തികളുടെ ടെൻഡർ നടപടികൾ അടുത്തമാസം ആരംഭിക്കേണ്ടതുണ്ട്. എന്നാൽ അതിനുള്ള കാര്യങ്ങൾ എങ്ങുമെത്തിയിട്ടില്ലെന്നാണ് വിവരം. നിലവിലുള്ള ഒരു ഓവർസിയറെ ഉപയോഗിച്ചാണ് പഞ്ചായത്തിലെ മുഴുവൻ പദ്ധതി പ്രവർത്തനങ്ങളുടെയും എസ്റ്റിമേറ്റ് ഉൾപ്പെടെയുള്ളവ തയ്യാറാക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഒരു ഓവർസിയറെ മാത്രം ഉപയോഗിച്ച് ഈ ജോലികൾ മുന്നോട്ട് കൊണ്ടുപോകാനാവില്ല.
അസി. എൻജിനിയർ, ഓവർസീയർ തസ്തികകളിൽ എത്രയും വേഗം നിയമനം നടന്നില്ലെങ്കിൽ പഞ്ചായത്തിന്റെ വികസന പദ്ധതികളുടെ നിർവഹണം കൃത്യസമയത്ത് പൂർത്തിയാക്കാനാകുമോയെന്നതാണ് ആശങ്ക. അക്കൗണ്ടന്റ് ഇല്ലാത്തതിനാൽ പഞ്ചായത്തിന്റെ ധനകാര്യ വിഷയങ്ങൾ അവതാളത്തിലാകുന്ന സ്ഥിതിയാണ്. മറ്റ് സെക്‌ഷനുകളിലെ ഉദ്യോഗസ്ഥർക്ക് അധികച്ചുമതല നൽകിയാണ് ധനകാര്യ വിഷയങ്ങൾ കൈകാര്യംചെയ്യുന്നത്. ഒഴിവുകൾ നികത്താത്തത് ഓഫീസിലെ മറ്റുജീവനക്കാർക്ക് അമിതജോലിഭാരം അടിച്ചേൽപ്പിക്കുന്നുണ്ട്. പ്രധാനപ്പെട്ട തസ്തികകളിലെ ജീവനക്കാരുടെ ഒഴിവുകൾ അടിയന്തരമായി നികത്താൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്.
പഞ്ചായത്തിലെ ഒഴിവുകൾ നികത്തണം-ബി.ജെ.പി.
പുല്പള്ളി : പുല്പള്ളി പഞ്ചായത്തിലെ ജീവനക്കാരുടെ ഒഴിവുകളിൽ അടിയന്തരമായി നിയമനം നടത്തണമെന്ന് ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. അസി. എൻജിനിയർ, ഓവർസിയർ, അക്കൗണ്ടന്റ് തുടങ്ങിയ പ്രധാന തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഉദ്യോഗസ്ഥരില്ലാത്തതിനാൽ പഞ്ചായത്തിന്റെ വിവിധ പദ്ധതികളുടെ പ്രവൃത്തികൾ പൂർത്തിയാക്കിയിട്ടും കരാറുകാർക്ക് അതിന്റെ ബില്ലുകൾ മാറിനൽകാൻ കഴിയുന്നില്ല.
അടുത്തമാസം റോഡുകളുടെ ടെൻഡർ നടപടികൾ ആരംഭിക്കേണ്ടതുണ്ട്. പക്ഷേ, അതിനുള്ള കാര്യങ്ങളൊന്നും ചെയ്തിട്ടില്ല.
പഞ്ചായത്തിലെ ഉത്തരവാദപ്പെട്ട അധികാരികൾ സർക്കാർതലത്തിൽ കൃത്യമായ ഇടപെടൽ നടത്തി പ്രശ്നത്തിന് ശാശ്വതപരിഹാരം കാണണം. പ്രസിഡന്റ് ഇ.കെ. സനൽകുമാർ അധ്യക്ഷതവഹിച്ചു. ജന. സെക്രട്ടറി പി.ആർ. സുഭാഷ്, മണ്ഡലം പ്രസിഡന്റ് കെ.ഡി. ഷാജിദാസ്, വി. അഭിലാഷ്, കെ. പ്രതീഷ്, അനീഷ് പള്ളത്ത്, ബിജു വെള്ളാപ്പള്ളി, മനു പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.
Published: 23 Sept 2026, 04:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented