ചൂട്ടക്കടവിൽ ആറു മാസത്തിലേറെയായി കുടിവെള്ളം പാഴാകുന്നു

To advertise here,

മാനന്തവാടി : കുടിവെള്ളത്തിനായി വിവിധയിടങ്ങളിൽ ജനം നെട്ടോട്ടമോടുമ്പോൾ മാസങ്ങളായി മാനന്തവാടിയിൽ കുടിവെള്ളം പാഴാവുന്നു. ചൂട്ടക്കടവ്-പേര്യ കെ.എസ്.ടി.പി. റോഡിലെ ചൂട്ടക്കടവിൽ വെള്ളം പാഴാവാൻ തുടങ്ങിയിട്ട് ആറു മാസത്തിലധികമായെങ്കിലും അധികൃതർക്ക് അനങ്ങാപ്പാറ നയമെന്നാണ് ആരോപണം. വെള്ളം ഒഴുകിയതിനാൽ വലിയ പൊത്ത് രൂപപ്പെട്ടിട്ടുണ്ട്. ഇത് സമീപത്തുള്ള വീടിന്റെ മതിലിനും ഭീഷണിയായിട്ടുണ്ട്.

വലിയകുഴിയുടെ അടിയിൽ നിന്നാണ് വെള്ളം പാഴാവുന്നതെന്നതിനാൽ പുറമേ കാണാൻ സാധിക്കില്ല. അടിയന്തരമായി ഇത് പരിഹരിച്ചില്ലെങ്കിൽ മതിലിടിഞ്ഞ് റോഡിലേക്ക് വീണ് അപകടമുണ്ടായേക്കും. വലിയ ശക്തിയിലാണ് വെള്ളത്തിെൻറ ഒഴുക്ക്‌. വെള്ളം പാഴാവുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് സമീപത്തുള്ള ലീഫ് െറസിെഡൻസ്‌ അസോസിയേഷൻ ഭാരവാഹികൾ കേരള ജല അതോറിറ്റിക്ക് പരാതി നൽകിയിട്ടും കാര്യമായ പ്രയോജനമുണ്ടായില്ല. പ്രവൃത്തി പൂർത്തിയാക്കാൻ കെ.എസ്.ടി.പി.യുടെ അനുമതി വേണമെന്ന ഒഴുക്കൻ മറുപടിയാണ് ലഭിച്ചതെന്ന് റെസിെഡൻസ്‌ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

ജലം അമൂല്യമാണ്, പാഴാക്കരുത് എന്നൊക്കെ ജല അതോറിറ്റി പൊതുജനത്തെ ബോധവത്കരിക്കുേമ്പാൾ വെള്ളം പാഴാവുന്നിടത്തേക്ക് കേരള ജല അതോറിറ്റി മാനന്തവാടി അസി. എൻജിനിയറുടെ ഓഫീസിൽനിന്നു ഒരു കിലോമീറ്റർ കുറഞ്ഞദൂരം മാത്രമേയുള്ളൂ എന്ന പ്രത്യേകതയുണ്ട്. വാതിൽപ്പടിയിൽ സേവനങ്ങൾ നൽകുന്ന ഉപഭോക്തൃ സൗഹൃദ പ്രസ്ഥാനമായി സ്വയം രൂപപ്പെടുമെന്ന വിഷനാണ് കേരള ജല അതോറിറ്റിക്കുള്ളതെങ്കിലും മാസങ്ങളായി വെള്ളം പാഴാവുന്നതൊഴിവാക്കാൻ ഓഫീസിന്റെ വാതിലിൽ മുട്ടിയിട്ടും ഗുണമൊന്നുമുണ്ടായില്ല.

പൈപ്പ് സ്ഥാപിക്കുന്നതുൾപ്പെടെയുള്ള പ്രവൃത്തി കെ.എസ്.ടി.പി.യാണ് നടത്തിയതെന്ന് കേരള ജല അതോറിറ്റി മാനന്തവാടി അസി. എൻജിനിയർ പറഞ്ഞു. വെള്ളം പാഴാവുന്നത് ഒഴിവാക്കാനുള്ള പ്രവൃത്തി നടത്താൻ കെ.എസ്.ടി.പി.യുടെ അനുമതി തേടിയിയിരുന്നു. പ്രവൃത്തി നടത്താൻ വാക്കാൽ അനുമതി ലഭിച്ചിട്ടുണ്ടെന്നും പ്രശ്നം ഉടൻ പഹിരിക്കുമെന്നും അസി. എൻജിനിയർ പറഞ്ഞു.

കുറ്റകരമായ അനാസ്ഥ

വെള്ളം പാഴാവുന്നകാര്യം ജല അതോറിറ്റി അധികൃതരെ അറിയിച്ചെങ്കിലും തികഞ്ഞ നിസ്സംഗതയാണ് പുലർത്തുന്നത്. ഓൺലൈനായും നേരിട്ടും പരാതി പറഞ്ഞെങ്കിലും കുറ്റകരമായ അനാസ്ഥ കാട്ടുകയാണ്. വലിയ ശക്തിയിൽ വെള്ളം പാഴാവുന്നതിനാൽ പരിയാരംകുന്ന് ഭാഗത്തേക്ക് വെള്ളം എത്തുന്നതിന്റെ ഫോഴ്‌സ് കുറവാണ്. കെ.എസ്.ടി.പി. ആയാലും ജല അതോറിറ്റി ആയാലും പൊതുജനപ്രശ്നമെന്ന രീതിയിൽ ഉടൻപരിഹാരം കാണണം.

പി. രാജൻട്രഷറർ, ലീഫ് റെസിഡെൻസ്‌ അസോസിയേഷൻ, ചൂട്ടക്കടവ്