ഗൂഡല്ലൂർ : രണ്ടുപേരെ കൊലപ്പെടുത്തിയ നരഭോജിക്കടുവയെ പേടിച്ച് ഓവേലിയിലെ ഗ്രാമീണർ വീടിനുള്ളിൽ അടച്ചിരിക്കാൻ തുടങ്ങിയിട്ട് ഇരുപതുദിവസം. എന്നാൽ, കടുവ ഇരുട്ടിൽത്തന്നെ തുടരുന്നു. കൊല്ലപ്പെട്ട രണ്ടുമനുഷ്യരുടെ ആശ്രിതർ നഷ്ടപരിഹാരത്തിന് കാത്തിരിപ്പിലുമാണ്.

To advertise here,

ഓവേലി ലാറൻസ്റ്റണിലെ തേയിലത്തോട്ടം തൊഴിലാളികളായ നമ്പർ നാലിലെ ബാലകൃഷ്ണനെയും (61) ലാറൻസ്റ്റണിലെ രവിചന്ദ്രനെയും (55) യഥാക്രമം ഓഗസ്റ്റ് ഒൻപതിനും ഇരുപത്തിയൊന്നാം തീയതിയും കടുവ കൊലപ്പെടുത്തിയിരുന്നു. ഇതേത്തുടർന്ന് ഓവേലിയിൽ 40 കൂടുകൾ സ്ഥാപിച്ചും 130 ഇടങ്ങളിലായി ക്യാമറകൾ സ്ഥാപിച്ചും കടുവയെ പിടികൂടാൻ വനംവകുപ്പ് സകല ശ്രമങ്ങളും നടത്തുകയാണ്. മുതുമല കടുവസംരക്ഷണ കേന്ദ്രത്തോടുചേർന്ന ഓവേലിയിലെ മധ്യപൂർവ വനഭാഗങ്ങളിലാണ് കടുവയെ ഇപ്പോൾ വനപാലകർ തിരയുന്നത്.

ഇരുപതുദിവസമായി കടുവയെ തിരയുന്ന വനപാലകർക്ക് സംശയിക്കുന്ന കടുവയുടെ ചിത്രംപോലും ക്യാമറയിൽ കണ്ടെത്താനായിട്ടില്ല. ലാറൻസ്റ്റൺ പ്രദേശത്തെ ജനങ്ങൾ മുഴുവനും വനപാലകർക്ക് പൂർണപിന്തുണയുമായി വീട്ടിലിരിക്കുകയാണ്. അത്യാവശ്യഘട്ടങ്ങളിൽ സഹായിക്കുന്നതിനായി കൂലിത്തൊഴിലാളികളും വനപാലകർക്കൊപ്പമുണ്ട്. ഇരുപതുദിവസമായി ജോലിക്കുപോകാനാവാതെ വീട്ടിൽ കഴിയേണ്ടിവരുന്നവർക്ക്‌ സമാശ്വാസധനം സർക്കാർ നൽകുമെന്ന പ്രതീക്ഷയും നാട്ടുകാർക്കുണ്ട്.

തിരച്ചിൽ തുടരുന്നു

ഓവേലി ഫോറസ്റ്റ് റെയ്‌ഞ്ചിലുടനീളം കൂടുകൾക്ക് സമീപമുള്ള തന്ത്രപ്രധാന സ്ഥലങ്ങളിൽ ജി.എസ്.എം. അധിഷ്ഠിത ക്യാമറാട്രാപ്പുകൾ സ്ഥാപിച്ചിരിക്കുകയാണ് വനംവകുപ്പ്.

ഉദ്യോഗസ്ഥർക്ക് അവരുടെ മൊബൈൽ ഫോണുകൾ ഉപയോഗിച്ച് നരഭോജിക്കടുവയുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ ഇത് സഹായകരമായിട്ടുണ്ട്. കടുവയുടെ സാന്നിധ്യം തിരിച്ചറിയാൻ ക്യാമറകളിൽ അതിന്റെ ചിത്രങ്ങൾ പതിഞ്ഞിട്ടുണ്ടോയെന്ന് വിദൂരസ്ഥലങ്ങളിലിരുന്നു പരിശോധിക്കാൻ ജി.എസ്.എം. ക്യാമറകൾ ഉദ്യോഗസ്ഥരെ സഹായിക്കുന്നു. വനംജീവനക്കാർ ഓരോ സ്ഥലത്തുമെത്തി ദൃശ്യങ്ങൾ പരിശോധിക്കേണ്ടതില്ലെന്നതാണ് നേട്ടം. മുതിർന്ന ഉദ്യോഗസ്ഥർക്ക് മൃഗങ്ങളുടെ നീക്കങ്ങൾ തത്സമയം നിരീക്ഷിക്കാൻ സഹായകരമാവുന്ന ഒരു ആപ്ലിക്കേഷനുമായി ക്യാമറകൾ ബന്ധിപ്പിച്ചിരിക്കുന്നു. ഓരോ ക്യാമറയിലും ഒരു സിംകാർഡ് സ്ഥാപിച്ചിട്ടുണ്ട്.

ഗുഡല്ലൂർ ഫോറസ്റ്റ് ഡിവിഷൻ ജില്ലാ ഫോറസ്റ്റ് ഓഫീസർ (ഡി.എഫ്.ഒ) പി. ദേവരാജ് പറയുന്നതനുസരിച്ച്, അദ്ദേഹത്തിനും അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (എ.സി.എഫ്), റെയ്‌ഞ്ച് ഓഫീസർ എന്നിവർക്കും അവരുടെ മൊബൈൽ ഫോണുകളിലെ ആപ്പ് വഴി തത്സമയം അവ തിരിച്ചറിയാൻ കഴിയും. മൃഗത്തിന്റെ നീക്കങ്ങൾ കണ്ടെത്തിക്കഴിഞ്ഞാൽ, വിവരങ്ങൾ ഉടൻതന്നെ ഫീൽഡ് സ്റ്റാഫുമായി പങ്കിടും. സാഹചര്യം അനുയോജ്യമാണെങ്കിൽ മൃഗത്തെ പിടികൂടാനാവുമെന്നും പി. ദേവരാജ് പറഞ്ഞു. മൊബൈൽ നെറ്റ്‍വർക്ക് കണക്റ്റിവിറ്റി ലഭ്യമായ സ്ഥലങ്ങളിൽ വനംവകുപ്പ് പതിനഞ്ച് ജി.എസ്.എം. അധിഷ്ഠിത ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.

ഒരാഴ്ചമുൻപാണ് ക്യാമറകൾ സ്ഥാപിച്ചത്. എന്നാൽ, രണ്ടു മനുഷ്യരെ കൊലപ്പെടുത്തിയതായി സംശയിക്കപ്പെടുന്ന കടുവയെ ഇതുവരെ ഒരു ജി.എസ്എം. ക്യാമറകളും പകർത്തിയിട്ടില്ല. എന്നാലും മറ്റ് വന്യമൃഗങ്ങളുടെ ചലനം ക്യാമറകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. തമിഴ്നാട്ടിൽ ആദ്യമായാണ് ഇത്തരം സാങ്കേതികവിദ്യ ഉപയോഗിക്കുന്നതെന്ന് ദേവരാജ് പറഞ്ഞു. കടുവകളുടെ നീക്കം നിരീക്ഷിക്കുന്നതിനായി മഹാരാഷ്ട്രയിലെ തഡോബ-അന്ധാരി കടുവ സംരക്ഷണകേന്ദ്രത്തിൽ സമാനമായ ഒരു സംവിധാനം ഉപയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആദ്യമായി ഗുഡലൂർ ഫോറസ്റ്റ് ഡിവിഷനിലെ ഓവേലി ഫോറസ്റ്റ് റെയ്‌ഞ്ചിലാണ് ഈ സംവിധാനം നടപ്പാക്കുന്നത് -ദേവരാജ് പറഞ്ഞു.