കല്പറ്റ : മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പ് നിർമാണത്തിന്റെ രണ്ടാംഘട്ടവും പുനരധിവാസവും വൈകുന്നതിൽ പ്രതിഷേധിച്ച് ദുരന്തബാധിതർ. ഗുണഭോക്തൃപ്പട്ടികയിൽ രണ്ട് എ, രണ്ട് ബി പട്ടികകളിൽ ഉൾപ്പെട്ട 157 കുടുംബങ്ങളിൽ ഉൾപ്പെട്ടവരാണ് പ്രതിഷേധപ്രകടനം നടത്തിയത്.
ടൗൺഷിപ്പിലൂടെ പ്രതിഷേധപ്രകടനം നടത്തിയ കുടുംബങ്ങൾ കളക്ടറേറ്റിലെത്തി എ.ഡി.എം. കെ. അജീഷുമായി ചർച്ചയും നടത്തി.
മുൻപ് സർക്കാർ വാക്കുനൽകിയതുപോലെ സെപ്റ്റംബർ 30-നകം 157 കുടുംബങ്ങൾക്കും വീടുകളുടെ താക്കോലും രേഖകളും കൈമാറണമെന്ന് ദുരന്തബാധിതർ ആവശ്യപ്പെട്ടു. ഗുണഭോക്തൃപ്പട്ടികയിൽ ഉൾപ്പെട്ടുവെന്നല്ലാതെ പിന്നീട് മറ്റൊരു അറിയിപ്പുകളോ ഇടപെടലുകളോ ഉണ്ടായില്ലെന്ന് ദുരന്തബാധിതർ ആരോപിച്ചു. ഒന്നാംഘട്ട പട്ടികയിൽ ഉൾപ്പെട്ട 178 കുടുംബങ്ങൾ താമസം തുടങ്ങിയിട്ടും രണ്ടാംഘട്ടത്തിൽ കൈമാറേണ്ട വീടുകളുടെ നറുക്കെടുപ്പ് നടന്നിട്ടില്ല.
ഏത് വീടുകൾ ആർക്കെന്ന് നിശ്ചയിച്ചാലേ നിർമാണപുരോഗതി പോലും കുടുംബങ്ങൾക്ക് വിലയിരുത്താനാവൂ. ഇപ്പോൾ ടൗൺഷിപ്പിൽ ഇഴഞ്ഞിഴഞ്ഞാണ് നിർമാണപ്രവൃത്തി നടക്കുന്നത്. മുൻപ് രണ്ടായിരത്തിന് മുകളിൽ തൊഴിലാളികൾവരെ ഒരുദിവസം തൊഴിലെടുത്ത സ്ഥാനത്ത് ഇപ്പോൾ അഞ്ഞൂറോളം പേരാണ് സ്ഥിരമായി പണിക്കുള്ളത്. അതും വീടുകളുടെ നിർമാണത്തിന് പകരം പൊതുസ്ഥാപനങ്ങളുെട നിർമാണത്തിനാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നത്. മഴദിവസങ്ങൾ കുറവായിട്ടുപോലും സെപ്റ്റംബറിൽ വീടുകൾ പൂർത്തീകരിക്കുന്ന രീതിയിൽ പണി നടന്നില്ലെന്നും കുടുംബങ്ങൾ ആരോപിച്ചു.
എൽ.ഡി.എഫ്. സർക്കാർ വായ്പകൾ എഴുതിത്തള്ളാൻ ഉത്തരവിറക്കി തുക അനുവദിച്ചിട്ടും അതിന്റെ തുടർനടപടികൾ പൂർത്തിയായിട്ടില്ലെന്നും ദുരന്തബാധിതർ ആരോപിച്ചു. കെട്ടിട ഉടമകൾക്കും വ്യാപാരികൾക്കും സമാനരീതിയിൽ നഷ്ടപരിഹാരം അനുവദിച്ച് ഉത്തരവിറക്കിയിരുന്നു. ഗ്രാമപ്പഞ്ചായത്തിൽനിന്ന് അർഹരായവരുടെ പട്ടികയും കൈമാറിക്കഴിഞ്ഞു. എന്നിട്ടും നഷ്ടപരിഹാരം അനുവദിക്കുന്നതിനുള്ള ഇടപെടലുണ്ടായിട്ടില്ല.
മൈക്രോപ്ലാനിലും ഉൾപ്പെടുത്തിയുള്ള സഹായങ്ങളും ലഭിച്ചിട്ടില്ലെന്നും ദുരന്തബാധിതർ ആരോപിച്ചു. ഈ വിഷയങ്ങൾ എ.ഡി.എമ്മിന്റെ ശ്രദ്ധയിൽപ്പെടുത്തിയതായും ദുരന്തബാധിതകൂടിയായ മേപ്പാടി ഗ്രാമപ്പഞ്ചായത്തംഗം ഷൈജ ബേബി പറഞ്ഞു. വിഷയം മേലധികാരികളെ അറിയിക്കാമെന്ന് എ.ഡി.എം. ഉറപ്പുനൽകിയിട്ടുണ്ട്. പക്ഷേ, വീടുകളുടെ നറുക്കെടുപ്പിനുവരെ ഇതുവരെ തീരുമാനമായിട്ടില്ലെന്നാണ് അറിയുന്നതെന്നും ഷൈജ ബേബി പറഞ്ഞു.
നറുക്കെടുപ്പ് പൂർത്തീകരിച്ചില്ലെങ്കിൽ സമരത്തിലേക്ക്
സെപ്റ്റംബർ 30-നുള്ളിൽ വീടുകളുടെ നറുക്കെടുപ്പ് പൂർത്തീകരിച്ചില്ലെങ്കിൽ ഒക്ടോബർ ഒന്നുമുതൽ സമരത്തിലേക്ക് നീങ്ങാനാണ് കൂട്ടായ്മയിലെ അംഗങ്ങളുടെ തീരുമാനം. ദുരന്തം നടന്നു രണ്ടുവർഷം പിന്നിട്ടിട്ടും പുനരധിവാസം ഉറപ്പിക്കാതെ മെല്ലെപ്പോക്ക് തുടരുന്നത് നീതികേടാണെന്നും ദുരന്തബാധിതർ ആരോപിച്ചു. പ്രതിഷേധത്തിന് കൂട്ടായ്മയുടെ ചെയർപേഴ്സൺ ഷൈജ ബേബി, കൺവീനർ വിജയൻ മഠത്തിൽ, ട്രഷറർ കെ.എസ്. ശിവാനന്ദൻ, നസീർ ആലക്കൽ, എൻ.കെ. സുകുമാരൻ, റക്കീബ റാട്ടപ്പാടി, പ്രസന്ന മണി തുടങ്ങിയവർ നേതൃത്വംനൽകി.
അധ്വാനിച്ചുണ്ടാക്കിയതെല്ലാം നഷ്ടമായി
ദുരന്തത്തിൽ രണ്ടരക്കോടി രൂപയുടെ ആസ്തികളാണ് നഷ്ടമായത്. 26 വർഷം ഗൾഫിൽ പ്രവാസിയായി ജോലിചെയ്ത് അധ്വാനിച്ചുണ്ടാക്കിയതെല്ലാം നഷ്ടമായി. ചൂരൽമലയിൽ മൂന്നുനിലക്കെട്ടിടം സ്വന്തമായുണ്ടായിരുന്നു. ദുരന്തമുണ്ടായ അന്ന് രാത്രി ഇട്ട വസ്ത്രത്താൽ ഇറങ്ങിയോടിയതാണ്. ഇന്നും വാടകവീട്ടിലാണ്. ഞങ്ങളുടെ പ്രതിസന്ധി തിരിച്ചറിഞ്ഞ് സഹായിക്കണം.
എ. ഇബ്രാഹിം, പരുത്തോളി വീട് ചൂരൽമല സ്വദേശി
തൊഴിലെടുക്കാനുള്ള അവസരം വേണം
ചൂരൽമലയിലെ ചുമട്ടുതൊഴിലാളിയായിരുന്നു. ചുമട്ടുതൊഴിലാളിയാണെന്ന കാർഡും രേഖകളുമെല്ലാമുണ്ടായിരുന്നു. ദുരന്തം കഴിഞ്ഞ് രണ്ടുവർഷമായി. എനിക്ക് എവിടെയും തൊഴിലില്ല. വാടകയ്ക്ക് നിൽക്കുന്നത് മേപ്പാടിയാണ്. അവിടെയും കല്പറ്റയുമൊന്നും പണിയെടുക്കാനാവുന്നില്ല. ലേബർ ഓഫീസിലും കളക്ടറേറ്റിലുമെല്ലാം പരാതിനൽകി. തൊഴിലെടുക്കാനുള്ള അവസരം ഒരുക്കിത്തരണം.
അഷ്റഫ് രണ്ടോടി, ചൂരൽമല സ്വദേശി
എത്രയുംപെട്ടെന്ന് വീടൊരുക്കണം
വാടകയ്ക്കാണ് ഇപ്പോഴും നിൽക്കുന്നത്. പട്ടികയിൽ പേരുണ്ടെന്ന് അറിഞ്ഞതോടെ ചൂരൽമലയിലെ ദുരന്തഭൂമിയിലെ വീട് പൊളിച്ചു. അവിടെ താമസിക്കാനും സാധിക്കില്ല. ഭർത്താവിന് എപ്പോഴെങ്കിലുമാണ് ജോലിയുള്ളത്. തോട്ടം പണിയൊന്നും ഇപ്പോഴില്ലല്ലോ. എത്രയുംപെട്ടെന്ന് വീട് അനുവദിക്കണം.
സുഹ്റ മരക്കാർ ആക്കപറമ്പിൽ, ചൂരൽമല സ്വദേശി
Published: 11 Sept 2026, 03:36 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented