മാനന്തവാടി : സ്ഥലമേറ്റെടുപ്പ് ഉൾപ്പെടെയുള്ള വയനാട് ഗവ. മെഡിക്കൽ കോളേജിന്റെ ഭാവി പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിന് മാനന്തവാടിയിൽ സർവകക്ഷിയോഗം ചേർന്നു. മാനന്തവാടി നഗരസഭാ ഭരണസമിതിയുടെ നേതൃത്വത്തിലാണ് യോഗം വിളിച്ചുചേർത്തത്. ഉപാധികളോടെ പാരിസൺ എസ്റ്റേറ്റ് 25 ഏക്കർ ഭൂമി നൽകാൻ സമ്മതിച്ചതായി മാനന്തവാടി നഗരസഭാധ്യക്ഷൻ യോഗത്തെ അറിയിച്ചു. യോഗത്തിൽ പങ്കെടുത്തവർ നിർദേശം സ്വാഗതംചെയ്തെങ്കിലും പ്ലാന്റേഷൻ ആക്ടിൽ ഇളവ് ലഭിക്കുമോ എന്ന ആശങ്കയാണ് ഭൂരിഭാഗംപേരും അറിയിച്ചത്.

To advertise here,

യോഗത്തിൽ പങ്കെടുത്ത എൽ.ഡി.എഫ്. പ്രതിനിധികളായ കെ.എം. അബ്ദുൾ ആസിഫ്, ബാബു ഷജിൽ കുമാർ, നിഖിൽ പത്മനാഭൻ, പി.ടി. ബിജു എന്നിവർ വനംവകുപ്പിന്റെ കീഴിലുള്ള അമ്പുകുത്തിയിലെ ഭൂമി ഏറ്റെടുക്കുന്നതിനു മുൻഗണന നൽകണമെന്നാണ് ആവശ്യപ്പെട്ടത്.

പാരിസൺസ് എസ്റ്റേറ്റിന്റെയും വനംവകുപ്പിന്റെയും സ്ഥലം ഏറ്റെടുത്ത് നടപടി പൂർത്തിയാക്കാൻ കാലതാമസം വരുന്നതിനാൽ മെഡിക്കൽ കോളേജിനു സമീപത്തുള്ള സ്ഥലങ്ങൾ ഏറ്റെടുക്കുന്നകാര്യം പരിഗണിക്കണമെന്ന് വയനാട് ഗവ. മെഡിക്കൽ ജനകീയ ആക്ഷൻ കൗൺസിൽ സെക്രട്ടറി ഐസക് മാനന്തവാടി പറഞ്ഞു. താഴെയങ്ങാടിയിൽ ഭവനനിർമാണ ബോർഡിന്റെ ഏക്കർ കണക്കിനു സ്ഥലം നിലവിലുണ്ട്.

അമ്പുകുത്തിയിൽ വനംവകുപ്പ് സംരക്ഷിച്ചുവരുന്ന റവന്യൂ ഭൂമി വിട്ടുകിട്ടാൻ നടപടിക്രമങ്ങളിൽ വീഴ്ചവരുത്തിയ കാര്യമാണ് പൊതുപ്രവർത്തകനും റിട്ട. പ്രധാനാധ്യാപകനുമായ ബാബു ഫിലിപ്പ് സംസാരിച്ചത്. വനഭൂമി വനേതര ആവശ്യങ്ങൾക്കു വിട്ടുകിട്ടാനുള്ള നടപടി ക്രമങ്ങൾക്കായി പരിവേഷ് പോർട്ടലിൽ വിവരങ്ങൾ അപ്‌ലോഡ് ചെയ്തെങ്കിലും കഴിഞ്ഞ സർക്കാർ അത് അപ്രൂവ് ചെയ്ത് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്കായി ‘സംരക്ഷൺ ഏവം സംവർധൻ’ പോർട്ടലിൽ സമർപ്പിക്കുന്നതിലുണ്ടായ വീഴ്ചയാണ് വിവരാവകാശരേഖയുമായി ചൂണ്ടിക്കാട്ടിയത്.

വർഷങ്ങൾക്കു മുൻപ്‌ റവന്യൂഭൂമി പിടിച്ചെടുത്ത് വനംവകുപ്പിന്റെ സംരക്ഷണത്തിനായി ഏൽപ്പിച്ചപ്പോൾ ഭാവിയിൽ പൊതു ആവശ്യത്തിനായി ഉപയോഗിക്കാം എന്ന നിബന്ധന വെച്ചിരുന്നതായും ഈ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ യു.ഡി.എഫ്. സർക്കാർ വേഗത്തിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നഗരസഭാ ഉപാധ്യക്ഷ അഡ്വ. സിന്ധു സെബാസ്റ്റ്യൻ, സ്ഥിരം സമിതിയധ്യക്ഷരായ പി.വി. ജോർജ്, ലേഖാ രാജീവൻ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ, എടവക ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശിരിജാ സുധാകരൻ, വൈസ് പ്രസിഡന്റ് മുസ്തഫ തയ്യുള്ളതിൽ, കെ.എം. ഷിനോജ് വയനാട് ഗവ. മെഡിക്കൽ ജനകീയ ആക്ഷൻ കൗൺസിൽ പ്രസിഡന്റ് അഡ്വ. ഷെബിൻ ജോർജ്, ഡോ. എ. ഗോകുൽ ദേവ്, ഫാ. വർഗീസ് മറ്റമന, അഡ്വ. എൻ.കെ. വർഗീസ്, അസീസ് കൊടക്കാട്, അഡ്വ. ടി. മണി, പി.വി. മഹേഷ്, സുമാ രാമൻ, എ.എം. നിശാന്ത്, പടയൻ മുഹമ്മദ്, ടി.കെ. ഹാരിസ്, തുടങ്ങിയവർ സംസാരിച്ചു.

മെഡിക്കൽകോളേജ് ഭൂമി: വെളിപ്പെടുത്തലിനു പിന്നിൽ ദുരൂഹതയെന്ന് കർമസമിതി

കല്പറ്റ : വയനാട് മെഡിക്കൽകോളേജ് ഭൂമി വിഷയത്തിൽ മാനന്തവാടി നഗരസഭാധ്യക്ഷന്റെയും കോൺഗ്രസ് ജില്ലാസെക്രട്ടറിയുടെയും നീക്കത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് മടക്കിമല മെഡിക്കൽകോളേജ് കർമസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആരോപിച്ചു. സംസ്ഥാന സർക്കാരുമായി സിവിൽകോടതിയിൽ ഭൂമിയുടെ അവകാശത്തർക്കം നിലനിൽക്കുന്ന പാരിസൺഗ്രൂപ്പ് മെഡിക്കൽകോളേജിനായി 25 ഏക്കർഭൂമി സൗജന്യമായി നൽകാൻ സമ്മതിച്ചെന്നും ഇതിനായി തൊട്ടടുത്ത ഭൂമി തരംമാറ്റുന്നതിന് അനുമതി നൽകണമെന്ന ഉപാധിവെച്ചതായും ചെയർമാനും കോൺഗ്രസ് നേതാവും വെളിപ്പെടുത്തിയിരുന്നു. സിവിൽകോടതിയിൽ ഇപ്പോഴും കേസ് നിലനിൽക്കുന്ന ഭൂമിയാണിത്. 25 ഏക്കർ ഭൂമി തരംമാറ്റിയാൽ അത് ശേഷിക്കുന്ന ഭൂമിയുടെയും തരംമാറ്റാനുള്ള വഴിതുറക്കും. മറ്റു കമ്പനികളും ഇതേ ആവശ്യവുമായി മുന്നോട്ടുവരും. മെഡിക്കൽകോളേജിന് പര്യാപ്‌തമായ ഭൂമി ലഭ്യമാകാത്ത സാഹചര്യത്തിൽ ചന്ദ്രപ്രഭ ചാരിറ്റബിൾ ട്രസ്റ്റ് മടക്കിമലയിൽ സൗജന്യമായി നൽകിയ ഭൂമിയിൽ കെട്ടിടനിർമാണം ആരംഭിക്കണം. കെട്ടിടനിർമാണം പൂർത്തിയാകുമ്പോൾ മാനന്തവാടിയിൽനിന്ന് മെഡിക്കൽകോളേജ് മടക്കിമലയിലേക്ക് മാറ്റണം. ചെയർമാൻ ഇ.പി. ഫിലിപ്പ്കുട്ടി, അഡ്വ. ടി.യു. ബാബു, അബ്ദുൾഖാദർ മടക്കിമല, ഇഖ്ബാൽ മുട്ടിൽ, ഖാലിദ് കല്പറ്റ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.