യു.ഡി.എഫ്. അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി
കേണിച്ചിറ : എൽ.ഡി.എഫ്. ഭരിക്കുന്ന പൂതാടി ഗ്രാമപ്പഞ്ചായത്തിൽ യു.ഡി.എഫിന്റെ അവിശ്വാസ പ്രമേയം. പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. ബാലകൃഷ്ണനെതിരേയാണ് യു.ഡി.എഫ്. അംഗങ്ങൾ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്.
ചൊവ്വാഴ്ച ഉച്ചയോടെയാണ് യു.ഡി.എഫിലെ പത്തംഗങ്ങൾ ഒപ്പിട്ട അവിശ്വാസ പ്രമേയത്തിനുള്ള നോട്ടീസ് പനമരം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എ.ആർ. ശ്രീജിത്തിന് കൈമാറിയത്.
കേവലഭൂരിപക്ഷമില്ലാത്ത എൽ.ഡി.എഫ്. ഭരണസമിതിക്ക് യു.ഡി.എഫിന്റെ അവിശ്വാസ നീക്കം വലിയ വെല്ലുവിളിയാണ്. പൂതാടി ഗ്രാമപ്പഞ്ചായത്തിലെ 23 അംഗ ഭരണസമിതിയിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും പത്തുവീതവും ബി.ജെ.പി.ക്ക് മൂന്നും അംഗങ്ങളാണുള്ളത്. സി.പി.എമ്മിനുള്ളിലെ രൂക്ഷമായ വിഭാഗിയതയെത്തുടർന്ന് പാർട്ടിവിട്ട രണ്ട് ഗ്രാമപ്പഞ്ചായത്തംഗങ്ങളെ കൂടെനിർത്തി പഞ്ചായത്തിന്റെ ഭരണം തിരിച്ചുപിടിക്കാനാണ് യു.ഡി.എഫിന്റെ നീക്കം. പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടന്നപ്പോൾ യു.ഡി.എഫിലെ ഒരു അംഗത്തിന്റെ വോട്ട് അസാധുവായതോടെയാണ് സി.പി.എമ്മിലെ ഇ.കെ. ബാലകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടത്. നറുക്കെടുപ്പിലൂടെയാണ് എൽ.ഡി.എഫിന് വൈസ് പ്രസിഡന്റ് സ്ഥാനം ലഭിച്ചത്.
സി.പി.എമ്മിനുള്ളിലെ രൂക്ഷമായ വിഭാഗീയതയാണ് പൂതാടി ഗ്രാമപ്പഞ്ചായത്തിലെ എൽ.ഡി.എഫ്. ഭരണം തുലാസിലാക്കിയത്. സി.പി.എമ്മിന്റെ ഗ്രാമപ്പഞ്ചായത്തംഗങ്ങളായ കർഷക സംഘം മുൻ ജില്ലാ പ്രസിഡന്റും മുതിർന്ന സി.പി.എം. നേതാവുമായ എ.വി. ജയൻ, എ.കെ.എസ്. മുൻ ജില്ലാ സെക്രട്ടറി എ.എം. പ്രസാദ് എന്നിവർ പാർട്ടിയുമായി ഇടഞ്ഞതോടെ പഞ്ചായത്തിന്റെ ഭരണം പ്രതിസന്ധിയിലായി. ഗ്രാമപ്പഞ്ചായത്ത് സ്ഥിരം സമിതികളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഈ രണ്ട് സി.പി.എം. അംഗങ്ങൾ സഹകരിക്കാതിരുന്നതോടെ മൂന്ന് സ്ഥിരംസമിതികളുടെ അധ്യക്ഷ സ്ഥാനവും യു.ഡി.എഫിന് ലഭിക്കുകയായിരുന്നു.
കഴിഞ്ഞ ജനുവരിയിൽ എ.വി. ജയനും എ.എം. പ്രസാദും സി.പി.എമ്മുമായുള്ള സകലബന്ധങ്ങളും അവസാനിപ്പിച്ചതോടെ പഞ്ചായത്തിൽ എൽ.ഡി.എഫിന് ഭൂരിപക്ഷം നഷ്ടമായി. ഇതോടെ എൽ.ഡി.എഫ്. ഭരണസമിതിക്ക് പഞ്ചായത്തിലെ ഭരണകാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകുക പ്രയാസമായിരുന്നു. നിലവിലെ സാഹചര്യത്തിൽ എട്ട് അംഗങ്ങളുടെ പിന്തുണ മാത്രമുള്ള എൽ.ഡി.എഫ്. ഭരണസമിതിക്ക് യു.ഡി.എഫിന്റെ അവിശ്വാസപ്രമേയത്തെ അതിജീവിക്കാൻ പ്രയാസമാകും. കൂറുമാറ്റ നിരോധന നിയമക്കുരുക്കിൽപ്പെടാൻ സാധ്യതയുള്ളതിനാൽ എ.വി. ജയനും എ.എം. പ്രസാദും പരസ്യമായി യു.ഡി.എഫിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുമോയെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
പഞ്ചായത്തിൽ വികസന മുരടിപ്പാണെന്നും ജനക്ഷേമ പ്രവർത്തനങ്ങളോട് പഞ്ചായത്ത് പ്രസിഡന്റിന് തീരെ താത്‌പര്യമില്ലെന്നും കുടിവെള്ളം, റോഡ്, വന്യമൃഗശല്യം തുടങ്ങിയ സാധാരണക്കാരുടെ പ്രശ്നങ്ങളോട് എൽ.ഡി.എഫ്. ഭരണസമിതി മുഖംതിരിയ്ക്കുകയാണെന്നും രാഷ്ട്രീയ താത്‌പര്യംമാത്രം മുൻനിർത്തി പ്രവർത്തിക്കുന്ന പ്രസിഡന്റിനോട് ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെട്ട സാഹചര്യത്തിലാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയതെന്നും യു.ഡി.എഫ്. നേതാക്കൾ പറഞ്ഞു. സ്വയം രാജിവെച്ച് ഒഴിഞ്ഞില്ലെങ്കിൽ വൈസ് പ്രസിഡന്റിനെതിരേയും അവിശ്വാസം കൊണ്ടുവരുമെന്നും നേതാക്കൾ പറഞ്ഞു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.ജി. ബാബു, യു.ഡി.എഫ്. ചെയർമാൻ മുഹമ്മദ് ബഷീർ, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ വിൻസന്റ് ചേരവേലിൽ, സിബി സാബു, ബിജു എരട്ടമുണ്ടയ്ക്കൽ, ശോഭനാ ദേവി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മേഴ്‌സി സാബു, അതുൽ തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് അവിശ്വാസപ്രമേയം കൈമാറിയത്.
Published: 09 Sept 2026, 04:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented