കല്പറ്റ : കിസാൻജനത ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക സെമിനാറും കെ.പി. സെയ്തലവി അനുസ്മരണവും നടത്തി. കിസാൻ ജനത സംസ്ഥാന ജനറൽ സെക്രട്ടറി എൻ.ഒ. ദേവസി അധ്യക്ഷത വഹിച്ചു. അഡ്വ. ജോർജ് പോത്തൻ മോഡറേറ്ററായി.

To advertise here,

‘കാലാവസ്ഥാമാറ്റം പ്രതിസന്ധികൾ’ എന്ന വിഷയത്തിൽ ഹ്യൂം സെന്റർ ഡയറക്ടർ ഡോ. ടി.ആർ. സുമ സംസാരിച്ചു. ഈ വർഷം സെപ്റ്റംബർവരെ 40 ശതമാനം മഴക്കുറവാണ് കണക്കാക്കിയതെന്നും ഊഷ്മാവ് 1.8 ഡിഗ്രി സെൽഷ്യസ് കൂടിയതായും ഡോ. സുമ പറഞ്ഞു. അതുകൊണ്ടുതന്നെ ശ്രദ്ധയോടെ മുന്നോട്ടുപോകേണ്ട കാലമാണ്.

ചൂടുകൂടുമ്പോൾ ബാഷ്പീകരണവും കൂടും. പ്രാദേശിക ബാഷ്പീകരണം, പ്രാദേശിക മേഘങ്ങൾ എന്നിവയിലൂടെ മഴ എങ്ങനെപെയ്യുമെന്ന് പ്രവചിക്കാൻ സാധിക്കില്ലെന്നും അവർ പറഞ്ഞു.

ചൂടുകൂടുന്നത്‌ ഒാരോ ജീവജാലങ്ങളെയും ബാധിക്കുമെന്നും ഡോ. ടി.ആർ. സുമ പറഞ്ഞു.

തുടർചർച്ചയിൽ ‘ഇ.എസ്.എ. പ്രശ്നങ്ങളും വെല്ലുവിളിയും’ എന്ന വിഷയത്തിൽ ആർ.ജെ.ഡി. ജില്ലാ പ്രസിഡന്റ് ഡി. രാജൻ, മഴക്കുറവ്, കുടിവെള്ളം, കൃഷി എന്ന വിഷയത്തിൽ കെ.എസ്. സ്കറിയ, നെൽക്കൃഷിയെന്ന വിഷയത്തിൽ കെ.എ. ചന്തു, പാലുത്പാദം എന്ന വിഷയത്തിൽ ശാരദാ മണിയൻ, വന്യമൃഗശല്യം എന്ന വിഷയത്തിൽ വി.വി. ജിനേന്ദ്രപ്രസാദ്, ‘കാർഷിക മേഖലയിലെ യുവജനപങ്കാളിത്തം’ എന്ന വിഷയത്തിൽ ആർ.വൈ.ഡി. സംസ്ഥാന പ്രസിഡന്റ് പ്രഭീഷ് ആദിയൂർ എന്നിവർ സംസാരിച്ചു.

ആർ.ജെ.ഡി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. ഹംസ, കെ.പി. സെയ്തലവി അനുസ്മരണപ്രഭാഷണം നടത്തി.

രാജ്യം നിലവിൽ കടന്നുപോകുന്ന പ്രതിസന്ധിയിൽ സോഷ്യലിസ്റ്റുകൾക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്നും ജനകീയ പ്രക്ഷോഭങ്ങളിൽ മുന്നിൽനിന്ന് നയിച്ച സോഷ്യലിസ്റ്റായിരുന്നു സെയ്തലവിയെന്നും കെ.കെ. ഹംസ പറഞ്ഞു.

ഋഷഭ് ശ്രേയാംസ്‍കുമാർ, പി.കെ. രാജൻ, സി.വി. നേമിരാജൻ, അനന്തകൃഷ്ണ ഗൗഡർ, റെജി മാനന്തവാടി, പി.പി. ഷൈജൽ, പി. കോമു, ജോസ് പനമട, സി.കെ. നൗഷാദ്, ഒ.ഇ. കാസിം, കെ.ടി. ഹാഷിം, നാസർ കുരുണിയൻ, സഹദേവൻ മേപ്പാടി, എം.പി. ഷൈജു തുടങ്ങിയവർ സംസാരിച്ചു.