സ്വാഗതസംഘം രൂപവത്കരിച്ചു

To advertise here,

മാനന്തവാടി : 45-ാമത് റവന്യൂ ജില്ലാ ശാസ്ത്രോത്സവം നവംബർ ആറ്, ഏഴ് തീയതികളിലായി മാനന്തവാടി എം.ജി.എം. ഹയർസെക്കൻഡറി സ്കൂളിൽ നടത്തും. ആദ്യദിനം പ്രവൃത്തിപരിചയമേളയും ഗണിതശാസ്ത്രമേളയും ഐ.ടി. മേളയും രണ്ടാം ദിനത്തിൽ സാമൂഹ്യശാസ്ത്രമേളയും ശാസ്ത്രമേളയും നടത്തും. 12 സബ് കമ്മിറ്റികളാണ് ശാസ്ത്രോത്സവത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. തദ്ദേശസ്ഥാപന പ്രതിനിധികൾ സബ് കമ്മിറ്റികളുടെ ചെയർമാൻ/വൈസ് ചെയർമാൻമാരായും അധ്യാപക സംഘടനാ പ്രതിനിധികൾ കൺവീനർമാരായും പ്രവർത്തിക്കും. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറായിരിക്കും ജനറൽ കൺവീനർ. എം.ജി.എം. സ്കൂൾ പ്രിൻസിപ്പൽ ജോയിന്റ് ജനറൽ കൺവീനർമാരായും അധ്യാപകർ കൺവീനർമാരായും പ്രവർത്തിക്കും.

മാനന്തവാടി എം.ജി.എം. ഹയർസെക്കൻഡറി സ്കൂളിൽ നടന്ന സംഘാടകസമിതി രൂപവത്കരണയോഗം നഗരസഭാധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ അധ്യക്ഷതവഹിച്ചു. മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ഭാരവാഹികൾ: ഉഷാ വിജയൻ എം.എൽ.എ. (ചെയ.), സൽമാ മോയിൻ, പി.വി.എസ്. മൂസ, സി.ആർ. രജില (വൈസ് ചെയ.), ഡി.ഡി.ഇ. വി.എ. ശശീന്ദ്രവ്യാസ് (ജന. കൺ.), മാത്യു സഖറിയ (ജോ. ജന. കൺ.).

ഒരുക്കങ്ങൾ വിലയിരുത്തി

ശനിയാഴ്ച എം.ജി.എം. സ്കൂളിൽചേർന്ന യോഗം ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തി. പ്രചാരണത്തിനായി മോട്ടോർ തൊഴിലാളി മേഖലയിൽ പ്രവർത്തിക്കുന്നവരുടെ സഹായംതേടും. പൊതുഗതാഗത സംവിധാനം കുറവായ റൂട്ടിൽ ഓട്ടോറിക്ഷകൾ സർവീസ് നടത്തുന്നതിനായി ട്രേഡ് യൂണിയൻ നേതാക്കളുമായി സംസാരിക്കും. മേളയ്ക്ക് എത്തുന്ന മത്സരാർഥികൾ ഉൾപ്പെടെയുള്ള മുഴുവൻപേർക്കും ഭക്ഷണ, കുടിവെള്ള സൗകര്യം ഉറപ്പു വരുത്തും. മത്സരഫലം പ്രഖ്യാപിച്ചശേഷം രണ്ടു മണിക്കൂറോളം സമയം എക്സിബിഷൻ നടത്തും. പൊതുജനത്തിനു കാണാനാണിത്.

യോഗത്തിൽ സ്കൂൾ മാനേജർ ഫാ. സഖറിയ വെളിയത്ത് അധ്യക്ഷതവഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ മേളയുമായി ബന്ധപ്പെട്ടുള്ള മുന്നൊരുക്കങ്ങൾ വിശദീകരിച്ചു. നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതിയധ്യക്ഷൻ പി.വി.എസ്. മൂസ, സ്കൂൾ പ്രിൻസിപ്പൽ മാത്യു സഖറിയ, മാനന്തവാടി പ്രസ്‌ക്ലബ് പ്രസിഡന്റ് അരുൺ വിൻസെന്റ്, മാനന്തവാടി മർച്ചന്റ്സ് യൂത്ത് വിങ് പ്രതിനിധി ഒ.വി. ഗോപൻ, ഹുസൈൻ കുഴിനിലം, സ്കൂൾ അധ്യാപിക വി.എം. സന്ധ്യ എന്നിവർ സംസാരിച്ചു.

ലോഗോ ക്ഷണിച്ചു

: ശാസ്ത്രോത്സവത്തിനുള്ള ലോഗോ ക്ഷണിച്ചു. ലോഗോകൾ ഒക്ടോബർ 14-ന് വൈകീട്ട് അഞ്ചിനകം mgmhssmtdy@gmail.com എന്ന ഇ-മെയിലിലോ പ്രിൻസിപ്പൽ, എം.ജി.എം. ഹയർസെക്കൻഡറി സ്കൂൾ, മാനന്തവാടി, 670645 എന്ന വിലാസത്തിലോ ലഭിക്കണം. ഫോൺ: 9526017484.