പേരാമ്പ്ര എസ്റ്റേറ്റിൽ ആയിരക്കണക്കിന് റബ്ബർമരങ്ങൾ നശിപ്പിച്ചു
പെരുവണ്ണാമൂഴി : പ്ലാന്റേഷൻ കോർപ്പറേഷന് കീഴിലുള്ള പേരാമ്പ്ര എസ്റ്റേറ്റിൽ കാട്ടാനകളെക്കൊണ്ട് ഒരു രക്ഷയുമില്ലാത്ത സ്ഥിതി. ആയിരക്കണക്കിന് റബ്ബർമരങ്ങളാണ് കുറച്ച് കാലത്തിനിടയിൽ എസ്റ്റേറ്റിൽ നശിപ്പിച്ചത്. മുതുകാട് വനമേഖലയോട് ചേർന്നാണ് പേരാമ്പ്ര എസ്റ്റേറ്റുള്ളത്.
അതിനാൽ വളരെ എളുപ്പത്തിൽ എസ്റ്റേറ്റിലേക്ക് ആനകളെത്തുകയാണ്. നേരത്തേ രാത്രികാലത്താണ് എത്തിയിരുന്നതെങ്കിൽ അടുത്തിടെ പകലും കാട്ടാനകളെത്തി ത്തുടങ്ങിയതായി എസ്റ്റേറ്റ് അധികൃതർ പറയുന്നു. ഏതാനും ആഴ്ചകളായി കാട്ടാനക്കൂട്ടം പ്രദേശത്ത് തമ്പടിച്ചിട്ടുണ്ട്. ഒരുകൂട്ടം കാടുകയറിയാൽ അടുത്തത് എത്തുകയാണ്.
കഴിഞ്ഞദിവസം പകൽസമയം പത്തോളം ആനകൾ ബി ഡിവിഷനിലെ 22-ാം ഏരിയയിലെത്തി വ്യാപകമായി റബ്ബർ മരങ്ങൾ നശിപ്പിച്ചു. പ്രദേശ വാസികൾ ഓടിച്ചപ്പോൾ കാട്ടിലേക്ക് കയറിപ്പോവുകയായിരുന്നു. പിന്നാലെ വനപാലകരെത്തി ഉൾക്കാട്ടിലേക്ക് ഓടിച്ചു. സോളാർ വേലിയില്ലാത്ത മേഖലയാണിത്. എസ്റ്റേറ്റിൽ ചുരുങ്ങിയ സ്ഥലങ്ങളിൽ മാത്രമേ നിലവിൽ സോളാർ വേലി സ്ഥാപിച്ചിട്ടുള്ളൂ. നേരത്തേ രാത്രി കാവലിനിടെ തൊഴിലാളിയെ കാട്ടാനകൾ അക്രമിച്ചപ്പോൾ എല്ലായിടത്തും സോളാർ വേലി സ്ഥാപിക്കുമെന്ന് ഉറപ്പുനൽകിയിരുന്നു. എന്നാൽ ഇനിയും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.
ആശങ്കയോടെ തൊഴിലാളികൾ
അതിരാവിലെ വെളിച്ചം വീഴുന്നതിന് മുൻപ് ടാപ്പിങ്ങിനായി എസ്റ്റേറ്റിൽ ജോലിക്കെത്തുന്നവരാണ് തൊഴിലാളികൾ. ഭീതിയോടെയാണ് ബൈക്കുകളിൽ തൊഴിലാളികൾ ജോലിക്കെത്തുന്നത്. ആനയുടെ മുന്നിൽനിന്ന് തലനാരിഴയിടയ്ക്കാണ് പല തൊഴിലാളികളും രക്ഷപ്പെട്ടിട്ടുള്ളത്. എസ്റ്റേറ്റിനോട് ചേർന്നുളള കുറ്റ്യാടി ജലസേചന പദ്ധതി റിസർവോയറിലേക്ക് വെള്ളം കുടിക്കാനും ആനകളെത്താറുണ്ട്. സി. ഡിവിഷനിലെ പത്താം ബ്ലോക്കിൽ റബ്ബർ മരങ്ങൾ കാട്ടാന വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്.
മൂവായിരത്തോളം റബ്ബർ മരങ്ങൾ നട്ടതിൽ നല്ലൊരുഭാഗം കാട്ടാനനശിപ്പിച്ചെന്ന് തൊഴിലാളികൾ പറഞ്ഞു. 2021 കാലത്ത് കാട്ടാന എസ്റ്റേറ്റിൽ പ്രസവിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. മുതുകാട് നാലാം ബ്ലോക്കിൽ ജനവാസമേഖലയിലും കാട്ടാനകൾ ഇറങ്ങുന്നുണ്ട്. കഴിഞ്ഞ വിഷുക്കാലത്ത് വീട്ടുമുറ്റത്തെത്തിയ കാട്ടാന ഷെഡ് തകർക്കുന്നതിനിടയിൽ ഇരുമ്പുകമ്പി കുത്തിക്കയറി ചെരിഞ്ഞിരുന്നു.
11 കി.മീ. സോളാർ വേലി സ്ഥാപിക്കും
പുതുതായി റബ്ബർത്തൈകൾ നട്ട ആറുകിലോമീറ്റർ ദൂരത്തിൽ സോളാർ വേലി സ്ഥാപിച്ചിട്ടുണ്ട്. വനമേഖലയോട് ചേർന്നുകിടക്കുന്ന എ, ബി, ഡിവിഷനിൽ 11 കിലോമീറ്റർ ദൂരത്തിൽക്കൂടി സോളാർ വേലി സ്ഥാപിക്കാൻ ടെൻഡറായിട്ടുണ്ട്. ഉടൻ പ്രവൃത്തി പൂർത്തീകരിക്കും. രാത്രികാലത്ത് എസ്റ്റേറ്റിൽ ഇറങ്ങുന്ന കാട്ടാനകളെ ഓടിക്കാൻ പത്തുപേരെ കാവലിന് നിയോഗിച്ചിട്ടുണ്ട്.
അരുൺ പ്രകാശ്
എസ്റ്റേറ്റ് മാനേജർ
Published: 10 Sept 2026, 04:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented