അത് പിഴയല്ല ഗബ്രിയൽ; മെസ്സിയും ക്രിസ്ത്യാനോയും കരഞ്ഞിട്ടുണ്ട് ഇങ്ങനെ
ഗബ്രിയൽ. അയാൾ മാലാഖയായിരുന്നു. അവസാനശ്വാസംവരെ. ശപിക്കപ്പെട്ട ആ അവസാന കിക്ക് വരെ. ഗോൾപോസ്റ്റിന് മുകളിലൂടെ ലക്ഷ്യംമറന്ന് പറന്നുപാഴായിപ്പോയ ആ ഒരൊറ്റ കിക്കിൽ, ചിതറിത്തെറിച്ചുപോയത് നൂറ്റിനാൽപത് വർഷമായി ഗണ്ണേഴ്‌സ് കാത്തുവെച്ചൊരു കനകസ്വപ്‌നമാണ്. വീണുടഞ്ഞുപോയത് യുവേഫ ചാമ്പ്യൻസ് ലീഗിലെ അവരുടെ കന്നിക്കിരീടമാണ്. രണ്ട് പതിറ്റാണ്ടിനുശേഷം ഒരിക്കൽക്കൂടി കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമായ നേട്ടം. 26 കൊല്ലം മുൻപുള്ള യുവേഫ കപ്പ് ഫൈനലിന്റെ തനിയാവർത്തനം. അന്ന് പാട്രിക് വിയേറയും ഡെവൻ സുക്കറുമെങ്കിൽ ഇക്കുറി ബ്രസീലുകാരൻ ഗബ്രിയേൽ മഗല്യാഷ്.
ഒരൊറ്റ നിമിഷം കൊണ്ട്.... ഒരൊറ്റ കിക്ക് കൊണ്ട്.... ഗബ്രിയൽ വെറുക്കപ്പെട്ടവനായി. കലാശപ്പോര് വരെ പ്രതിരോധക്കോട്ട ഉരുക്കുകൊണ്ട് കൊട്ടിയടച്ച അയാൾ, എല്ലാ പ്രതിരോധവും ദുർബലമായി ബോക്‌സിൽ തളർന്നുനിന്നു. ഗതിമറന്ന് പറന്നുപോയ ആ കിക്ക് നോക്കിനിൽക്കാൻ ത്രാണിയില്ലാതെ, ബുഡാപെസ്റ്റ് ഫ്രാങ്ക് പുഷ്‌കാസ് സ്‌റ്റേഡിയത്തിലെ പിഎസ്ജിയുടെ ആഘോഷത്തിമിർപ്പിൽ, മുഖംമറച്ച്, നിലവിട്ട് അയാൾ വിങ്ങിപ്പൊട്ടി.
ആർസനലിന്റെ വിധിനിർണയിച്ച ആ ഷൂട്ടൗട്ടിൽ കാലുകൾ പിഴച്ചത് അയാൾക്ക് മാത്രമായിരുന്നില്ല. കൂട്ടുകാരൻ എബറച്ചി എസേയ്ക്കും പിഴച്ചിരുന്നു. നുനോ മെൻഡസിന്റെ വഴി ഡേവിഡ് റായ മുടക്കിയിരുന്നു. എന്നിട്ടും വിമർശനത്തിന്റെ പടക്കോപ്പ് മുഴുവൻ ഒടുവിൽ അയാൾക്ക് നേരെയായി. അതാണ് ഫുട്‌ബോളിന്റെ ദുർവിധി. പെനാൽറ്റി ഷൂട്ടൗട്ടുകളുടെ ദുർഗതി. പതിനെട്ട് കൊല്ലം മുൻപ് ഇതേ ചാമ്പ്യൻസ് ലീഗിന്റെ കലാശപ്പോരിൽ പാഴായ അവസാന കിക്കിന്റെ ദുർവിധി ഏറ്റുവാങ്ങി ഇതുപോലെ തല കുമ്പിട്ടുനിന്നിട്ടുണ്ട് ഫ്രഞ്ചുകാരൻ നിക്കോളസ് അനെൽക്കയും. കോരിച്ചൊരിയുന്നൊരു മഴയത്ത,് മോസ്‌ക്കോ ലുഷ്‌നിക്കി സ്‌റ്റേഡിയത്തിൽ. സ്വയംമൊരു വഞ്ചകനെപ്പോലെ തോന്നി തനിക്കെന്ന്, കാലങ്ങൾക്കപ്പുറവും വേദന മാറാതെ കുമ്പസരിച്ചിട്ടുണ്ട് ഫ്രാൻസിന്റെ ഈ ഗോൾ മെഷിൻ. ചെൽസിയുടെ മനസ്സിൽ ഇന്നും മുള്ളുപോലെ കോറിക്കിടപ്പുണ്ട് ഈ പിഴ. ഇതേ ഷൂട്ടൗട്ടിൽ ക്യാപ്റ്റൻ ജോൺ ടെറിയുടെ കിക്ക് പോസ്റ്റിലിടിച്ചു മടങ്ങിയത് അവർ മറന്നു. ക്രിസ്റ്റിയാനോയുടെ ഷോട്ട് ഗോളി പീറ്റർ ചെക്ക് തടഞ്ഞത് ആഘോഷലഹരിയിൽ യുണൈറ്റഡുകാരും വിസ്മരിച്ചു. പഴികളത്രയും അവസാന കിക്കുകാരൻ അനെൽക്കയിലേയ്ക്ക് നീണ്ടു.
32 കൊല്ലം മുൻപ് കാലിഫോർണിയ റോസ്ബൗൾ സ്‌റ്റേഡിയത്തിലെ ലോകകപ്പിന്റെ കലാശപ്പോരിൽ, അപമാനിതനായി, ഒരു ജനതയുടെയാകെ ശാപമേറ്റുവാങ്ങി, തലകുമ്പിട്ടുനിൽക്കുന്ന റോബർട്ടോ ബാജിയോയുടെ ചിത്രം, ഫുട്‌ബോൾ ആരാധകരുടെ സ്മൃതിപഥത്തിൽ, ഇന്നും തീരാനോവാണ്. നിന്ന നിൽപിൽ മരിച്ചയാൾ എന്നായിരുന്നു, ലോകം മറക്കാത്ത ആ ചിത്രത്തിന്റെ വിശേഷണം. സ്വയം ജീവനെടുക്കാൻ തോന്നിയ നേരമെന്നാണ് ആ ശപിക്കപ്പെട്ട നിമിഷത്തെക്കുറിച്ച് ബാജിയോ പറഞ്ഞത്.
രണ്ട് പതിറ്റാണ്ട് മുൻപ്, മറ്റൊരു ലോകകപ്പിൽ, ഇതുപോലെ കാലുപിഴച്ച് സ്വയം ശപിച്ച് കളംവിട്ടയാളാണ് ഫ്രഞ്ചുകാരൻ ഡേവിഡ് ട്രസഗെയ്. ആ ഒരൊറ്റ പിഴയുടെ പേരിൽ, എന്നെന്നേക്കുമായി ഫ്രഞ്ച് ടീമിൽ നിന്ന് പടിയിറങ്ങേണ്ടിവന്നു, ആ പഴയ ഗോൾയന്ത്രത്തിന്. കോപ്പയുടെ കലാശപ്പോരിൽ ഇടങ്കാൽ ബുള്ളറ്റ് പോസ്റ്റിന് മുകളിലൂടെ പറന്ന് ലയണൽ മെസ്സി കളിക്കളം തന്നെ വിടാൻ ഒരുങ്ങിയത് പത്ത് കൊല്ലം മുൻപാണ്. ഫുട്‌ബോൾ ചിലപ്പോൾ ക്രൂരമാണ്. അതേൽപിക്കുന്ന മുറിവുകൾ മാറാ നോവാണ്.
ഈ വേദന തൊട്ടറിയാത്തവരില്ല, ഫുട്‌ബോൾ ലോകത്ത്. അവർക്കേ അറിയൂ ആ മുറിവിന്റെ ആഴം. നിമിഷങ്ങൾക്കപ്പുറം കപ്പുയർത്തേണ്ട പിഎസ്ജി നായകൻ മാർക്യുന്യോസ് ആവേശക്കടൽ ഉള്ളിലൊതുക്കി സെക്കൻഡുകൾ മുൻപ് എതിരാളിയായിരുന്ന ഗബ്രിയേലിനെ ചെന്നു പുണർന്നതിന്റെ പൊരുൾ മറ്റൊന്നല്ല. രണ്ട് പതിറ്റാണ്ട് മുൻപ് ബെർലിനിൽ കിക്ക് പാഴാക്കി ഉള്ളുതകർന്നിരിക്കുന്ന ഡേവിഡ് ട്രസഗെയെ ഹോട്ടൽ മുറിയിൽ ചെന്നു കണ്ട് സമാശ്വസിപ്പിച്ച്, ഡീഗോ മാറഡോണ പറഞ്ഞ വാക്കുകൾ ഇന്നും പ്രസക്തമാണ്. ഒളിച്ചിരിക്കേണ്ടവരല്ല, പെനാൽറ്റി മിസ് വ്യക്തിത്വമുള്ളവർക്ക് പറഞ്ഞതാണ്.
കിക്ക് പാഴാക്കിയ ഗബ്രിയേലും കപ്പെടുത്ത മാർക്യുനോസും ഇനി വെറും ദിവസങ്ങൾക്കപ്പുറം ഒരേ മഞ്ഞക്കുപ്പായത്തിൽ ഇറങ്ങേണ്ടവരാണ്. ലോകകപ്പിൽ. പിഴകൾ തീർക്കാനുള്ളതാണ്. കാലം തിരിച്ചുവരാനുള്ളതാണ്. വേദനയെന്ന് ആദ്യം പറഞ്ഞ ആഴ്‌നൽ കോച്ച് ആർട്ടേറ്റ പിന്നീട് മാറ്റിപ്പറഞ്ഞു.... അഭിമാനം.
വില്ലനിൽ നിന്ന് മാലാഖയിലേയ്ക്കുള്ള ദൂരവും അത്ര വലുതല്ല. അതാണ് ഫുട്‌ബോളിന്റെ സൗന്ദര്യം. കാത്തിരിക്കുകയാണ് ഫുട്‌ബോൾ ലോകം.
Published: 31 May 2026, 05:01 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented