നാട്ടുകാർ റോഡ് ഉപരോധിച്ചു
മേപ്പാടി : മേപ്പാടി-ചൂരൽമല റോഡിന്റെ നവീകരണ പ്രവൃത്തി എട്ടുവർഷം കഴിഞ്ഞിട്ടും പൂർത്തിയായില്ല. റോഡിലെ കുണ്ടും കുഴികളും താണ്ടി യാത്രചെയ്ത് മടുത്ത ജനം, ഗത്യന്തരമില്ലാതെ വീണ്ടും സമര രംഗത്തിറങ്ങി. കർമസമിതിയുടെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ നാട്ടുകാർ നെല്ലിമുണ്ടയിൽ റോഡ് ഉപരോധിച്ചു. രാവിലെ ഏഴിനായിരുന്നു ഉപരോധം. റോഡിൽ കുത്തിയിരുന്നും റോഡിൽ കിടന്നുമാണ് നാട്ടുകാർ പ്രതിഷേധിച്ചത്.
മേപ്പാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റംല ഹംസയുടെ സാന്നിധ്യത്തിൽ മേപ്പാടി ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ കിഫ്ബി ഉദ്യോഗസ്ഥർ, കരാറുകാരായ ഊരാളുങ്കൽ സൊസൈറ്റി അധികൃതർ എന്നിവരുമായി നടത്തിയ ചർച്ചയിൽ നവംബർ 31 -നുള്ളിൽ റോഡിന്റെ ടാറിങ് പൂർത്തിയാക്കുമെന്ന് രേഖാമൂലം ഉറപ്പ് കിട്ടിയതോടെ 11.30-ന് സമരം അവസാനിച്ചു.
മാപ്പിളത്തോട്ടം ഭാഗത്തെ സംരക്ഷണ ഭിത്തി നിർമാണം ഡിസംബർ 31-നുള്ളിൽ പൂർത്തിക്കാനും ചർച്ചയിൽ തീരുമാനമായി. പുത്തുമല ഭാഗത്തെ നവീകരണ പ്രവൃത്തി പൂർത്തിയാക്കാൻ കുറച്ച് സമയമെടുക്കുമെന്ന് കരാറുകാർ പറഞ്ഞു.
മേപ്പാടി ടൗണിലെ കെ.ബി. റോഡിലെ കച്ചവട സ്ഥാപനങ്ങൾ പൊളിച്ചു നീക്കുന്നത് സംബന്ധിച്ച് മന്ത്രി ടി. സിദ്ദിഖിന്റെ സാന്നിധ്യത്തിൽ ജനകീയ സമരസമിതി നേതാക്കൾ, ഗ്രാമപ്പഞ്ചായത്തംഗങ്ങൾ എന്നിവർ വ്യാപാരികളുമായി ചർച്ച നടത്തും.
ചർച്ചയിൽ തീരുമാനമായില്ലെങ്കിൽ നിയമ നടപടികളുമായി മുന്നോട്ടുപോകാനും യോഗം തീരുമാനിച്ചു. റോഡ് വികസനത്തിന് തടസ്സമായി നിൽക്കുന്ന വൈദ്യുതത്തൂണുകൾ അടുത്ത ചൊവ്വാഴ്ചയോടെ മാറ്റും.
തിങ്കളാഴ്ച മുതൽ റോഡിന്റെ ഇരു വശങ്ങളിലുമുള്ള കാട് വെടിത്തെളിക്കും. വാഹനാപകടങ്ങൾ കൂടുന്ന പശ്ചാത്തലത്തിൽ താഞ്ഞിലോട് പോളിടെക്നിക്കിന് സമീപം ഡിവൈഡറുകൾ സ്ഥാപിക്കാനും തീരുമാനമായി.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ സമരം ഉദ്ഘാടനം ചെയ്തു.
കെ.കെ. സലാം അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.ഹംസ, ബ്ലോക്ക് പഞ്ചായത്തംഗം സി. ശിഹാബ്, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ കെ.പി. യൂനുസ്, കെ.കെ. സഹദ്, ജിതിൻ സത്യൻ, സുനീറ മുഹമ്മദ് റാഫി, രാഷ്ട്രീയ കക്ഷി നേതാക്കളായ ബി.സുരേഷ് ബാബു, റോഷ്‌ന യൂസഫ്, നജീബ് ചന്തക്കുന്ന് തുടങ്ങിയവർ സംസാരിച്ചു.
ചെലവ് 40 കോടിയോളം
2017 -18 -ലാണ് മലയോര പാതയുടെ ഭാഗമായ മേപ്പാടി - ചൂരൽമല റോഡിന്റെ നവീകരണ പ്രവൃത്തി ആരംഭിച്ചത്. 40 കോടിയോളം രൂപ ചെലവഴിച്ചാണ് 13 കിലോമീറ്റർ ദൈർഘ്യമുള്ള പാത നവീകരിക്കുന്നത്. 12 മീറ്റർ വീതിയിൽ റോഡ് നവീകരിക്കുന്നതിനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ഇതിനാവശ്യമായ സ്ഥലം വിട്ടുതരാൻ പ്രമുഖ തേയിലക്കമ്പനികൾ വിമുഖത കാണിച്ചതോടെ റോഡ് പണി നീണ്ടുപോയി. തുടർന്ന് വീണ്ടും റോഡിന്റെ വീതി ഏഴു മീറ്ററായി കുറച്ചു. രണ്ടു വർഷം മുൻപ് കമ്പനികൾ ഭൂമി വിട്ടു തരാൻ തയ്യാറായതോടെ വീണ്ടും വീതി 12 മീറ്ററാക്കി കൂട്ടുകയും എസ്റ്റിമേറ്റ് റിവൈസ് ചെയ്യുകയും ചെയ്തു.
നവീകരണ പ്രവൃത്തി ആദ്യം ഏറ്റെടുത്ത കരാറുകാരനെ സർക്കാർ കരിമ്പട്ടികയിൽപ്പെടുത്തിയിരുന്നു.
ഊരാളുങ്കൽ സൊസൈറ്റി കരാർ ഏറ്റെടുത്തതോടെയാണ് റോഡു പണിക്ക് വേഗം കൂടിയത്. എന്നിട്ടും വിവിധ കാരണങ്ങളാൽ നവീകരണം നീണ്ടുപോകുകയായിരുന്നു. മാപ്പിളത്തോട്ടം മുതൽ ഒന്നാം മൈൽ വളവ് വരെയും പുത്തുമല കാശ്മീർ മുതൽ നീലിക്കാപ്പ് വരെയുമാണ് റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നത്. മാപ്പിളത്തോട്ടം വളവിൽ മണ്ണിടിച്ചും പാർശ്വഭിത്തി കെട്ടിയും നവീകരണം നടക്കുന്നുണ്ട്.
പ്രധാന ആശ്രയമായ റോഡ്
പ്രമുഖ വിനോദസഞ്ചാരകേന്ദ്രങ്ങളായ സൂചിപ്പാറ വെള്ളച്ചാട്ടം, തൊള്ളായിരംകണ്ടി ഗ്ലാസ് ബ്രിഡ്ജ്, അട്ടമല ഗ്ലാസ് ബ്രിഡ്ജ് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വിനോദസഞ്ചാരികളടക്കം ദിവസേന നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി സഞ്ചരിക്കുന്നത്. ചൂരൽമല , നീലിക്കാപ്പ്, ഏലവയൽ, പുത്തുമല , കാശ്‌മീർ, കള്ളാടി, മീനാക്ഷി, താഞ്ഞിലോട്, ചുളിക്ക , നെല്ലിമുണ്ട, ഒന്നാം മൈൽ തുടങ്ങിയ പ്രദേശങ്ങളിലെ ആയിരക്കണക്കിന് കുടുംബങ്ങൾ മേപ്പാടിയിൽ എത്തിപ്പെടാൻ ആശ്രയിക്കുന്ന ഏക മാർഗമാണിത്. സംസ്ഥാന സർക്കാരിന്റെ അഭിമാനപദ്ധതിയായ തുരങ്കപാതയിലേക്കുള്ള ഏക മാർഗവും ഈ റോഡാണ്. ചൂരൽമല, നീലിക്കാപ്പ് തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് രോഗികളെയുംകൊണ്ട് മേപ്പാടിയിലോ, കല്പറ്റയിലോ ഉള്ള ആശുപത്രികളിൽ എത്തണമെങ്കിൽ പോലും പ്രയാസമാണ്.
റോഡ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതായത് കാരണം നാട്ടുകാർ രൂക്ഷമായ യാത്രാക്ലേശം അനുഭവിക്കാൻ തുടങ്ങിയിട്ട് ഒന്നരപ്പതിറ്റാണ്ടെങ്കിലും കഴിഞ്ഞു കാണും. ഈ സാഹചര്യത്തിലാണ് റോഡിന്റെ നവീകരണ പ്രവൃത്തി വേഗം പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ വീണ്ടും സമരരംഗത്തിറങ്ങിയത്.
Published: 25 Oct 2026, 03:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented